ദളിത് പെണ്‍കുട്ടിയുമായി മുസ്ലിം യുവാവ് ഒളിച്ചോടി, പ്രതിഷേധക്കാര്‍ പള്ളിയില്‍ കയറി

ദേവാസ്-  മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ മുസ്ലിം കുടുംബത്തിലെ  20 കാരന്‍ 19 കാരിയായ ദളിത് പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിനെ തുടര്‍ന്ന് ബജ്‌റംഗ് ദള്‍ പ്രതിഷേധം.  അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് മുസ്ലിം കുടുംബത്തിനെതിരായ  ബജ്‌റംഗ്ദളുകാരുടെ പ്രതിഷേധം.  
ജനക്കൂട്ടം വീടിനുനേരെ കല്ലെറിയുകയും കുടുംബാംഗങ്ങളെ മര്‍ദിക്കുകയും ചെയ്തു. പ്രതിഷേധ പ്രകടനം നടത്തിയവര്‍ പള്ളിയില്‍ കയറിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തുടര്‍ന്ന് ഗ്രാമവാസികള്‍ അടിയന്തിര ബന്ദിന് ആഹ്വാനം ചെയ്തു.
പെണ്‍കുട്ടിയുടെ സഹോദരന്‍ റിതിക് വര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 365 (തട്ടിക്കൊണ്ടുപോകല്‍), പട്ടികജാതിപട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) എന്നിവ പ്രകാരം മുസ്ലിം യുവാവിനെതിരെ കേസെടുത്തതായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ശോഭറാം സോളങ്കി പറഞ്ഞു.
പ്രതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ അജ്ഞാതര്‍ക്കെതിരെ അതിക്രമ്ത്തിന് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സ്ഥിതിഗതികള്‍ സമാധാനപരമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗ്രാമത്തില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest News