ഹൈദരാബാദ്- അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്ന അച്ഛനെതിരെ നടപടി ആവശ്യപ്പെട്ട് എട്ടു വയസുകാരന്‍ പോലീസ് സ്‌റ്റേഷനില്‍. തെലങ്കാനയിലാണ് സംഭവം.
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുസ്താബാദിലെ പോലീസ് സ്‌റ്റേഷനിലെത്തി അമ്മയെ അച്ഛന്‍ ഉപദ്രവിക്കുന്നുവെന്ന വിവരം പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
മദ്യലഹരിയിലായിലാണ് അച്ഛന്‍ അമ്മയെ അടിക്കുന്നതെന്നും നാലു ദിവസമായി തുടര്‍ച്ചയായി മര്‍ദിക്കുകയാണെന്നും കുട്ടി പറഞ്ഞതായി മുസ്താബാദ് സബ് ഇന്‍സ്‌പെക്ടര്‍ വെങ്കിടേശ്വരലു പറഞ്ഞു. ഭര്‍ത്താവ് വീണ്ടും പീഡിപ്പിക്കുമെന്ന ഭയത്താല്‍ യുവതി ഇതുവരെ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.
ഒന്നര കിലോമീറ്റര്‍ നടന്നാണ് കുട്ടി പോലീസ് സറ്റേഷനിലെത്തിയതെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ആദ്യം തുറന്നു പറയാന്‍ മടിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിച്ച ശേഷമാണ് വീട്ടിലെ കാര്യങ്ങള്‍ പറഞ്ഞത്. ആരുംപറയാതെ സ്വമേധയാ ആണ് കുട്ടി പോലീസുകാരെ തേടിയെത്തിയത്. അച്ഛന്‍ അമ്മയെ കൂടുതല്‍ ഉപദ്രവിക്കുമെന്നാണ് കുട്ടിയുടെ ഭയം.
മാതാപിതാക്കളെ വിളിച്ച് ഉപദേശിച്ചിട്ടുണ്ടെന്നും കുറ്റം തുടര്‍ന്നാല്‍ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കുമെന്ന് കുട്ടിയുടെ പിതാവിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.






