സി.പി.എമ്മിലെ സമവാക്യങ്ങൾ മാറാതെ പുതിയ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം.വി. ഗോവിന്ദൻ എന്ന താത്വികാചാര്യൻ എത്തുന്നു. സാമ്രാജ്യത്വ ശക്തികൾക്കെതിരെ പട നയിച്ച കർഷക പോരാട്ടത്തിന്റെ മണ്ണായ കണ്ണൂരിലെ മൊറാഴയിൽനിന്ന് തന്നെയുള്ള എം.വി. ഗോവിന്ദനും പാർട്ടിയെ നയിക്കാനെത്തുമ്പോൾ കമ്യൂണിസ്റ്റ് കേരളത്തിന്റെ ചരിത്രം പുതിയ അധ്യായം രചിക്കും. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരത്തേക്ക് എം.വി. ഗോവിന്ദനെ പ്രതിഷ്ഠിക്കാനിടയാക്കിയത് എണ്ണമറ്റ പോരാട്ടങ്ങളിലൂടെ ഉരുകിത്തെളിഞ്ഞ നേതൃവൈഭവമാണ്. സംഘടന രംഗത്തെ ഉറച്ച നിലപാട്, ഏറ്റെടുത്ത കാര്യങ്ങൾ നിർവഹിക്കുന്നതിലെ ശുഷ്കാന്തി എന്നീ ഘടകങ്ങൾ പുതിയ സെക്രട്ടറി സ്ഥാനത്തേക്കുള്ള കടന്നുവരവിന് ഗോവിന്ദന് തുണയേകി.
കെ.എസ്.എഫിന്റെ പ്രവർത്തകനായി പടിപടിയായി സി.പി.എം കേന്ദ്ര കമ്മിറ്റിയിലേക്ക് വരെ ഉയർന്ന പാർട്ടിയുടെ താത്വികാചാര്യൻ കൂടിയായ ഗോവിന്ദന് പാർട്ടിയുടെ വിവിധ പോഷക സംഘടനകളിലും ഏറെക്കാലം പ്രവർത്തിച്ച കരുത്തു കൂടിയുണ്ട്. തളിപ്പറമ്പ് പരിയാരം ഇരിങ്ങൽ യു.പി സ്കൂളിലെ കായികാധ്യാപകനായിരുന്ന എം.വി. ഗോവിന്ദൻ രാഷട്രീയ രംഗത്ത് സജീവമായതോടെ അധ്യാപക ജോലി ഉപേക്ഷിച്ചു. 1969 ലാണ് പാർട്ടിയംഗമായത.് ഡി.വൈ.എഫ്.ഐ സ്ഥാപക നേതാവായി. സംഘടനയുടെ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡന്റായി. 1980 കളുടെ ആദ്യ പകുതിയിൽ സി.പി.എമ്മിന്റെ അവിഭക്ത കണ്ണൂർ ജില്ലയിലെ കാസർകോട് താലൂക്ക് സെക്രട്ടറിയായി. 2002 ൽ കണ്ണൂർ ജില്ല സെക്രട്ടറിയായും പിന്നീട് എറണാകുളം ജില്ലയിൽ പാർട്ടിയിൽ ശക്തമായ വിഭാഗീയത വളർന്നു വന്നതോടെ അതിനെ അമർച്ച ചെയ്യാൻ എറണാകുളം ജില്ല സെക്രട്ടറിയായും ഗോവിന്ദനെ തന്നെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത.് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർട്ടി ക്ലാസുകൾ നയിക്കാൻ നേതൃത്വം എന്നും മുൻപന്തിയിൽ വിട്ടത് ഈ അധ്യാപകനെ തന്നെയായിരുന്നു. മാർക്സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററായും ദേശാഭിമാനി ചീഫ് എഡിറ്ററായും ഗോവിന്ദൻ ജോലി നോക്കിയിരുന്നു. ദീർഘകാലം കണ്ണൂർ ജില്ല റെഡ് വളണ്ടിയർ സേനയുടെ ക്യാപ്റ്റനായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മർദനത്തിന് ഇരയായ ഗോവിന്ദൻ നാല് മാസം ജയിലിൽ കിടന്നിട്ടുണ്ട്. പത്തു വർഷം എം.എൽ.എയായ ഇദ്ദേഹം ഇത്തവണ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത.് വൈരുധ്യാത്മക ഭൗതിക വാദം ഇന്ത്യൻ ദർശനത്തിൽ, സ്വത്വ രാഷട്രീയത്തെപ്പറ്റി, ചൈനീസ് ഡയറി, കാടു കയറുന്ന ഇന്ത്യൻ മാവോവാദം തുടങ്ങിയ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഈ അറുപത്തെട്ടുകാരൻ.
കണ്ണൂരിൽ ജില്ല സെക്രട്ടറിയായിരുന്നപ്പോൾ പാർട്ടി പലവിധ കടന്നാക്രമണങ്ങളെ നേരിടേണ്ടി വന്നപ്പോഴും അതിനെ പ്രതിരോധിക്കാനുള്ള ഗോവിന്ദന്റെ കഴിവ് നേതൃത്വത്തിന്റെ പ്രശംസ പിടിച്ചുപറ്റാൻ ഇടയാക്കിയിരുന്നു. സി.പി.എമ്മിന്റെ പ്രഥമ സംസ്ഥാന സെക്രട്ടറി സി.എച്ച്. കണാരന്റെ നാട്ടിൽ നിന്ന് തന്നെയാണ് വിപ്ലവ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് എം.വി. ഗോവിന്ദനെന്ന പാർട്ടിയുടെ ബുദ്ധിജീവി എത്തുന്നത്. പാർട്ടിയെ തുടർഭരണത്തിലേക്ക് കൈ പിടിച്ചുയർത്തിയ കോടിയേരി ബാലകൃഷ്ണന്റെ പിൻഗാമിയായാണ് ഗോവിന്ദൻ എത്തുന്നത്. 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പാണ് ഗോവിന്ദന്റെ മുന്നിലുള്ള ഏറ്റവും വലിയ അഗ്നിപരീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റാണ് ഇടതുമുന്നണിക്ക് കേരളത്തിൽ ലഭിച്ചിരുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ ചിത്രം മാറുമെന്ന് ഇന്നലെ നടത്തിയ വാർത്ത സമ്മേളനത്തിൽ ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുപ്രവർത്തന രംഗത്തെ അര നൂറ്റാണ്ടു കാലത്തെ അനുഭവ സമ്പത്തുമായി പാർട്ടിയെ നയിക്കാനുള്ള നിയോഗം ലഭിച്ചതോടെ ഗോവിന്ദനെന്ന കായികാധ്യാപകൻ പുതിയ ജഴ്സി അണിഞ്ഞ് കളത്തിലിറങ്ങിക്കഴിഞ്ഞു. പുതിയ സെക്രട്ടറിയുടെ വരവ് അണികളിലും ആവേശമുയർത്തി. സൈബർ ഇടങ്ങളിൽ പാർട്ടി സ്നേഹികൾ മുഷ്ടി ചുരുട്ടി നൂറ് ചുവപ്പൻ അഭിവാദ്യമർപ്പിച്ച് പുതിയ സെക്രട്ടറിക്ക് സ്വാഗതമേകുകയാണ്.






