Sorry, you need to enable JavaScript to visit this website.

തിളക്കത്തിന് മങ്ങൽ: സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തിൽ

ഇന്ത്യൻ വിപണിയെ കരടി വലയത്തിലാക്കാൻ ഫണ്ടുകളും ഊഹക്കച്ചവടക്കാരും നടത്തിയ നീക്കം മൂലം തുടർച്ചയായ ആറാം വാരവും തിളങ്ങാനുള്ള അവസരം സൂചികക്ക് നഷ്ടമായി. ബുൾ റാലി തുടരുമെന്ന ആത്മവിശ്വാസത്തിലായിരുന്നു വിദേശ ഫണ്ടുകൾ. എന്നാൽ മുൻനിര, രണ്ടാം നിര ഓഹരികൾക്ക് കാലിടറിയതോടെ സെൻസെക്‌സ് 812 പോയന്റും നിഫ്റ്റി 199 പോയന്റും നഷ്ടത്തിലാണ്. 
ഇന്ത്യൻ മാർക്കറ്റ് സാങ്കേതികമായി ഒരു പുൾ ബാക്ക് റാലിക്ക് ഒരുങ്ങുകയാണെന്ന് കഴിഞ്ഞ വാരം സൂചിപ്പിച്ചത് ശരിവെക്കും വിധമായിരുന്നു ചലനങ്ങൾ. ഇന്ന് ഊഹക്കച്ചവടക്കാരും വിൽപനക്കാരും സംഘടിതമായ ഒരു നീക്കത്തിന് സാധ്യതയുണ്ട്. സിംഗപ്പൂർ നിഫ്റ്റി ഇന്ന് ഓപണിങിൽ 100 പോയന്റ് ഇടിഞ്ഞാൽ അത് ഇന്ത്യൻ മാർക്കറ്റിനെ പിടിച്ച് ഉലയ്ക്കാം. 17,444 പോയന്റിലുള്ള എസ്ജി എക്‌സ് സൂചികക്ക് സംഭവിക്കുന്ന ഏതോരു ഇടിവും നിഫ്റ്റി 50 ൽ പ്രതിഫലിക്കും. നിലവിൽ 114 പോയന്റ് നഷ്ടത്തിലാണ് സിംഗപ്പൂർ നിഫ്റ്റി. 
ഏഷ്യൻ ഓഹരി ഇൻഡക്‌സുകൾ പലതും വാരാന്ത്യം മികവിലാണ്. അമേരിക്കയിൽ ഡൗജോൺസിന് വെളളിയാഴ്ച 1000 പോയന്റ് തിരിച്ചടി നേരിട്ടു. നാസ്ഡാക് സൂചിക നാല് ശതമാനം തകർന്നതും കണക്കിലെടുത്താൽ ഇന്ത്യയിൽ ഐടി ഓഹരികൾ ഇന്ന് സമ്മർദത്തിൽ അകപ്പെടാം. 
ഓഗസ്റ്റ് സീരീസ് പിരിമുറുക്കങ്ങൾ കഴിഞ്ഞതോടെ വെളളിയാഴ്ച നിഫ്റ്റി സെപ്റ്റംബർ സീരീസ് നേട്ടത്തിൽ വ്യാപാരം തുടങ്ങി. നിഫ്റ്റി മുൻവാരത്തിലെ 17,758 ൽ നിന്നും 17,451 ലേക്ക് ഇടിഞ്ഞങ്കിലും മാർക്കറ്റ് ക്ലോസിങിൽ പോയവാരം സൂചിപ്പിച്ച സെക്കന്റ് സപ്പോർട്ടായ 17,538 നേക്കാൾ 20 പോയന്റ് മുകളിൽ 17,558 പോയന്റിലാണ്.
ഈ വാരം 17,431 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 17,704-17,850 ലേക്കും ചുവടുവെച്ചാൽ ഉയർന്ന തലത്തിൽ പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഊഹക്കച്ചവടക്കാർ നീക്കം നടത്തിയാൽ 17,431 ലെ ആദ്യ താങ്ങിൽ പിടിച്ചുനിൽക്കാനാവാതെ നിഫ്റ്റി 17,304 ലേക്ക് തളരാം. 
ബോംബെ സെൻസെക്‌സ് 59,646 പോയന്റിൽ നിന്നും കൂടുതൽ മികവിന് അവസരം ലഭിച്ചില്ല. ഇതിനിടയിൽ ഫണ്ടുകൾ മുൻനിര ഓഹരികളിൽ സൃഷ്ടിച്ച വിൽപന സമ്മർദത്തിൽ സൂചിക 58,603 ലേക്ക് തളർന്നെങ്കിലും വാരാന്ത്യം സെൻസെക്‌സ് 58,833 പോയന്റിലാണ്. ഈ വാരം സൂചികക്ക് 59,340-59,847 പോയന്റിൽ പ്രതിരോധവും 58,464-58,095 ൽ താങ്ങും പ്രതീക്ഷിക്കാം.   
നിഫ്റ്റി ഐ.ടി സൂചിക 4.5 ശതമാനവും നിഫ്റ്റി ഫാർമ സൂചിക 1.7 ശതമാനവും നിഫ്റ്റി ഹെൽത്ത് കെയർ സൂചിക ഒരു ശതമാനവും ഇടിഞ്ഞപ്പോൾ നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 4.4 ശതമാനം മികവ് കാണിച്ചു. 
മുൻനിര ഓഹരികളായ റ്റി സി എസ്, ഇൻഫോസീസ്, വിപ്രോ, എച്ച് സി എൽ, എച്ച് യു എൽ, ടാറ്റാ സ്റ്റീൽ, സൺ ഫാർമ്മ, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, എൽ ആന്റ് റ്റി, ആക്‌സിസ് ബാങ്ക്, മാരുതി, എയർടെൽ തുടങ്ങിയവയുടെ നിരക്ക് താഴ്ന്നപ്പോൾ എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, എം ആന്റ് എം, ആർ ഐ എൽ, ഡോ. റെഡീസ്, ഇൻഡസ് ബാങ്ക്, ഐ റ്റി സി തുടങ്ങിയവയിൽ വാങ്ങൽ താൽപര്യം ദൃശ്യമായി. 
രാജ്യത്തിന്റെ വിദേശ നാണയ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന തലത്തിലേയ്ക്ക് അടുക്കുന്നു. ഓഗസ്റ്റ് 19 ന് അവസാനിച്ച വാരം കരുതൽ ധനം 564 ബില്യൺ ഡോളറായി. 2020 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമാണിത്. 
വിനിമയ വിപണിയിൽ രൂപ സമ്മർദത്തിലേക്ക്. വാരാന്ത്യം രൂപയുടെ മൂല്യം 79.82 ലാണ്. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 80.20 ലേക്കും തുടർന്ന് 80.65 ലേക്കും ദുർബലമാകാം. പ്രമുഖ കറൻസികൾക്ക് മുന്നിൽ ഡോളർ ശക്തി പ്രാപിക്കുന്നത് രൂപയെ വീണ്ടും തളർത്താം. 
ക്രൂഡ് ഓയിൽ വില മുന്നേറി. ബാരലിന് 86 ഡോളർ വരെ താഴ്ന്ന എണ്ണ വാരാന്ത്യം 100 ഡോളറിലാണ്. യു.എസ്  ഇറാൻ കരാർ നടപ്പായാൽ ഉൽപാദനം വെട്ടിക്കുറക്കുമെന്ന സൗദി അറേബ്യയുടെ വെളിപ്പെടുത്തൽ വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കി.

Latest News