ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് മന്ത്രിയോട് പറഞ്ഞതും ഓഫീസിലെത്തി തെറിവിളിച്ചതും ക്രൂരത തന്നെ, വിവാഹ മോചനം ശരിവെച്ചു

ബിലാസ്പൂര്‍-ജോലി ചെയ്യുന്ന ഓഫീസിലെത്തി ഭര്‍ത്താവിനെ അസഭ്യം പറയുന്നത് ക്രൂരതയാണെന്ന്  വിവാഹമോചനം അനുവദിച്ച റായ്പൂര്‍ കുടുംബ കോടതിയുടെ വിധി ശരിവെച്ചുകൊണ്ട് ഛത്തീസ്ഗഡ് ഹൈക്കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ ഗൗതം ഭാദുരി, രാധാകിഷന്‍ അഗര്‍വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതി നല്‍കിയ അപ്പീല്‍ തള്ളിയത്. സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് ഒരു തെളിവുമില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെതിരെ മന്ത്രിക്ക് പരാതി നല്‍കിയതും ക്രൂരതയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ധംതാരി ജില്ലയില്‍ നിന്നുള്ള 32 കാരനായ യുവാവ്  റായ്പൂര്‍ സ്വദേശിയും വിധവയുമായ 34 കാരിയെ 2010ലാണ് വിവാഹം ചെയ്തത്.  പിന്നീട് വിവിധ കാരണങ്ങളാല്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവാവാ റായ്പൂര്‍ കുടുംബ കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.  തന്റെ മാതാപിതാക്കളെയോ കുടുംബാംഗങ്ങളെയോ കാണാനാന്‍ അനുവദിക്കുന്നില്ലെന്നും അപ്പോള്‍ അസഭ്യം പറയുന്നുവെന്നുമായിരുന്നു ഒരു പരാതി.  

രേഖകളിലെ വസ്തുതകളും തെളിവുകളും വിലയിരുത്തിയ ശേഷം 2019 ഡിസംബറില്‍ കുടുംബ കോടതി ഭര്‍ത്താവിന്റെ അപേക്ഷ അനുവദിച്ച് വിവാഹ മോചനത്തിന് ഉത്തരവിട്ടു.  തുടര്‍ന്നാണ് യുവതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഭാര്യയോട് ഭര്‍ത്താവ് ക്രൂരമായി പെരുമാറിയത് കുടുംബകോടതി കണ്ടില്ലെന്ന് ഹൈക്കോടതിയിലെ വാദത്തിനിടെ യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശിശിര്‍ ശ്രീവാസ്തവ പറഞ്ഞു.

 

Latest News