വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ തർക്കങ്ങൾ വിലക്കി

റിയാദ് - മാധ്യമ, സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യമായ ആശയ, രാഷ്ട്രീയ, വിശ്വാസപരമായ തർക്കങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേദിയാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം കർശന നിർദേശം നൽകി. ഇത്തരം ആശയങ്ങളും വിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതിന് വിദ്യാർഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ചൂഷണം ചെയ്യുന്നത് മന്ത്രാലയം വിലക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ആശയപരമായ നിലപാടുകൾ പ്രഖ്യാപിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദുരുപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധയിൽ പെട്ടിരുന്നതായി മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പറഞ്ഞു. ഈ നിലപാടുകൾ വിദ്യാഭ്യാസ സ്ഥാപനത്തെ പ്രതിനിധീകരിക്കുന്നില്ലെങ്കിലും സർക്കാർ ജോലി ആവശ്യപ്പെടുന്ന നിയമ, വ്യവസ്ഥകളും നിർദേശങ്ങളും മുഴുവൻ ജീവനക്കാരും മാനിക്കണം. 
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിൽ തർക്കങ്ങളിൽ ജീവനക്കാർ ഇടപെടരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ശക്തമായി നേരിടും. ഔദ്യോഗിക ജോലി നിർണയിക്കുന്ന അതിരുകളും ഉത്തരവാദിത്തങ്ങളും ലംഘിക്കുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും. ഓരോ കേസുകളും പ്രത്യേകം പഠിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടോ മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചോ ആണ് നിയമ ലംഘകർക്കെതിരെ നടപടികളെടുക്കുകയെന്ന് യൂനിവേഴ്‌സിറ്റികൾക്കും പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പുകൾക്കും സാങ്കേതിക വിദ്യാഭ്യാസ, തൊഴിൽ പരിശീലന കോർപറേഷനും അയച്ച സർക്കുലറിൽ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 

Latest News