Sorry, you need to enable JavaScript to visit this website.

പുന്നമടയിലെ ആരവം

മാമലകൾക്കപ്പുറത്ത് പെയ്യുന്ന മഴ പോലും പേറുന്നത് സമുദ്ര നിരപ്പിൽ താഴെയുള്ള കുട്ടനാടൻ പ്രദേശമാണ്. വെള്ളപ്പൊക്കത്തിന്റെ ദുരിതമെന്നൊക്കെ മാധ്യമങ്ങൾ കൊട്ടിഘോഷിക്കാറുണ്ടെങ്കിലും കുട്ടനാട്ടുകാർക്ക് ജീവിതത്തിന്റെ ഭാഗമാണ് വെള്ളപ്പൊക്കം. അതുപോലെ ജീവനാണ് വള്ളംകളിയും. വെള്ളവും വള്ളവുമില്ലാത്ത ദിനങ്ങൾ കുട്ടനാട്ടുകാരന് ഓർക്കാൻ കൂടിയാവില്ല. അത്ര കണ്ട് ഇഴചേർന്നാണ് ഇവിടുത്തുകാരുടെ ജീവിതം പാകപ്പെട്ടിരിക്കുന്നത്. അതിൽനിന്ന് കരുപ്പിടിപ്പിക്കുന്നതാണ് അവർക്കുള്ളതെല്ലാം. 
പോയ രണ്ടു വർഷം മഹാമാരി തീർത്ത ദുരിതക്കയത്തിൽപെട്ട് ജീവനായ വള്ളംകളി നിലച്ചപ്പോൾ കുട്ടനാടിന് ആകെ സങ്കടമായിരുന്നു. ഒപ്പം ലോകമെങ്ങുമുള്ള വള്ളംകളി പ്രേമികൾക്കും. ഇടവേള സൃഷ്ടിച്ച മഹാമാരിയെ തോൽപിച്ച് ഏറ്റവുമധികം കായികതാരങ്ങൾ ഒന്നിച്ചണിനിരക്കുന്ന ഒളിംപിക്‌സ് ഇതാ എത്തിക്കഴിഞ്ഞു. 
സാധാരണയിൽനിന്ന് വ്യത്യസ്തമായി ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച എന്നതു മാറി ഇത്തവണ സെപ്തംബർ നാലിനാണ് പുന്നമടയിലെ പൂരമായ നെഹ്‌റു ട്രോഫി അരങ്ങേറുന്നത്. ഇതിനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് വള്ളംകളി പ്രേമികൾ മലവെള്ളം കുത്തിയൊഴുകുന്നതുപോലെ കുട്ടനാട്ടിലേക്ക് എത്തിത്തുടങ്ങി. കൈയിൽ തുഴയുമേന്തി പായുന്ന ആരോഗ്യ ദൃഢഗാത്രരായ ഗ്രാമീണരുടെ കായികാഭ്യാസത്തിന്റൈ മനോഹാരിത ആവോളം നുകരാൻ... ആവേശത്തുഴച്ചിലിന്റെ ഭാഗമാകാൻ... തുഴച്ചിൽക്കാരെ ആവേശക്കൊടുമുടി കയറ്റാൻ... പുന്നമടയിലെ കുഞ്ഞോളങ്ങളുടെ കുളിരേറ്റുവാങ്ങാൻ... അങ്ങനെ ഇവിടെയെത്തുന്നവർക്ക് പുന്നമടയിലെ ഓളം വെട്ടിമാറുന്നതു പോലെ ആഗ്രഹങ്ങൾ അനവധിയാണ്.
 പതിവിന് വിപരീതമായി കുട്ടനാട് ഇത്തവണ കൂടുതൽ ലഹരിയിലാണ്. പ്രളയവും മഹാമാരിയുമെല്ലാം തീർത്ത ദുരിതത്തിൽ നിന്ന് കരകയറി ആർപ്പുവിളികളുടെ ആരവത്തിലേക്ക് കടന്നതിന്റെ ലഹരിയിലാണ് സമുദ്ര നിരപ്പിനേക്കാൾ താഴെയുള്ള ഈ പ്രദേശം. കുട്ടനാടിന്റെ ഭംഗിയും വള്ളംകളിയുടെ ആവേശവും നുകരാനെത്തുന്ന സഞ്ചാരികളെ ആവേശത്തിലും ഉദ്വേഗത്തിലുമേറ്റാൻ കുട്ടനാട്ടിലെ ജലരാജാക്കന്മാർ നേരത്തെ തന്നെ തയാറെടുപ്പു തുടങ്ങി. പുന്നമടയിലും വിവിധ ഭാഗങ്ങളിലെ നെട്ടായങ്ങളിലൊക്കെ തുഴച്ചിൽ പരിശീലനത്തിലാണ് കുട്ടനാട്ടിലെ കരുമാടിക്കുട്ടന്മാർ. 

ആർപ്പോാാാാാാ ാ ാ ാ ാ.... ഇർറോാാ ാ ാ ാ ഇർറോാാ ാ ാ ാ ാ

ഇപ്പോൾ കുട്ടനാട്ടിൽ എവിടെപ്പോയാലും ആർപ്പുവിളിയും വഞ്ചിപ്പാട്ടും ഉയർന്നുകേൾക്കാം. ജനസഞ്ചയങ്ങളുടെ മനസ്സിലെങ്ങും മുഴങ്ങുന്നത്, ചുണ്ടുകളിൽ തത്തിക്കളിക്കുന്നത് നതോന്നതയുടെ ഈരടികളാണ്. ആലപ്പുഴക്കാർക്കും കുട്ടനാട്ടുകാർക്കും ഓണത്തേക്കാളേറെ പ്രാധാന്യമാണ് വള്ളംകളി. ചമ്പക്കുളം മൂലം വള്ളംകളിയോടെ കുട്ടനാട്ടിലെ ചുണക്കുട്ടന്മാർ ചുണ്ടൻ വള്ളങ്ങളിലായിരിക്കും. ഓണവും കഴിഞ്ഞ് ഒരു മാസത്തോളം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വള്ളംകളികളിൽ മാറ്റുരച്ച ശേഷമാകും വിശ്രമം. ഒന്നര പതിറ്റാണ്ടു മുമ്പു വരെ ആലപ്പുഴക്കാർക്കു പുറമെ കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവരും മാത്രമേ വള്ളംകളിയിൽ ശ്രദ്ധിച്ചിരുന്നുള്ളൂ. ഇപ്പോഴത്തെ സ്ഥിതിയതല്ല. മറ്റു ജില്ലക്കാർക്കു പുറമെ അന്യസംസ്ഥാനക്കാരും വള്ളംകളിയുടെ ആവേശം എടുത്തണിയുന്നു.
ജലോത്സവങ്ങളുടെ ഉത്ഭവങ്ങളെപ്പറ്റി ചരിത്ര രേഖകളില്ല. ചെറുതും വലുതുമായ മുപ്പതോളം ജലോത്സവങ്ങളാണ് കേരളത്തിലുള്ളത്. ധനസമൃദ്ധിയും ജലസമൃദ്ധിയും സമഞ്ജസമായി ഒത്തുചേരുന്ന ഓണക്കാലത്താണ് കൂടുതൽ ജലോത്സവങ്ങളും. അതിൽ രാജസ്ഥാനം അലങ്കരിക്കുന്നത് നെഹ്‌റു ട്രോഫി ജലോത്സവമാണ്. മധ്യതിരുവിതാംകൂറിന്റെ സംസ്‌കൃതിയുമായി വേർപെടുത്താനാവാത്തവിധം ഇഴചേർന്നിരിക്കുന്നവയാണ് ഓരോ ജലോത്സവങ്ങളും. കൈക്കരുത്തിന്റെയും കൂട്ടായ്മയുടെയും സമന്വയം കൂടിയാണത്. ഓളങ്ങളിൽ ഒഴുകിയും ആരവങ്ങളിൽ അമർന്നും പുരുഷാരവം പിന്നെ ആവേശത്തിന്റെ കൊടുമുടിയിലേയ്ക്ക്. ചുണ്ടനും ഓടിയും വെപ്പും ഇരുട്ടുകുത്തിയും ദൃശ്യവിസ്മയങ്ങൾ തീർക്കും. കരങ്ങളുടെ കരുത്ത് അറിയിക്കുന്ന ജലരാജാക്കന്മാർ കണക്ക് തീർക്കാൻ കൂടിയാണ് ഓളപ്പരപ്പിൽ എത്തുക. 
 

ചുണ്ടൻ വള്ളങ്ങളുടെ ചരിത്രം

അമ്പലപ്പുഴ ആസ്ഥാനമായിരുന്ന ചെമ്പകശ്ശേരി രാജാക്കന്മാരും കായംകുളം രാജാക്കന്മാരും പണ്ടുകാലത്ത് ആജന്മശത്രുക്കളായിരുന്നു. ഈ നാട്ടുരാജ്യങ്ങൾ തമ്മിലുള്ള യുദ്ധം സർവസാധാരണമായിരുന്നു. കായംകുളം രാജാവിനെ യുദ്ധത്തിൽ തോൽപിക്കാൻ ജലമാർഗമുള്ള പടയോട്ടമാണ് വേണ്ടതെന്ന് ചെമ്പകശ്ശേരി രാജാവ് ദേവനാരായണൻ തിരിച്ചറിഞ്ഞു. ഇതിനായി അതിവേഗം പായുന്ന വള്ളങ്ങൾ വേണമെന്ന് അദ്ദേഹം ഉത്തരവിട്ടു. കൊടുപ്പുന്ന വെങ്കിടിയിൽ നാരായണൻ ആചാരി കൊതുമ്പിൽ തീർത്ത വള്ളത്തിന്റെ മാതൃക രാജാവിന് ബോധിച്ചു. പിന്നീട് ഇതേ മാതൃകയിൽ പടക്കപ്പൽ അദ്ദേഹം നിർമിച്ചു. ഇത് അറിഞ്ഞ കായംകുളം നാട്ടുരാജ്യം നാരായണൻ ആചാരിയെ സ്വാധീനിച്ച് അതേ പോലൊന്ന് നിർമിച്ചു. ഇതറിഞ്ഞ ചെമ്പകശ്ശേരി പട അമ്പരന്നു. ആശാരി വഴിയാണ് രാജ്യരഹസ്യം ചോർന്നതെന്ന് മനസ്സിലാക്കിയ ചെമ്പകശ്ശേരി രാജാവ് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. എന്നാൽ രാജാവിന്റെ കാൽക്കൽ വീണ അദ്ദേഹം ചെമ്പകശ്ശേരിയുടെ വിജയം ഉറപ്പാക്കുന്ന തരത്തിലാണ് കായംകുളത്തിന്റെ പടക്കപ്പൽ പണിതതെന്ന് ബോധിപ്പിച്ചു. ഒടുവിൽ യുദ്ധം തുടങ്ങി. ചെമ്പകശ്ശേരിയുടെ പടക്കപ്പലിൽ നിന്നും പീരങ്കി ഒരു തവണ പൊട്ടുമ്പോൾ വള്ളം ഒരടി മൂന്നോട്ട് നീങ്ങും. എന്നാൽ കായംകുളത്തിന്റെ പടക്കപ്പലിൽ നിന്ന് പീരങ്കി പൊട്ടുമ്പോൾ വള്ളം ഒരടി പിന്നോട്ടും. ആശാരിയുടെ തന്ത്രം ഫലിച്ചു. യുദ്ധത്തിൽ ചെമ്പകശ്ശേരി ജയിച്ചു. ഈ സംഭവത്തിൽ സന്തുഷ്ടനായ രാജാവ് ആശാരിയെ തടവിൽ നിന്ന്് മോചിപ്പിക്കുകയും ഭൂമി ഉൾപ്പെടെയുള്ള ഒട്ടേറെ പാരിതോഷികങ്ങൾ നൽകുകയും ചെയ്തു. ഈ ജലവാഹനം പിന്നീട് കൊടപ്പുന്നക്കാർക്കായി അദ്ദേഹം നൽകി. ഈ പടക്കപ്പലാണ് പിന്നീട്  ചുണ്ടൻ വള്ളങ്ങളായി മാറിയതെന്നാണ് ഐതിഹ്യം.

ചുണ്ടൻ വള്ളങ്ങൾ

പത്തി വിരിച്ച് നിൽക്കുന്ന സർപ്പത്തിന്റെ മാതൃകയിൽ അമരം ഉയർത്തിപ്പണിയുന്ന വള്ളങ്ങളെ പാമ്പോടം എന്നാണ് ആദ്യകാലത്ത് വിളിച്ചിരുന്നത്. യുദ്ധ വാഹനങ്ങളായി ഉപയോഗിച്ച ഇവ പിന്നീട് യാത്രക്കും വരവേൽപിനും എഴുന്നള്ളത്തിനും ഉപയോഗിച്ചു. അൻപത്തിയൊന്നിലധികം കോൽ നീളമാണ് ചുണ്ടൻ വള്ളങ്ങൾക്കുള്ളത്. നൂറിലേറെ തുഴച്ചിൽക്കാർക്ക് ഇതിൽ കയറാനാകും. ചുണ്ടൻവള്ളത്തിന് 16 ഭാഗങ്ങളാണ് ഉള്ളത്. കൂമ്പ്, പറ, പൊതിവില്ല്, മണിക്കാലുകൾ, ചുരുട്ടിക്കുത്ത്, വെടിത്തടി, വില്ല്, ഇളംപാലം, പടികൾ, കുമിളകൾ, ആട, നെറ്റി, നെറ്റിപ്പൊട്ട്, അമരം, താണതട്ട്്്, മുൻതട്ട്. കൂടുതൽ പഴക്കം നിൽക്കേണ്ടതിനാൽ ആഞ്ഞിലിത്തടിയാണ് ഇതിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്നത്. 
600 മുതൽ 750 വരെ ഘനഅടി തടി, മൂന്ന് ക്വിന്റൽ ഇരുമ്പ്, 300 കിലോ പിത്തള എന്നിവയാണ് നിർമാണത്തിനായി വേണ്ടത്. ഇരുമ്പുപണി ഉൾപ്പെടെ 1300 ഓളം തച്ചാകും. 25 മുതൽ 40 ലക്ഷം രൂപയോളം ചെലവ് വരും. ഓരോ വള്ളത്തിനും നാല് അമരക്കാരുണ്ടാകും. ഒന്നാമത്തെ അമരക്കാരനാണ് ഏറ്റവും പിന്നിൽ. നിലയാളുകളായി 16 പേരും. പാട്ടു പാടുകയും താളം പകരുകയുമാണ് ഇവരുടെ പ്രധാന ജോലി. ഈ പാട്ടിന്റെ താളത്തിന് അനുസരിച്ചാണ് തുഴ വെള്ളത്തിൽ വീഴുന്നത്. വള്ളത്തിന്റെ മധ്യഭാഗത്തുള്ള വെടിത്തടിയിലാണ് പാട്ടുകാരുടെ സ്ഥാനം. യുദ്ധത്തിനായി പോകുമ്പോൾ പടക്കോപ്പുകൾ സൂക്ഷിച്ചിരുന്നത് ഇവിടെയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ചുണ്ടൻ വള്ളങ്ങൾ നിർമിച്ചത് കോയിൽമുക്ക് നാരായണനാചാരിയാണ്.
എക്കാലവും വീറും വാശിയും നിറഞ്ഞു നിന്നിട്ടുള്ള ചുണ്ടനുകളുടെ പോരാട്ടത്തിൽ കിരീടം ചൂടാനുള്ള തയാറെടുപ്പിലാണ് ബോട്ട് ക്ലബുകളും കരക്കാരും. ഓളപ്പരപ്പിൽ ചാട്ടുളി പോലെ ചീറിപ്പായുന്ന ചുണ്ടൻ വള്ളങ്ങളുടെ സൗന്ദര്യം വർണനാതീതമാണ്. ദൈവികതയുടെ സ്പർശം ചേർത്ത് മെനഞ്ഞെടുക്കുന്നവയാണ് ഓളപ്പരപ്പുകളുടെ കുളിർസ്പർശമാകുന്ന ജലകേസരികൾ. ഒരുമിച്ചുയർന്ന് ഒരുമിച്ച് ജലോപരിതലത്തിൽ പതിക്കുന്ന തുഴകൾ. ആ താളവും വേഗവും നെഞ്ചേറ്റി പുളകിതമായി മുന്നോട്ടു പായുന്ന ചുണ്ടൻ. അമരത്ത് വലിയ പങ്കായവുമായി നാലാൾ. ഏറ്റു തുഴയാൻ നൂറിലേറെ പേർ. എല്ലാവരുടെയും മനസ്സിൽ ഒരേ ലക്ഷ്യം. 1100 മീറ്റർ അകലെയുള്ള ഫിനിഷിംഗ് പോയന്റ്. താളശബ്ദങ്ങൾക്കൊപ്പം കരക്കാരുടെ ആർപ്പുവിളികളും ആരവവും മുഴങ്ങവേ ചുണ്ടൻ കുതിച്ചു മുേന്നറുന്നു. കുട്ടനാട്ടുകാരന്റെ മനസ്സസിൽ ആഹ്ലാദത്തിന്റെ അനർഘ നിമിഷങ്ങൾ. ലക്ഷ്യത്തിലെത്തുമ്പോൾ ഇരുകൈകൾ കൊണ്ട് തുഴകൾ കൂട്ടത്തോടെ മുകളിലേക്കുയർത്തി ആഹ്ലാദത്തിന്റെ ആരവമുയർത്തു തുഴക്കാർ. ദൃശ്യപ്പൊലിമയുടെ ഈ മനോഹാരിത പുന്നമടക്കായലില്ലാതെ മറ്റെവിടെയാണ് കാണാനാവുക. എന്തു രസമാണ് ആ കുത്തിത്തുഴച്ചിലും ഫിനിഷിംഗും. ഈ രസം കായലും കടലുമെല്ലാം കടന്നു പോകുമ്പോൾ ഹരം കൊള്ളുന്ന സഞ്ചാരികൾ ആലപ്പുഴയിലേക്ക് ഓടിയണയുന്നു. 

 

നെഹ്‌റുവിന്റെ കൈയൊപ്പുള്ള വെള്ളിക്കപ്പ്

1952 ഡിസംബർ 22 ന് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ ആദ്യസന്ദർശനമാണ് ഈ ജലവിസ്മയത്തിന് വഴിയൊരുക്കിയത്. ജലോത്സവം കാണാനായി നെഹ്‌റു കോട്ടയത്ത് നിന്നും ബോട്ടിൽ ആലപ്പുഴയ്ക്ക് തിരിച്ചു. കൂടെ മകൾ ഇന്ദിരയും അവരുടെ മക്കളായ രാജീവും സഞ്ജയും. പുന്നമടയിലെ വെള്ളിയോളങ്ങളെ കീറിമുറിച്ച് ബോട്ട് മൺറോതുരുത്തിലടുത്തു. മൂവർണക്കൊടികൾ കൊണ്ടലങ്കരിച്ച കളിവള്ളങ്ങൾ കണ്ട് നെഹ്‌റുവും മകളും ചെറുമക്കളും അത്ഭുതം കൂറി. പ്രധാനമന്ത്രിയുടെ വരവ് കാണാൻ കുട്ടനാടൻ കായലുകൾക്കിരുവശവും ജനസഞ്ചയവുമെത്തി. കേരളം അതുവരെ ദർശിച്ചിട്ടില്ലാത്ത ഒരു വരവേൽപായിരുന്നു. ജലസേചന വകുപ്പിന്റെ ഡക്‌സ് എന്ന മോട്ടോർ ബോട്ടിൽ നെഹ്‌റു എത്തി. മൺറോ തുരുത്തിലെ വേദിയിൽ അദ്ദേഹവും കുടുംബവും ഇരുന്നു. തുടർന്ന് വള്ളംകളി. ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് കളിയിൽ പങ്കെടുത്തത്. പത്ത് മിനിറ്റ് മാത്രമേ അന്ന് വള്ളംകളി ഉണ്ടായിരുന്നുള്ളൂ. നടുഭാഗം, പാർഥസാരഥി, നെൽസൺ, നെപ്പോളിയൻ, കാവാലം, ഗോപാലകൃഷ്ണൻ, ഗിയർഗോസ്, ചമ്പക്കുളം, നേതാജി എന്നീവള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നര കിലോമീറ്റർ ദൂരത്തിൽ നടന്ന മൽസരത്തിൽ ഒന്നാമത് തുഴഞ്ഞെത്തിയത് നടുഭാഗം ചുണ്ടനാണ്. മനസ്സിനെ മദിപ്പിച്ച വള്ളങ്ങളുടെ പോരാട്ടം കണ്ട് നെഹ്‌റു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി. 
രാഷ്ട്ര ശിൽപിക്ക് അത് കേവലം കാഴ്ചക്കളി മാത്രമായിരുന്നില്ല. ഒരു നാടിന്റെ കാർഷികത്തനിമക്ക് ഇങ്ങനെയൊരു കായിക വിനോദം മാറ്റ് പകരുന്നുണ്ടല്ലോ എന്ന സന്തോഷം പണ്ഡിറ്റ്ജിയെ വിസ്മയിപ്പിച്ചു. എല്ലാ വർഷവും വള്ളംകളി ജനപങ്കാളിത്തത്തോടെ നടത്തണമെന്ന് അന്ന് നെഹ്‌റു നിർദേശിച്ചു. ആവേശത്താൽ നടുഭാഗം ചുണ്ടനിൽ ചാടിക്കയറിയാണ് ക്യാപ്റ്റൻ പയ്യനാട് ചാക്കോ മാപ്പിളക്ക് നെഹ്‌റു ട്രോഫി സമ്മാനിച്ചത്. ദൽഹിയിലേക്ക് മടങ്ങിയ നെഹ്‌റു വെള്ളിയിൽ നിർമിച്ച ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ സ്വന്തം കൈയൊപ്പ് പതിച്ച് ആലപ്പുഴയിലെത്തിച്ചു. പുന്നമടക്കായലിലേക്ക് വള്ളംകളി പ്രേമികളെ ഓരോ വർഷവും ആനയിക്കുന്നത് ഈ വെള്ളിക്കപ്പാണ്. നെഹ്‌റുവിന്റെ കാലമത്രയും പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫിയായി അറിയപ്പെട്ടിരുന്ന വള്ളംകളി അദ്ദേഹത്തിന്റെ കാലശേഷം നെഹ്‌റു ട്രോഫിയായി. പ്രൈംമിനിസ്റ്റേഴസ് ട്രോഫി ആദ്യമായി നേടിയത് കാവാലം ചുണ്ടനാണ്. വട്ടക്കായലിൽ നടന്ന മൽസര വള്ളംകളി നടത്തിപ്പിന്റെ സൗകര്യം കണക്കിലെടുത്താണ് പുന്നമടക്കായലിലേക്ക് മാറ്റിയത്. ഒരു രാഷ്ട്രത്തലവന്റെ സ്മാരകം വെള്ളിവെളിച്ചം വിതറുന്ന ശോഭയോടെ കുട്ടനാട് ഊട്ടിവളർത്തിയ നെഹ്‌റു ട്രോഫി അല്ലാതെ വേറൊന്നില്ല. 

ഓടിയും വെപ്പും ചുരുളനും

നെഹ്‌റു ട്രോഫിയിൽ പങ്കെടുക്കുന്ന മറ്റൊരു വിഭാഗമാണ് ഓടിവള്ളം. രാജാക്കന്മാരുടെ പള്ളിയോടങ്ങൾക്ക് അകമ്പടി സേവിച്ചിരുന്നത് ഇത്തരം വള്ളങ്ങളായിരുന്നുവെന്നാണ് ഐതിഹ്യം. പിന്നീട് ഇത് കായൽകൊള്ളക്കാരും കവർച്ചക്കാരും ഉപയോഗിക്കാൻ തുടങ്ങി. അമരവും അണിയവും ഒരുപോലെയാണ് എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. 87 അടി വരെ നീളമുള്ള ഈ വള്ളങ്ങളിൽ അൻപതിലേറെ പേർക്ക് തുഴയാൻ കഴിയും. 
ചുണ്ടൻ വള്ളങ്ങൾ പടയോട്ടത്തിനായി ഉപയോഗിച്ചപ്പോൾ പാചകശാലകളായി ഉപയോഗിച്ചിരുന്നത് വെപ്പുവള്ളങ്ങളായിരുന്നത്രേ. അതുകൊണ്ടാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. സ്ത്രീകളും കുട്ടികളുമാണ് സാധാരണയായി ഇത്തരം വള്ളങ്ങളിൽ മത്സരിക്കുക. 15 മുതൽ 30 വരെ തുഴച്ചിൽക്കാർ ഇതിലുണ്ടാകും.
നാട്ടുപ്രമാണിമാരുടെ അന്തസ്സിന്റെ ചിഹ്നങ്ങളായിരുന്നു ഒരു കാലത്ത് ചുരുളൻ വള്ളങ്ങൾ. ഇന്നത്തെ ഹൗസ് ബോട്ടുകൾ ഇതിന്റെ പുതിയ രൂപമാണ്. കേരളത്തിലെ ഭൂരിഭാഗം ജലോത്സവങ്ങളിലും ചുരുളൻ വള്ളങ്ങൾ പങ്കെടുക്കാറുണ്ട്.


വള്ളംകളിക്കു വേണ്ടി രചിക്കപ്പെട്ടവയാണ് വഞ്ചിപ്പാട്ടുകൾ. ആദ്യ കാലഘട്ടങ്ങളിൽ നാടോടി പാട്ടുകളാണ് കളിക്കാർ പാടിയിരുന്നത്. അവ എഴുതപ്പെട്ടവയായിരുന്നില്ല. വഞ്ചിപ്പാട്ട് നിലവിൽ വന്നതോടെ മലയാള ഭാഷയിലെ ഒരു സാഹിത്യ ശാഖയായി അത് മാറി. രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടിനാണ് അതിൽ പ്രഥമ സ്ഥാനം. നതോന്നതയാണ് വഞ്ചിപ്പാട്ടിന്റെ വൃത്തമെന്ന് അറിയപ്പെടുന്നതെങ്കിലും തുഴച്ചലിന് വേഗം പകരാൻ ഈണം മാറ്റാറുണ്ട്. വൃത്തവും ഭാവപുഷ്ടിയും ഊടുംപാവും പോലെ ഇഴുകിച്ചേർന്നവയാണ് വഞ്ചിപ്പാട്ടുകൾ. വള്ളം തുഴയുന്നവരുടെ ആയാസം കുറക്കാനായാണ് വഞ്ചിപ്പാട്ടുകൾ പാടിത്തുടങ്ങിയത്. നല്ല പാട്ടുകാരനായ അമരക്കാരന്റെ കണ്ഠമൊന്ന് ഇടറിയാൽ തുഴക്കാരുടെ താളം തെറ്റും. പുരാണ ഇതിഹാസ വൃത്തങ്ങളെയും സാമൂഹ്യ പ്രശ്‌നങ്ങളെയും പ്രമേയമാക്കിയവയാണ് ഭൂരിഭാഗം വഞ്ചിപ്പാട്ടുകളും.
 

മാസ്മരികത നിറഞ്ഞ മാസ്ഡ്രിൽ

ചുണ്ടനുകളുടെ മൽസരപ്പാച്ചിൽ പോലെ രസകരവും നയന മനോഹരവുമാണ് മാസ്ഡ്രിൽ. മൽസരിക്കുന്ന എല്ലാ വള്ളങ്ങളും നിരനിരയായി ഇട്ട് രണ്ടായിരത്തോളം തുഴക്കാർ ഒരൊറ്റ മനസ്സോടെ ചിട്ടയായി ചെയ്യുന്ന അഭ്യാസ പ്രകടനം വിദേശിയരും തദ്ദേശിയരുമായ കാണികൾക്ക് എക്കാലവും ഹരമാണ്. 
മാസ്ഡ്രില്ലിന്റെ ഇന്നത്തെ അവതരണ രീതിക്ക് രൂപം നൽകിയത് പരേതരായ ഐ.കെ. മാത്യുവും ജോസ് പുഷ്പമംഗലവുമാണ്. 1978 ൽ ജവാഹർ തായങ്കരി ചുണ്ടനിൽ അവതരിപ്പിച്ച തുഴ കൊണ്ടുള്ള അഭ്യാസം കാണികളിൽ അദ്ഭുതം ജനിപ്പിച്ചു. തൊട്ടടുത്ത വർഷം കൈനകരി യു.ബി.സി തുഴഞ്ഞ ചുണ്ടനിൽ സി.കെ. സദാശിവൻ എക്‌സ് എം.എൽ.എ ഇത് കുറേക്കൂടി പരിഷ്‌കരിച്ചു. 

ഇത്തവണ 22 ചുണ്ടൻ വള്ളങ്ങൾ; 79 വള്ളങ്ങൾ

ഈ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ ഒൻപത് വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 79 വള്ളങ്ങൾ. 22 ചുണ്ടൻ വള്ളങ്ങളുണ്ട്.
ചുരുളൻ-3, ഇരുട്ടുകുത്തി എ-5, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-13, വെപ്പ് എ- 9, വെപ്പ് ബി-5, തെക്കനോടി തറ-3, തെക്കനോടി കെട്ട് -3 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.
ചുണ്ടനുകളും ക്ലബുകളും: ആലപ്പാടൻ പുത്തൻ (ടൗൺ ബോട്ട് ക്ലബ് കുട്ടനാട്), ജവാഹർ തായങ്കരി (സമുദ്ര ബോട്ട് ക്ലബ് കുമരകം), ചമ്പക്കുളം 2 (ലയൺസ് ബോട്ട് ക്ലബ്ബ് കുട്ടനാട്), വെള്ളംകുളങ്ങര (സെന്റ് ജോർജ് ബോട്ട് ക്ലബ് തെക്കേക്കര), കാരിച്ചാൽ (യു.ബി.സി കൈനകരി), കരുവാറ്റ (കരുവാറ്റ ജലോത്സവ സമിതി), സെന്റ് ജോർജ് (ടൗൺ ബോട്ട് ക്ലബ് ആലപ്പുഴ), ആയാപറമ്പ് പാണ്ടി (കെ.ബി.സി.എസ്.ബി.സി കുമരകം), നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ് തിരുവല്ല), ചെറുതന (ഫ്രീഡം ബോട്ട് ക്ലബ് കൊല്ലം), കരുവാറ്റ ശ്രീവിനായകൻ (സെന്റ്് പയസ് ടെൻത് ബോട്ട് ക്ലബ് മങ്കൊമ്പ്), ആനാരി (വില്ലേജ് ബോട്ട് ക്ലബ് കൈനകരി), ശ്രീമഹാദേവൻ (യു.ബി.സി വേണാട്ടുകാട് ചതുർത്ഥ്യാകരി), ചമ്പക്കുളം (പോലീസ് ബോട്ട് ക്ലബ് ആലപ്പുഴ), പായിപ്പാടൻ (വെമ്പനാട് ബോട്ട് ക്ലബ് കുമരകം), വലിയ ദിവാൻജി (വലിയ ദിവാൻജി ബോട്ട് ക്ലബ്), നടുഭാഗം (എൻ.സി.ഡി.സി ബോട്ട് ക്ലബ് കുമരകം), നടുവിലേപ്പറമ്പൻ കുമരകം (എൻ.സി.ഡി.സി ബോട്ട് ക്ലബ് കുകരകം),  വീയപുരം (പുന്നമട ബോട്ട് ക്ലബ്), മാഹേദവികാട്  കാട്ടിൽതെക്കേതിൽ(പള്ളാത്തുരുത്തി ബോട്ട് ക്ലബ്), സെന്റ് പയസ് ടെൻത് (കുമരകം ടൗൺ ബോട്ട് ക്ലബ്), ദേവാസ് (വില്ലേജ് ബോട്ട് ക്ലബ്).

Latest News