പാക് പ്രളയ ദുരിതാശ്വാസം: മൂന്ന് മണിക്കൂറിനിടെ  ഇംറാന്‍ സമാഹരിച്ചത്  500 കോടി രൂപ 

കറാച്ചി-പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന പാക്കിസ്ഥാനിലെ ദുരിതബാധിതര്‍ക്ക് മുന്‍ പ്രധാനമന്ത്രിയും പി.ടി.ഐ പാര്‍ട്ടി നേതാവുമായ ഇംറാന്‍ ഖാന്‍ ഇന്റര്‍നാഷണല്‍ ടെലിത്തണിലൂടെ 500 കോടി പാക്കിസ്ഥാനി രൂപ സമാഹരിച്ചെന്ന് പാക് മാധ്യമങ്ങള്‍.
സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയാണ് ടെലിത്തണ്‍. തിങ്കളാഴ്ച രാത്രി സംപ്രേക്ഷണം ചെയ്ത പരിപാടിയിലൂടെ സ്വദേശത്തും വിദേശത്തും നിന്ന് 500 കോടി പാകിസ്ഥാനി രൂപ സഹായം ഇംറാന്‍ ഖാന് ഉറപ്പാക്കാനായെന്ന് സെനറ്റ് അംഗം ഫൈസല്‍ ജാവേദ് ഖാന്‍ പറഞ്ഞു. പരിപാടിയുടെ മോഡറേറ്റര്‍ ജാവേദ് ആയിരുന്നു. ഇത് പ്രളയ ബാധിതര്‍ക്ക് നല്‍കും. പഞ്ചാബ് മുഖ്യമന്ത്രി പര്‍വേസ് ഇലാഹി, ഖൈബര്‍ പഖ്തുന്‍ഖ്വ മുഖ്യമന്ത്രി മഹ്മൂദ് ഖാന്‍, സെലിബ്രിറ്റികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരും ഇംറാനൊപ്പം ടെലിത്തണില്‍ പങ്കെടുത്തു. ലൈവായാണ് പരിപാടി ഒന്നിലധികം ചാനലുകളില്‍ സംപ്രേഷണം ചെയ്തത്. ഇംറാന്‍ ഖാന്റെ ലൈവ് പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് പാക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും ഇത് ഒരാഴ്ചത്തേക്ക് അസാധുവാക്കിയെന്ന് കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
 

Latest News