ന്യൂദൽഹി- തുടർച്ചയായ പീഡനക്കേസുകൾക്കു പിന്നാലെ ബലാത്സംഗത്തിന് വധശിക്ഷ നൽകണമെന്ന് രാജ്യവ്യാപകമായി മുറവിളി ഉയർന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൻ (പോക്‌സോ) നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭാ തീരുമാനം. 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന ഭേദഗതിയാണ് നയമത്തിൽ ഉൾപ്പെടുത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തു. ഓർഡിനൻസോ അല്ലെങ്കിൽ എക്‌സിക്യൂട്ടീവ് ഉത്തരവോ താമസിയാതെ ഉണ്ടാകും.
കതുവയിൽ എട്ടു വയസ്സുകാരി ക്രൂരമായി കൂട്ടബലാൽസംഗത്തിനിരയയി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് ഈ ഭേദഗതി ആദ്യമായി മുന്നോട്ടു വച്ചത്. ഈ ഭേദഗതി പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.






