Sorry, you need to enable JavaScript to visit this website.

ഒന്നരയാളുകള്‍ അരയാളെ അധ്യക്ഷനാക്കുന്ന ബി.ജെ.പിയല്ല, വിമര്‍ശനം തള്ളി കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂദല്‍ഹി- ഒന്നരയാളുകള്‍ അരയാളെ പ്രസിഡന്റിനെ നിയമിക്കുന്ന ബി.ജെ.പിയെ പോലുള്ള പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും പാര്‍ട്ടി വക്താവ് ഗൗരവ് വല്ലഭ്. ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഒക്ടോബര്‍ 17 ന് വോട്ടെടുപ്പ് നടക്കുമെന്നും 19 വോട്ടെണ്ണുമെന്നും പാര്‍ട്ടി പ്രവര്‍ത്തക സമിതി വ്യക്തമാക്കിയ കാര്യം അദ്ദേഹം എടുത്തു പറഞ്ഞു.
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നീതിപൂര്‍വമായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അധികാരി മുധുസൂദന്‍ മിസ്ത്രി പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പരിഹാസ്യമാണെന്ന രാജിവെച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ ആരോപണത്തോടാണ് പ്രതികരണം.
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരു മത്സരിക്കണമെന്നതില്‍ കോണ്‍ഗ്രസിലോ ജി23 ഗ്രൂപ്പിലോ ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ സ്ഥാനാര്‍ഥിയാക്കാനാണ് സോണിയ-രാഹുല്‍ ക്യാമ്പിന്റെ ആലോചന. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ഇഷ്ടക്കുറവുണ്ടെങ്കിലും എ.ഐ.സി.സി അധ്യക്ഷനാകാന്‍ സോണിയയോ രാഹുലോ പറഞ്ഞാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നാണ്  ഗെഹ്‌ലോട്ടിന്റെ നിലപാട്. കോണ്‍ഗ്രസില്‍ കൂട്ടായ സജീവ നേതൃത്വവും സുതാര്യതയും ആവശ്യപ്പെട്ട ജി23 വിഭാഗത്തിലെ ശേഷിച്ച നേതാക്കളും ഗുലാം നബി, കപില്‍ സിബല്‍ തുടങ്ങിയവരുടെ രാജിക്കു ശേഷം യോഗം ചേര്‍ന്നിട്ടില്ല. തരൂര്‍ മത്സരിക്കാന്‍ വിസമ്മതിച്ചാല്‍ മനീഷ് തിവാരിയെ മല്‍സരിപ്പിക്കണമെന്നതാണ് പൊതുവായ ചിന്ത.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലേക്കു കൂടി തെരഞ്ഞെടുപ്പു നടത്തേണ്ടതായിരുന്നുവെന്ന തരൂരിന്റെ പരസ്യമായ ആവശ്യം രാഹുല്‍ ബ്രിഗേഡിലെ പ്രധാനികള്‍ക്ക് ഇഷ്ടമായിട്ടില്ല. സുപ്രധാന സ്ഥാനങ്ങളില്‍ നിന്നു പാര്‍ട്ടിയെ നയിക്കാന്‍ എ.ഐ.സി.സി, പി.സി.സി പ്രതിനിധികളില്‍ നിന്നുള്ളവരെ അനുവദിക്കേണ്ടതുണ്ട്. നേതൃത്വത്തിലേക്കു വരുന്ന നേതാക്കളെ നിയമാനുസൃതമാക്കാനും അവര്‍ക്ക് പാര്‍ട്ടിയെ നയിക്കാനുള്ള വിശ്വസനീയമായ അധികാരം നല്‍കാനും തെരഞ്ഞെടുപ്പു സഹായിക്കുമായിരുന്നുവെന്ന് തരൂര്‍ ഓര്‍മപ്പെടുത്തി. ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തലപ്പത്തേക്ക് 2019 ല്‍ തെരേസ മേയ്ക്ക് പകരം ഒരു ഡസന്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചതിലൂടെയാണ് ബോറിസ് ജോണ്‍സണ്‍ ഒന്നാമതെത്തിയതെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.
    എന്നാല്‍ എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ശശി തരൂര്‍ മല്‍സരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് അറിയില്ലെന്നും ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ മല്‍സര തീയതികളെല്ലാം പ്രഖ്യാപിച്ചിട്ടുണ്ടെന്നും എ.ഐ.സി.സി വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു. ആര്‍ക്കും മല്‍സരിക്കാമെന്നും തുറന്ന തെരഞ്ഞെടുപ്പാണെന്നും എ.ഐ.സി.സി  ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേരത്തെ പറഞ്ഞിരുന്നു.

 

 

 

Latest News