ഭോപാല്‍ മാളില്‍ നമസ്‌കാരം തടഞ്ഞ് ബജ്‌റംഗ്ദള്‍,  ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കി, ഹനുമാന്‍ ചാലിസ ചൊല്ലി 

ഭോപാല്‍- ഡി.പി മാളില്‍ ജീവനക്കാര്‍ നിസ്‌കരിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വവാദികള്‍.  മധ്യപ്രദേശിലെ ഭോപ്പാലിലെ ഡി ബി മാളിലാണ് സംഭവം. മുസ്‌ലിം ജീവനക്കാര്‍ മാളിന്റെ ഒരു കോണില്‍ നിസ്‌കരിക്കുന്നതിനിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവിടേക്ക് കടന്നുവന്ന് ഹനുമാന്‍ ചാലിസ ചൊല്ലുകയായിരുന്നു.മുസ്‌ലിം ജീവനക്കാര്‍ നിസ്‌കരിക്കുന്നിടത്തേക്കാണ് മാളിലെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആദ്യം പോകുന്നത്. തുടര്‍ന്ന് 'ഇതെല്ലാം പതിവായി നടക്കുന്നു' എന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. സെക്യൂരിറ്റി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.ഇത് ഹിന്ദു ജീവനക്കാരും പ്രാര്‍ത്ഥിക്കുന്ന സ്ഥലമാണെന്ന് സെക്യൂരിറ്റി അവരോട് പറയുന്നു. തുടര്‍ന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മാളിന്റെ മദ്ധ്യഭാഗത്തുള്ള എസ്‌കലേറ്ററിന് സമീപം നിലത്തിരുന്ന് ജയ്ശ്രീറാം' മുദ്രാവാക്യങ്ങള്‍ വിളിക്കുകയും, ഉറക്കെ ഹനുമാന്‍ ചാലിസ ചൊല്ലുന്നതും വീഡിയോയിലുണ്ട്.
പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മാളില്‍ ഇനിമുതല്‍ മതപരമായ ഒരു പ്രവര്‍ത്തനവും നടത്താന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ തീരുമാനിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ മാളില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെയാണ് ഏറ്റവും അടുത്തുള്ള പള്ളി. ജോലി സമയത്ത് ഇതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് മാളിന്റെ മൂലയ്ക്ക് ചെറിയ ഭാഗത്ത് ജീവനക്കാര്‍ നമസ്‌കരിക്കാന്‍ തുടങ്ങിയത്. 


 

Latest News