തിരുവനന്തപുരം - തിരുവനന്തപുരം ജില്ലയിലെ കടൽത്തീരങ്ങളും തീരദേശ വാസികളുടെ ഉപജീവനവും ഇല്ലാതാക്കുന്ന വിഴിഞ്ഞം അദാനി തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖകവാടത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് വെൽഫെയർ പാർട്ടി പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ട് കഴിഞ്ഞു. ഏഴിന ആവശ്യങ്ങളാണ് അവരുന്നയിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ആവശ്യം വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെച്ച് തീര ശോഷണത്തെപ്പറ്റി ശാസ്ത്രീയ പഠനം നടത്തുക എന്നതാണ്.
തിരുവനന്തപുരം ജില്ലയിലെ തീര പ്രദേശത്തുകൂടി സഞ്ചരിക്കുമ്പോൾ നഗ്‌ന നേത്രങ്ങൾകൊണ്ട് തന്നെ തീര ശോഷണം എന്നത് വ്യക്തമാകും. ശംഖുമുഖം ബീച്ച് എന്ന നഗരത്തിലെ പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രം കടലെടുത്തു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടുത്തേക്ക് കടൽ അതിവേഗം വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം കഴിഞ്ഞ നാലഞ്ച് കൊല്ലം കൊണ്ട് സംഭവിച്ച കാര്യങ്ങളാണ്.
അദാനി വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിച്ചതോടെയാണ് തീരം ഇത്തരത്തിൽ കടലെടുക്കുന്നത്. പതിനായിരക്കണക്കിന് പേരുടെ ഉപജീവനത്തെയും ജീവിതങ്ങളെയുമാണ് തീര ശോഷണം ബാധിക്കുന്നത്. നിരവധി പേരുടെ പട്ടയമുള്ള കരം അടയ്ക്കുന്ന വസ്തുക്കളും പാർപ്പിടങ്ങളും കടലെടുത്തു. കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നു.
650 ഏക്കറോളം തീരഭൂമി തിരുവനന്തപുരം ജില്ലയിൽ കടലെടുത്തു എന്ന് കേരള സർവ്വകലാശാല ജിയോളജി വിഭാഗം നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നുണ്ട്. തീരശോഷണം വിഴിഞ്ഞം തുറമുഖം മൂലമല്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ശാസ്ത്രീയമായ പഠന റിപ്പോർട്ടുകളൊന്നും നടത്തിയിട്ടില്ല. തീര സമൂഹം ആവശ്യപ്പെടുന്നത് ഇതാണ്. തീരശോഷണം ആഗോള പ്രതിഭാസമാണെങ്കിലും കേരളത്തിലെ മറ്റൊരു ജില്ലയിലും ഇല്ലാത്ത വേഗത്തിൽ തീര ശോഷണം തിരുവനന്തപുരത്ത് നടക്കുന്നത് എന്ത് കാരണത്താലാണെന്ന് പഠിക്കുകയെങ്കിലും വേണമല്ലേ. മത്സ്യതൊഴിലാളികളുടെ ആവാസ സംവിധാനങ്ങളും ജീവനോപാധികളും സംരക്ഷിക്കുകയും നിലവിലെ നഷ്ടങ്ങൾ കണക്കാക്കി പുനരധിവാസം നടത്തുകയും വേണം.
കേരളത്തിന്റെ സൈന്യമാണേ അദാനിയാണോ വേണ്ടത് എന്ന വലിയ ചോദ്യമാണ് ഈ സമരം കേരളത്തിലുന്നയിക്കുന്നത്. സമരത്തെ അധിക്ഷേപിക്കാതെ ഏഴ് ആവശ്യങ്ങളും അംഗീകരിച്ച് സമരം അവസാനിപ്പിക്കാനുള്ള നടപടിയാണ് കേരള സർക്കാർ ചെയ്യേണ്ടത് -ഹമീദ് വാണിയമ്പലം പ്രസ്താവനയിൽ പറഞ്ഞു.






