Sorry, you need to enable JavaScript to visit this website.

കാപ്പി വിപണി റെക്കോർഡ് കുതിപ്പിലേക്ക്

ആഗോള കാപ്പി വിലയിൽ ശക്തമായ മുന്നേറ്റ സാധ്യത തെളിഞ്ഞതോടെ ആഭ്യന്തര വിപണി റെക്കോർഡ് കുതിപ്പിന് ഒരുങ്ങുന്നു. ബ്രസീലിൽ മഴ പതിവിലും ചുരുങ്ങിയത് വിളവിനെ ബാധിക്കുമെന്നാണ് പുതിയ വിലയിരുത്തൽ. എലിനോ പ്രതിഭാസം മൂലമുള്ള വരൾച്ച വർഷാന്ത്യം വരെ തുടരാനുള്ള സാധ്യത  അവർ വിലയിരുത്തുന്നതിനാൽ അടുത്ത സീസണിൽ കാപ്പി ഉൽപാദനം കുറയാം.    വിയറ്റ്‌നാമിൽ നിന്നും കൊളംബിയയിൽ നിന്നും കാപ്പി ഉൽപാദനം സംബന്ധിച്ച് അത്ര സുഖകരമായ വാർത്തകളല്ല പുറത്തു വരുന്നത്. ആ നിലയ്ക്ക് വിലയിൽ വീണ്ടും മുന്നേറ്റത്തിന് ഇടയുണ്ട്, ഇത് ഇന്ത്യൻ മാർക്കറ്റിനും നേട്ടമാവുമെന്നത് വയനാട്ടിലെയും കർണാടകത്തിലെ കൂർഗ്, ചിക്കമംഗലൂർ ഹാസൻ മേഖലകളിലെ കാപ്പി കർഷകർക്ക് ഗുണകരമാവും. ജൂലൈ മുതലുള്ള ശക്തമായ മഴയിൽ വയനാട്ടിലെയും കൂർഗിലെയും ഒട്ടുമിക്ക തോട്ടങ്ങളിലും വൻതോതിൽ കാപ്പിക്കുരു അടർന്ന് വീണു. ഉണ്ടകാപ്പി 5400 രൂപയിലും കാപ്പി പരിപ്പ് സർവകാല റെക്കോർഡ് വിലയായ 18,000 രൂപയിലുമാണ് വയനാട്ടിൽ ശനിയാഴ്ച വ്യാപാരം നടന്നത്.  
ഉത്സവകാല ഡിമാന്റിൽ കുരുമുളക് വില ഉയർന്നു. ദീപാവലി വരെയുള്ള കാലയളവിലെ ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരണം ശക്തിയാർജിച്ചാൽ വില വീണ്ടും ഉയരുമെന്ന കണക്കൂകൂട്ടലിലാണ് കർഷകർ. കർഷകരുടെ പക്കൽ മുളക് സ്‌റ്റോക്ക് കുറവായതിനാൽ തിരക്കിട്ട് വിൽപനക്ക് ഇറക്കുന്നതിനോട് അവർ യോജിക്കുന്നില്ല. അടുത്ത വർഷത്തെ വിളവ് സംബന്ധിച്ച് വ്യക്തമായ ധാരണയിൽ ഇനിയും എത്തിച്ചേരാൻ കാർഷിക മേഖലക്കായില്ല. കർക്കിടകത്തിലെ മഴയിൽ പല തോട്ടങ്ങളിലും മുളക് തിരികൾ അടർന്നു വീണത് സ്ഥിതി സങ്കീർണമാക്കുമെന്നാണ് ഒരു വിഭാഗം കർഷകരുടെ പക്ഷം. വർഷാന്ത്യം സത്ത് നിർമാണത്തിന് ആവശ്യമായ പുതിയ ചരക്ക് സജ്ജമാകും. അൺ ഗാർബിൾഡ് 50,000 രൂപയായി ഉയർന്നു.  അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6500 ഡോളറാണ്. ബ്രസീൽ 2950 ഡോളറിനും ഇന്തോനേഷ്യ 4090 ഡോളറിനും വിയറ്റ്‌നാം 3550-3800 ഡോളറിനും ശ്രീലങ്ക 5300 ഡോളറിനും മലേഷ്യ 5900 ഡോളറിനും കുരുമുളക് വാഗ്ദാനം ചെയ്തു. 
ഏലം ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും ലേലത്തിനുള്ള ചരക്കുവരവ് ഉയർന്ന അവസരത്തിലെ വാങ്ങൽ താൽപര്യം ഉൽപന്നത്തിന് താങ്ങായി. അര ലക്ഷം കിലോക്ക് മുകളിൽ ഏലക്ക വിൽപനയ്ക്ക് എത്തുന്നുണ്ട്. ഉത്സവ ദിനങ്ങൾ അടുത്തിനാൽ പ്രദേശിക ഡിമാന്റ് മുൻ നിർത്തി ഏലക്ക വാങ്ങാൻ ഇടപാടുകാർ ഉത്സാഹിച്ചു.  
മികച്ചയിനങ്ങൾ വാരാന്ത്യം കിലോ 1468 ലും ശരാശരി ഇനങ്ങൾ 967 രൂപയിലുമാണ്. വിദേശ ഓർഡറുകൾ മുൻനിർത്തി കയറ്റുമതിക്കാർ ചരക്ക് സംഭരിച്ചു.
ഓണവേളയിലും നാളികേരോൽപന്നങ്ങൾക്ക് തിരിച്ചടി. കൊച്ചിയിൽ എണ്ണക്ക് 200 രൂപ ഇടിഞ്ഞ് 13,600 രൂപയായി. കൊപ്ര 8100 രൂപയായി താഴ്ന്നപ്പോൾ കാങ്കയത്ത് വില 7600 രൂപ വരെ ഇടിഞ്ഞു. ഇതിനിടയിൽ പാം ഓയിൽ വില 12,550 ൽ നിന്നും 10,600 രൂപയിലേക്ക് താഴ്ന്നു. മില്ലുകാർ എണ്ണ റീലിസീങ് ശക്തമാക്കിയാൽ നിരക്ക് വീണ്ടും ഇടിയാം. 
ടയർ ലോബി ആഭ്യന്തര റബർ വിപണിയെ അമ്മാനമാടുന്നു. സംസ്ഥാനത്ത് കാലാവസ്ഥ അടിക്കടി മാറിമറിഞ്ഞതിനിടയിൽ റബറിനെ കിലോ 159-161 റേഞ്ചിൽ തളച്ചിട്ട് ഷീറ്റ് ശേഖരിക്കുകയാണ്  വ്യവസായികൾ. ഷീറ്റ് ക്ഷാമം തുടരുന്നതായാണ് വിപണി വൃത്തങ്ങളുടെ പക്ഷം. എന്നിട്ടും വിദേശ മാർക്കറ്റിലെ മാന്ദ്യം മറയാക്കി റബർ വില ഇടിച്ചു. നാലാം ഗ്രേഡ് റബർ 16,000 രൂപയിൽ നിന്നും 15,900 രൂപയായി. അഞ്ചാം ഗ്രേഡ് റബർ 14,800-15,300 രൂപയിലും വിപണനം നടന്നു. 
കേരളത്തിൽ സ്വർണ വിലയിൽ വൻ ചാഞ്ചാട്ടം പല അവസരത്തിലും അനുഭവപ്പെട്ടു. ആഭരണ വ്യാപാരികൾ തമ്മിലുള്ള മത്സരം ശക്തമായതോടെ നിരക്ക് ഇടിച്ച് സ്വർണം വിൽപന നടത്താനുള്ള ശ്രമത്തിനിടയിൽ ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം പവന് മൂന്ന് തവണ വിലയിൽ മാറ്റം വരുത്തി. 
തിങ്കളാഴ്ച 38,240 രൂപയിൽ വ്യാപാരം നടന്ന പവൻ ചെവാഴ്ച തുടക്കത്തിൽ 38,080 ലേക്കും ഉച്ചയോടെ 37,880 രൂപയായും പിന്നീട് 37,680 ലേക്കും ഇടിഞ്ഞു. ബുധനാഴ്ച വില വീണ്ടും കുറഞ്ഞ് 37,600 രൂപയായി. തുടർന്നുള്ള ദിവസങ്ങളിൽ പവന് വില ചെറിയ തോതിൽ ഉയർന്ന് വാരാന്ത്യം 37,840 രൂപയിലാണ്. 

Latest News