Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷങ്ങളെ ഇങ്ങിനെ ചവിട്ടിമെതിക്കാമെന്ന് വിചാരിക്കരുത്; സുപ്രീം കോടതിയിൽ ദുഷ്യന്ത് ദവേ

ഗണേശോത്സവം ഈദ് ഗാഹ് മൈതാനിയിൽ നടത്തരുത്

ന്യൂദൽഹി- ബംഗളൂരുവിലെ ഈദ്ഗാഹ് മൈതാനിയിൽ ഗണേശ ചതുർത്ഥി ഉത്സവം നടത്താൻ സുപ്രീം കോടതി അനുമതിയില്ല. വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഗണേശോത്സവം നടത്താൻ അനുവാദം നൽകാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇവിടെ പന്തൽ നിർമ്മിക്കാൻ കർണാടക സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന് എതിരെയാണ് വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. ഈദ്ഗാഹ് മൈതാനിയിൽ ഗണേശോത്സവത്തിന്  സർക്കാരിന് അനുമതി നൽകാമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, 200 വർഷമായി ഈ സ്ഥലത്ത് മതപരമായ ആഘോഷങ്ങൾ നടക്കുന്നില്ലെന്ന് വാദിച്ച് വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. തുടർന്നാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഗണേശോത്സവത്തിന് മൈതാനം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. 
മത ന്യൂനപക്ഷങ്ങൾക്ക് അവരുടെ അവകാശങ്ങൾ ഇതുപോലെ ചവിട്ടിമെതിക്കാമെന്ന് ധാരണ നൽകരുതെന്ന് വഖഫ് ബോർഡിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ വാദിച്ചു. മറ്റൊരു സമുദായത്തിന്റെയും മതപരമായ ഒരു പരിപാടിയും ഈ വസ്തുവിൽ നടന്നിട്ടില്ല. നിയമപ്രകാരം ഇത് വഖഫ് സ്വത്താണ്. 2022-ലാണ് ഇത് തർക്കഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി ഗണേശോത്സവം നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ചിലർ എത്തുന്നതെന്നും ദുഷ്യന്ത് ദവേ പറഞ്ഞു. 
എന്നാൽ സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഇവിടെ ഉത്സവം നടത്താൻ രണ്ടു ദിവസത്തേക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. സ്ഥിരം നിർമ്മാണങ്ങളൊന്നും ഇവിടെ നടത്തില്ലെന്നും ഉറപ്പു നൽകി. എന്നാൽ ബാബറി മസ്ജിദ് കേസിൽ അന്നത്തെ യു.പി മുഖ്യമന്ത്രിയും ഉറപ്പ് നൽകിയിരുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ എന്ന് 1992 ലെ മസ്ജിദ് തകർത്തതിനെ പരാമർശിച്ച് ദുഷ്യന്ത് ദവേ തിരിച്ചടിച്ചു.  അവിടെ ഇപ്പോൾ രാമക്ഷേത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
ഇതിന് മുമ്പ് മൈതാനത്ത് ഗണേശോത്സവം പോലുള്ള ചടങ്ങുകൾ നടത്തിയിട്ടുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാൽ ഇപ്പോഴത്തെ ആവശ്യത്തെ പഴയ കാലത്ത് നടന്നിട്ടുണ്ടോ എന്ന കാര്യം അടിസ്ഥാനമാക്കാനാകില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ മുകുൾ റോത്തഗി പറഞ്ഞു. കഴിഞ്ഞ 200 വർഷമായി ഈ ഭൂമി ഇങ്ങനെയാണ് ഉപയോഗിച്ചിരുന്നതെന്നും കുട്ടികൾക്കുള്ള കളിസ്ഥലമാണെന്നും റോത്തഗി വാദിച്ചു. എല്ലാ റവന്യൂ എൻട്രികളും സംസ്ഥാനത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. 
ദൽഹിയിൽ എല്ലായിടത്തും ദസറ ആഘോഷിക്കുന്നു. ഈ ഹിന്ദു ഉത്സവം ചെയ്യരുത് എന്ന് ആളുകൾ പറയുമോ? നമ്മൾ അൽപ്പം വിശാലത കാണിക്കണം. ഗുജറാത്തിൽ ഉത്സവങ്ങൾക്കായി തെരുവുകളും വഴികളും തടയുന്നു. ഗണേശ ചതുർത്ഥിക്ക് രണ്ട് ദിവസത്തേക്ക് അനുവദിച്ചാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. 
എന്നാൽ, ഈ രാജ്യത്ത് ഏതെങ്കിലും ക്ഷേത്രം ന്യൂനപക്ഷ സമുദായത്തിന് പ്രാർത്ഥനയ്ക്കായി അനുവദിക്കുമോ എന്ന് ദുഷ്യന്ത് ദവേ ചോദിച്ചു. 1995-ലെ വഖഫ് നിയമം മറ്റെല്ലാ നിയമങ്ങളെയും മറികടക്കുന്നു. സർക്കാർ ഏജൻസികൾ കൈവശപ്പെടുത്തിയിരിക്കുന്ന വഖഫ് സ്വത്തുക്കൾ വഖഫ് ബോർഡിന് കൈമാറണമെന്നാണ് ഈ നിയമത്തിലുള്ളത്. ഈ വസ്തു സംസ്ഥാന സർക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്നും വാദിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ഒൻപതിന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിനെ പരാമർശങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ബോർഡിന് വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. പരാതിയിൽ ബാബറി മസ്ജിദിനെക്കുറിച്ചുള്ള ചില പരാമർശങ്ങൾ ഉണ്ടായത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. നിങ്ങളുടെ തമ്പുരാക്കന്മാർ ഇത് നിർത്തണം. ഇവിടെ എന്താണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
 

Latest News