സി.എയും നൂറുകോടിയുടെ ബിസിനസും  ഉപേക്ഷിച്ച് യുവാവ് സന്ന്യാസിയായി

അഹമ്മദാബാദ്- ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സി.എ) ജോലിയും 100 കോടി രൂപയുടെ കുടുംബ ബിസിനസും വേണ്ടെന്നുവെച്ച് 24 കാരന്‍ സന്ന്യാസം സ്വീകരിച്ചു. മോക്ഷേഷ് ഷേത്ത് എന്ന യുവാവാണ് ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് ജൈന സന്ന്യാസിയായത്. മുംബൈ ആസ്ഥാനമയി ബിസിനസ് നടത്തുന്ന സന്ദീപ് ഷേത്തിന്റെ മൂത്ത മകന്‍ ഗാന്ധിനഗറില്‍ നടന്ന ചടങ്ങിലാണ് സന്ന്യാസ ജീവിതത്തില്‍ പ്രവേശിച്ചത്. ഇനി മുതല്‍ യുവാവ് കരുണാപ്രേംവിജയ് ജീ എന്ന പേരിലാണ് അറിയപ്പെടുകയെന്ന് അമ്മാവന്‍ ഗിരീഷ് ഷേത്ത് പറഞ്ഞു. 


ഗുജറാത്തിലെ ബാണസ്‌കന്ത ജില്ലയിലെ ഡീസ പട്ടണത്തില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ താമസമാക്കിയ ജൈന കുടുംബമാണിത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഉടന്‍ മോക്ഷേഷ് കുടുംബത്തിന്റെ അലൂമിനിയം ബിസിനിസിലേക്ക് ഇറങ്ങുകയായിരുന്നു. 
സൂറത്തിലെ കോടീശ്വരനായ വജ്രവ്യാപാരിയുടെ 12 വയസ്സായ മകന്‍ ഭവ്യ ഷായും കഴിഞ്ഞ ദിവസം സന്ന്യാസം സ്വീകരിച്ചിരുന്നു. ദൈവം കാണിച്ചു തന്ന സത്യത്തിന്റെ മാര്‍ഗം സന്തോഷത്തോടെ തെരഞ്ഞെടുക്കുന്നുവെന്നാണ് ഭവ്യഷാ പറഞ്ഞിരുന്നത്.

Latest News