ദൈവത്തെ ഓര്‍ത്ത് സഹായിക്കൂ; പാക്കിസ്ഥാനില്‍നിന്ന് ഉയരുന്ന മുറവിളി, പ്രളയം 1100 പേരുടെ ജീവനെടുത്തു

ഇസ്‌ലാമാബാദ്- പ്രളയത്തില്‍ മുങ്ങിയ പാക്കിസ്ഥാനില്‍ ദുരിതത്തിലായ ജനകോടികളെ സഹായിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. രാജ്യത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയിലായ പ്രളയ ദുരന്തത്തില്‍  1100 ലേറെ പേരാണ് മരിച്ചത്.  
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയാണിതെന്ന് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് വെള്ളപ്പൊക്കത്തെ വിശേഷിപ്പിച്ചു. രാജ്യത്തുടനീളം  തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ നന്നാക്കാന്‍  ആയിരം കോടി ഡോളറെങ്കിലും വേണ്ടിവരും.
ജൂണില്‍ ആരംഭിച്ച മഴയാണ് രാജ്യത്തുടനീളം ശക്തമായ വെള്ളപ്പൊക്കത്തിനു കാരണമായത്.  സുപ്രധാന വിളകളെല്ലാം ഒലിച്ചുപോയി. പത്ത് ലക്ഷത്തിലധികം  വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു.
33 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സഹായ വിതരണം ത്വരിതപ്പെടുത്താന്‍ അധികൃതരും റിലീഫ് ഏജന്‍സികളും പാടുപെടുകയാണ്. റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ എവിടെയും എത്താന്‍ പറ്റുന്നില്ല. ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ സഹായിക്കൂ എന്നാണ് പാക്കിസ്ഥാനിലെങ്ങും ഉയരുന്ന മുറവിളി.
രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍, വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളില്‍നിന്ന്  ധാരാളം പേര്‍ ഉയര്‍ന്ന ഹൈവേകളിലും റെയില്‍വേ ട്രാക്കുകളിലും തടിച്ചുകൂടിയിരിക്കുകയാണ്.
പാക്കിസ്ഥാനില്‍ പൊതുവെ വാര്‍ഷിക മണ്‍സൂണ്‍ ശക്തമാകാറുണ്ടെങ്കിലും എന്നാല്‍ ഇത്രയും കനത്ത മഴ മൂന്നു പതിറ്റാണ്ടായി കണ്ടിട്ടില്ല.
ലോകമെമ്പാടും തീവ്ര കാലാവസ്ഥക്ക് കാരണമാകുന്ന കാലാവസ്ഥ വ്യതിയാനത്തെ തന്നെയാണ് പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥരും കുറ്റപ്പെടുത്തുന്നത്.

 

Latest News