ന്യൂദല്‍ഹി- സുപ്രീം കോടതിയില്‍ കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതിന് ഉടന്‍ തന്നെ പുതിയ സംവിധാനമുണ്ടാക്കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. ശനിയാഴ്ച ചീഫ് ജസ്റ്റിസായി ചുമതലയേറ്റ അദ്ദേഹത്തിന്റെ ആദ്യ പ്രവൃത്തി ദിനമായിരുന്നു ഇന്നലെ.
ഹരജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം പ്രഥമ കോടതിയില്‍ ഉന്നയിക്കുന്നതിനു പകരം രജിസ്ട്രാര്‍ മുമ്പാകെ ആവശ്യപ്പെടാന്‍ അദ്ദേഹം അഭിഭാഷകരോട് നിര്‍ദേശിച്ചു. വ്യാഴാഴ്ചയോടെ പുതിയ സംവിധാനം ഉണ്ടാകുമെന്നും അതുവരെ ചേംബറില്‍ കൈകാര്യം ചെയ്യുമെന്നും അടിയന്തരമാണെങ്കില്‍ ലിസ്റ്റ് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രജിസ്ട്രാറുടെ മുമ്പാകെ പരാമര്‍ശിക്കുന്ന യഥാര്‍ത്ഥ രീതിയിലേക്ക് മടങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെഞ്ച് മുമ്പാകെ വിഷയങ്ങള്‍ പരാമര്‍ശിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആരാഞ്ഞതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്റെ മറുപടി.
ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നലെ നടപടികള്‍ ആരംഭിച്ചപ്പോള്‍ സ്വാഗതം ചെയ്ത തുഷാര്‍ മേത്ത സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കി. മുഴുവന്‍ അഭിഭാഷകര്‍ക്കും വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ചീഫ് ജസ്റ്റിസിന് ആശംസ നേര്‍ന്നു.
സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിലെ മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ക്കൊപ്പം 60 പൊതുതാല്‍പര്യ ഹരജികളുള്‍പ്പെടെ 900 ലധികം ഹരജികള്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടിനൊപ്പം ബെഞ്ചില്‍ ഉണ്ടായിരുന്ന ചീഫ് ജസ്റ്റിസ് ലളിത് 62 ഹരജികള്‍ പരിഗണിച്ചു. ഇതില്‍ പത്തെണ്ണം പൊതുതാല്‍പര്യ ഹരജികളാണ്.
സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ഇന്ത്യയുടെ 49 ാമത് ചീഫ് ജസ്റ്റിസായി ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇദ്ദേഹത്തിന് ചീഫ് ജസ്റ്റിസായി 74 ദിവസത്തെ ചെറിയ കാലാവധിയാണുള്ളത്. 65 വയസ്സ് തികയുമ്പോള്‍ നവംബര്‍ എട്ടിന് സ്ഥാനമൊഴിയും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് ജസ്റ്റിസ് ലളിത് കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജിയെന്ന നിലയില്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് വരിക.
2014 ഓഗസ്റ്റ് 13 ന് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് മുതിര്‍ന്ന അഭിഭാഷകനായിരുന്നു ലളിത്. മുത്തലാഖ് വഴിയുള്ള വിവാഹ മോചനം നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് വിധിച്ചതുള്‍പ്പെടെ നിരവധി സുപ്രധാന ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2ജി സ്‌പെക്ട്രം അനുവദിച്ച കേസില്‍ സി.ബി.ഐയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.
100 ദിവസത്തില്‍ താഴെ കാലാവധിയുള്ള ഇന്ത്യയിലെ ആറാമത്തെ ചീഫ് ജസ്റ്റിസാണ് ലളിത്. 1991 നവംബര്‍ 25 നും 1991 ഡിസംബര്‍ 12 നും ഇടയില്‍ ചീഫ് ജസ്റ്റിസായിരുന്ന കമല്‍ നരേന്‍ സിംഗിന്റെ കാലാവധി 18 ദിവസമായിരുന്നു.
2004 മെയ് രണ്ടിനും മെയ് 31 നും ഇടയില്‍ 30 ദിവസമായിരുന്നു ജസ്റ്റിസ് എസ്. രാജേന്ദ്ര ബാബുവിന്റെ കാലാവധി. 1970 ഡിസംബര്‍ 17 നും 1971 ജനുവരി 21 നും ഇടയില്‍ 36 ദിവസം ജസ്റ്റിസ് ജെ.സി. ഷാ ചീഫ് ജസ്റ്റിസായിരുന്നു.
ജസ്റ്റിസ് ജി.ബി. പട്‌നായിക്കിന് 2002 നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 18 വരെ 41 ദിവസത്തെയും ജസ്റ്റിസ് എല്‍.എം. ശര്‍മക്ക് 1992 നവംബര്‍ 18 നും 1993 ഫെബ്രുവരി 11 നും ഇടയില്‍ 86 ദിവസവുമായിരുന്നു കാലാവധി.






