രാഹുൽ ഗാന്ധിയുമായുളള പിണക്കത്തിന്റെ പേരിൽ ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടപ്പോൾ പിതാവ് രാജീവ് ഗാന്ധിയുടെ കാലത്തെ ചില ചെറിയ സംഭവങ്ങൾ ഓർമയിലെത്തുന്നു. പലപ്പോഴും വലിയ പരിഗണനയൊന്നും രാഹുൽ ഗാന്ധി കേരളത്തിൽ കെ. കരുണാകരന് നൽകിയിരുന്നില്ല.
കേരള സന്ദർശന ഘട്ടത്തിൽ തിരുവനന്തപുരത്തെ പത്രക്കാർ അത് നേരിട്ടു കണ്ടിരുന്നു. ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെ കരുണാകരന് കോൺഗ്രസിൽ സ്വാധീനം കുറഞ്ഞതിന്റെ ഭാഗമായാണ് അന്ന് ഈ അനുഭവങ്ങൾ വിലയിരുത്തപ്പെട്ടത്. രണ്ട് സംഭവങ്ങളാണ് ഓർമയിലുള്ളത്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി പുനരധിവാസവുമായി ബന്ധപ്പെട്ടായിരുന്നു ഒരനുഭവം. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെടുത്തി കരുണാകരനെ രാഹുൽ ഗാന്ധി പരസ്യമായി ശാസിച്ചത് പത്ര സമൂഹം ഞെട്ടലോടെയായിരുന്നു അന്ന് കണ്ടത്.
മറ്റൊരു സന്ദർഭത്തിൽ തമിഴ്നാട്ടിലേക്ക് പോകാനിരുന്ന രാജീവ് ഗാന്ധി തിരുവനന്തപുരം എയർ പോർട്ടിലെത്താൻ എയർക്രാഫ്റ്റ് റെഡിയായി നിൽക്കുന്നു. കെ. കരുണാകരൻ പരിവാര സമേതനായി ഗജവീരന്റെ തലയെടുപ്പോടെ എത്തുകയാണ് ; വിമാനത്തിൽകയറാനുള്ള ശ്രമം സെക്യൂരിറ്റി തടയുന്നു. രാജീവ് ഗാന്ധി കയറിയ ശേഷമേ കയറാൻ പറ്റൂ എന്നായിരുന്നു സെക്യൂരിറ്റിയുടെ നിലപാട്. പത്രസംഘം കണ്ടു നിൽക്കേ ഉണ്ടായ ഈ നടപടി കേരളത്തിനാകെ മാനക്കേടായി എന്ന് അന്നനുഭവപ്പെട്ടിരുന്നു. സി.പി.എം മുഖപത്രം ആ സംഭവം വലിയ വാർത്തയാക്കി.
ഇത് കേരളത്തിന് അപമാനമുണ്ടാക്കിയ കാര്യമായി കാണണമെന്ന് പിന്നീട് കെ.എം റോയി കോളമെഴുതി എന്നാണ് ഓർമ. എന്തായാലും ഇപ്പറഞ്ഞ കരുണാകരനുമായി സി .പി.എം ബന്ധമുണ്ടാക്കി എന്നതൊക്കെ സമകാലീന ചരിത്രം. വലിയ പദവിയിലിരുന്ന ആളുകൾ കുറച്ചു കഴിയുമ്പോൾ ഇങ്ങനെയൊക്കെയാണ് .
സ്വന്തം പദവി ഇല്ലാതാകുന്നു, പുതിയ നേതാക്കൾ അവഗണിക്കുന്നു എന്ന് തോന്നിത്തുടങ്ങുമ്പോൾ അവർ സ്വഭാവം മാറ്റിത്തുടങ്ങും. ഗുലാം നബി ആസാദിനും അത് തന്നെയാണ് സംഭവിച്ചത്. ഇത്തരം ആളുകൾക്ക് ഇങ്ങനെയേ പെരുമാറാൻ സാധിക്കുകയുള്ളൂ. ഒരു കാര്യം ഓർത്താൽ മതി, എ.കെ. ആന്റണിയുടെ ഒഴിവിൽ ഈ കലഹക്കാർക്കെങ്കിലുമാണ് രാജ്യസഭ കൊടുത്തതെന്ന് വെക്കുക. ആ ആൾ മാറില്ലായിരുന്നു.
ആന്റണി ഒഴിവായപ്പോൾ രാജ്യസഭ കിട്ടുമെന്ന് ഗുലാം നബി ആസാദ് കരുതിയിരുന്നുവെന്നാണ് ഇപ്പോൾ വാർത്ത വരുന്നത്. കശ്മീരിൽ സ്വന്തമായി പാർട്ടി ഉണ്ടാക്കാൻ കഴിയുന്നയാളാണ് ഗുലാം നബി ആസാദ്. അത് വഴി ചില കളികളൊക്കെയാകാം. രണ്ടാഴ്ചക്കകം പാർട്ടി വരുമെന്ന് ഗുലാം നബിയു#െട അടുത്ത അനുയായി ജി.എം. സമൂരി വ്യക്തമാക്കിയിട്ടുണ്ട്.
പി.സി.സി മുൻ അധ്യക്ഷനാണദ്ദേഹം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടി പിൻവലിക്കണമെന്നതാവും പ്രധാന ആവശ്യം എന്നാണ് മനസ്സിലാക്കുന്നത്. ബി.ജെപിയുമായി സഹകരിച്ച് ബാക്കി കാര്യങ്ങൾ നടത്താനാകും. ബി.ജെ.പിക്കൊപ്പം പോകില്ലെന്നാണ് സമൂരി ഉറപ്പിച്ചു പറയുന്നത്. ആ ഉറപ്പൊന്നും അത്ര ഉറപ്പുള്ളതല്ല. നമ്മുടെ കെ.വി തോമസിന്റെ കാര്യമെടുക്കുക- അത്തരം ഒരു സാധ്യത അദ്ദേഹത്തിന്റെ നാലയലത്തില്ല, അതുകൊണ്ട് സി.പി.എമ്മിനൊപ്പം നിന്ന് രാഷ്ട്രീയം കളിക്കുകയല്ലാതെ അദ്ദേഹത്തിന് മറ്റു വഴിയില്ലായിരുന്നു. അദ്ദേഹം പ്രചാരണത്തിനിറങ്ങിയ തൃക്കാക്കര ജനങ്ങൾ കണ്ണു നിറയെ കണ്ടു.
ജനപക്ഷം പ്രത്യക്ഷപ്പെട്ടാൽ നാല് വോട്ട് കുറയുകയല്ലാതെ മറ്റൊന്നും സംഭവിക്കാത്തവരാണിവരൊക്കെ. കെ.വി. തോമസിന്റെ സാന്നിധ്യം വോട്ട് വർധിപ്പിക്കില്ലെന്ന് മനസ്സിലാകാത്തവരായി സി.പി.എം മാത്രമേ കാണൂ. കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ നരേന്ദ്ര മോഡിയുമായി തനിക്ക് ഒരഭിപ്രായ വ്യത്യാസവുമില്ലെന്ന് കെ.വി. തോമസ് പറയുന്നത് കേട്ടിരുന്നു.
മോഡിയെ അടിമുടി താൽപര്യപൂർവം ഇഷ്ടപ്പെടുന്ന ഒരാൾക്കെങ്ങനെ ഇന്ത്യയിൽ മോഡിയെ എതിർക്കുന്നത് മുഖ്യ രാഷ്ട്രീമായി കരുതുന്ന ഒരു നേതാവിനൊപ്പം നിൽക്കാനാകും. കോൺഗ്രസിൽ നിന്ന് പോയ പല പ്രമുഖരുടെയും കാര്യം പരിശോധിച്ചാൽ കാര്യങ്ങൾ കൂടുതൽ ബോധ്യമാകും. എത്രയോ കാലം പാർട്ടിയിൽ വ്യക്തി താൽപര്യത്തിനായി കലഹിച്ചു നിന്ന ശേഷമായിരിക്കും ഈ പറഞ്ഞ വ്യക്തികൾ മാറിയത്. കോൺഗ്രസ് ഇനി എന്തായാലും രക്ഷപ്പെടില്ലെന്ന് വരുത്തേണ്ടത് ഇവരുടെ ആവശ്യമാണ്.
ഒരു കാലത്തും രക്ഷപ്പെടരുത് എന്ന ചിന്തയും ആഗ്രഹവുമായിരിക്കും അവർക്ക്. 2024 തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി ഭാരത യാത്ര നടത്താനിരിക്കേയാണ് ഗുലാം നബിയുടെ നടപടി എന്നതിൽ നിന്ന് തന്നെ കോൺഗ്രസിനെ രക്ഷിക്കുകയല്ല എന്നെന്നേക്കുമായി ഇല്ലാതാക്കിക്കളയാം എന്നതാണ് ഇവരുടെയൊക്കെ ലക്ഷ്യമെന്ന് മനസ്സിലാക്കാനാകും.
ജി23 എന്നൊക്കെയുള്ള പേരുകളിൽ അറിയപ്പടുന്ന നേതാക്കൾ ഓരോ ഘട്ടങ്ങളിലായി ഇനി പ്രതി സന്ധിയുണ്ടാക്കാനുള്ള സാധ്യതയാണ് മുന്നിൽ കാണേണ്ടത്. ഇന്ത്യയിലെ ജനങ്ങൾ കോൺഗ്രസ് നേതാവായി കാണുന്നത് രാഹുൽ ഗാന്ധിയെ തന്നെയാണ്. ശത്രുക്കൾക്കെല്ലാം ഇതറിയാം. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള വഴിദൂരം കുറക്കാൻ ഒരു വഴിയേയുള്ളൂ- രാഹുൽ ഗാന്ധിയെ ഒന്നുമല്ലാതാക്കുക. ഇന്ത്യൻ ജനത അത് സമ്മതിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പോകാനുള്ളവരെല്ലാം നേരത്തെ കാലത്തെ ഒന്നു പോയിക്കിട്ടണമെന്നാകാം കോൺഗ്രസിനെ ചരടില്ലാതെ സ്നേഹിക്കുന്നവർ ആഗ്രഹിക്കുന്നുണ്ടാവുക.
'കോൺഗ്രസ് നേതൃത്വം വലിയ ബഹുമാനത്തോടെ കണ്ടിരുന്ന ഒരു വ്യക്തി തന്റെ നികൃഷ്ടമായ, വ്യക്തിപരമായ ആക്രമണങ്ങളാൽ പാർട്ടിയെ ഒറ്റിക്കൊടുത്തു. അത് അദ്ദേഹത്തിന്റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. ജി.എൻ.എ (ഗുലാം നബി ആസാദ്) യുടെ ഡി.എൻ.എ മോഡിഫൈ ചെയ്യപ്പെട്ടു- ഗുലാം നബി പോയപ്പോൾ കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞ വാക്കുകളാണത്. ഗുലാം നബിയെ പോലുള്ളവരെ യഥാർഥ കോൺഗ്രസുകാർ എങ്ങനെ കാണുന്നുവെന്ന് ഈ വാക്കുകളിൽ നിന്ന് വ്യക്തം.






