ഫീസ് അടക്കാത്തതിന് കോളേജ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെച്ചു, വിദ്യാര്‍ഥി ജീവനൊടുക്കി

ഹൈദരാബാദ്- മുഴുവന്‍ ഫീസും അടക്കാത്തതിനെ തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെച്ചതിനെ തുടര്‍ന്ന് വിദ്യര്‍ഥി ജീവനൊടുക്കി. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലാണ് സംഭവം.  
ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസായതിനാല്‍ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് അപേക്ഷിക്കാന്‍ കാത്തിരുന്ന കരിംനഗര്‍ സ്വദേശിയായ ജക്കുള അംജിത്താണ് മരിച്ചത്. അംജിത്ത് മുഴുവന്‍ ഫീസും അടക്കാത്തതിനാല്‍ ഹൈദരാബാദിലെ എസ്.ആര്‍ ശ്രീ ഗായത്രി കോളേജ് സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെച്ചുവെന്നാണ് പരാതി.

സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുനല്‍കണമെന്ന് വിദ്യാര്‍ഥിയും മാതാപിതാക്കളും മാനേജ്‌മെന്റിനോട് പലതവണ അഭ്യര്‍ത്ഥിച്ചിരുന്നു. പണം ശരിയായാലുടന്‍ ഫീസ് നല്‍കാമെന്ന് അവര്‍ പറഞ്ഞെങ്കിലും മാനേജ്‌മെന്റ് തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയില്ലെങ്കിലും എന്‍ജിനീയറിങ് കോളേജുകളിലേക്കുള്ള ആദ്യഘട്ട കൗണ്‍സിലിങ്ങില്‍ അംജിത്ത് പങ്കെടുത്തിരുന്നു. എന്നാല്‍ കോളേജ് അധികൃതരുടെ നിലപാട് വിദ്യാര്‍ത്ഥിയെ വിഷാദത്തിലേക്ക് തള്ളിവിട്ടുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ഓഗസ്റ്റ് 27 ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് വിദ്യാര്‍ഥി മരിച്ചത്.
കരിംനഗര്‍ എം.പിയും ബി.ജെ.പി അധ്യക്ഷനുമായ ബന്ദി സഞ്ജയ് കുമാര്‍ മരിച്ച കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മൗനത്തെ അദ്ദേഹം ചോദ്യം ചെയ്തു.

 

Latest News