വേലക്കാരിക്ക് ക്രൂരമര്‍ദനം; സസ്‌പെന്‍ഷനു പിന്നാലെ ബി.ജെ.പി വനിതാ നേതാവ് അറസ്റ്റില്‍

റാഞ്ചി- വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗ യുവതിയെ വര്‍ഷങ്ങളോളം  ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവ് സീമ പാത്ര അറസ്റ്റില്‍. ജാര്‍ഖണ്ഡ് ബിജെപി സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്.  മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗവും 'ബേട്ടി ബച്ചാവോ, ബേഠി പഠാവോ' കാമ്പയിന്റെ സംസ്ഥാന കണ്‍വീനറുമാണ് സീമ.

വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗക്കാരിയായ സുനിത എന്ന യുവതിയെ നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും മര്‍ദിച്ച് മൂത്രം കുടിപ്പിച്ചെന്നുമാണ്  പരാതി. ക്രൂരമര്‍ദനത്തിനിരയായി അവശനിലയിലായിരുന്ന സുനിസ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി പീഡിപ്പിക്കുകയാണെന്നും ചൂടുള്ള വസ്തുക്കളുപയോഗിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചുവെന്നും സുനിത ആരോപിച്ചു. സുനിതയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തി.

അക്രമത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പൊതുജനങ്ങള്‍ രോഷാകുലരാണ്. അറസ്റ്റിന് മുറവിളികൂട്ടി പ്രതിഷേധം പടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ബി.ജെ.പി സീമ പത്രയെ സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരിയാണെങ്കില്‍ സീമ പത്രയെ അറസ്റ്റ് ചെയ്യണമെന്ന് ജാര്‍ഖണ്ഡ് പൊലീസ് മേധാവിയോട് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ റാഞ്ചിയിലെ അര്‍ഗോഡ പൊലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

 

Latest News