രാജ്യത്തെ കത്തുന്ന വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തരിക്കാന്‍ ബി.ജെ.പിക്ക് ഹിജാബും ഹലാലും

ഹൈദരാബാദ്-ഗ്യാസ്, ഡീസല്‍, പെട്രോള്‍ വര്‍ധന പോലുള്ള സുപ്രധാന വിഷയങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ഹലാല്‍, ഹിജാബ്, മുനവര്‍ ഫാറൂഖി എന്നിവയെ ആയുധമാക്കുന്നതെന്ന്
തെലങ്കാന ഐ.ടി മന്ത്രി കെടി രാമറാവു ആരോപിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ക്കായി ബി.ആര്‍ അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി  തയ്യാറാക്കിയ മത്സര പരീക്ഷാ പഠന സാമഗ്രികള്‍ പുറത്തിറക്കിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ പേരില്‍ പരസ്പരം പോരാടന്‍ ദൈവം നമ്മോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. കൃഷ്ണനോ, രാമനോ, യേശുവോ, അല്ലാഹുവോ നമ്മോട് അത് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ? ആരുടെ ദൈവമാണ് വലിയവന്‍ എന്നതിനെച്ചൊല്ലി പരസ്പരം വഴക്കിടാന്‍ ദൈവം എന്തെങ്കിലും മത്സരം നിശ്ചയിച്ചിട്ടുണ്ടോ. ഭക്ഷണവും വെള്ളവും കിട്ടാത്ത ജനങ്ങളുള്ള നാടാണിത്. ഇന്ത്യയുടെ പ്രസിഡന്റായി ചുമതലയേറ്റ ദ്രൗപതി മുര്‍മുവിന് അടുത്തിടെയാണ് വൈദ്യുതി ലഭിച്ചത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാനമായ സാഹചര്യത്തില്‍ ഇന്ത്യക്കൊപ്പം യാത്ര ആരംഭിച്ച ചൈന 16 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക വലുപ്പത്തിലെത്തിയെന്നും എന്നാല്‍ ഇന്ത്യ ഇപ്പോഴും 3.1 ട്രില്യണില്‍ ആണെന്നും ഇതാണ് വലിയ നാണക്കേടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ വളര്‍ച്ചക്കുവേണ്ടിയാണ് തെലങ്കാന സംസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്നും ആരുടെ ദൈവമാണ് വലിയവന്‍ എന്നതുപോലുള്ള വിഡ്ഢിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest News