അഴിമതിക്കാർക്ക് ഇനി സന്തോഷിക്കാം

അഴിമതി ചെയ്യാത്ത മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എന്തിനാണ് ലോകായുക്ത നിയമത്തെ ഇത്രമേൽ ഭയക്കുന്നത്? അഴിമതിക്കെതിരെ കൂടുതൽ ശക്തമായ നിയമങ്ങൾ കൊണ്ടുവരണമെന്ന് ജനങ്ങൾ കരുതുന്ന വേളയിലാണ് ഉണ്ടായിരുന്ന നിയമത്തെ ഞെക്കിക്കൊല്ലുന്നത്? എന്തിനുവേണ്ടി? ആർക്ക് വേണ്ടി? കാര്യം വ്യക്തമാണ്, പ്രളയ ഫണ്ട് വകമാറ്റി ചെലവഴിച്ചതു സംബന്ധിച്ച അഴിമതിക്കേസ് വിധിക്കായി ലോകായുക്തയിൽ എത്തിയപ്പോഴാണ് ഇതേവരെയില്ലാത്ത വിധത്തിൽ മുഖ്യമന്ത്രിക്ക് വേവലാതി തുടങ്ങിയത്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതു പോലെ തനിക്ക് നേരെ വിധി വരാതിരിക്കാൻ നിയമം തന്നെ പിഴുതുകളയാം. തനിക്ക് ഹിതമല്ലാത്തവർ വൈസ് ചാൻസലർമാർ ആകാതിരിക്കാൻ സർവകലാശാല നിയമം തന്നെ മാറ്റിക്കളയാം. ഇതാണ് മുഖ്യമന്ത്രിയുടെ മനോനില. 

 

അഴിമതി ചെയ്താൽ കസേര തെറിക്കുമെന്ന ്‌വ്യവസ്ഥ ചെയ്ത ലോകായുക്ത നിയമം കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. കേരളത്തിലെ അഴിമതി ചെറുക്കാൻ കെട്ടിയുണ്ടാക്കിയ വൻകോട്ട കണ്ട് മറ്റു സംസ്ഥാനങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ട്. ഈ അഭിമാനത്തിൽ നമ്മുടെ രാഷ്ട്രീയ നേതാക്കൾ ഊറ്റംകൊണ്ടിട്ടുമുണ്ട്. അഴിമതി ചെയ്താൽ അധികാരത്തിൽ വെച്ചുപൊറുപ്പിക്കില്ലെന്നാണ് ഇതേവരെ ഭരണം നടത്തിയവരൊക്കെ വീമ്പു പറഞ്ഞിരുത്. പിന്നെന്തിനാണ് ലോകായുക്തയുടെ പല്ലൂരുന്ന ബില്ല് തിടുക്കപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ചത് എന്നതാണ് ചോദ്യം. അതും അഴിമതി ഒരിക്കലും ചെയ്യില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഇടതുപാർട്ടികൾ.
പൊതുപ്രവർത്തകരുടെ അഴിമതി തടയാൻ ലക്ഷ്യമിട്ട് 1999 ലെ ഇ.കെ.നായനാർ സർക്കാരാണ് ലോകായുക്ത നിയമം കൊണ്ടുവന്നത്. അന്ന് നിയമ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായരായിരുന്നു ബില്ലിന്റെ ശിൽപി. മാവേലി സ്റ്റോർ പോലുള്ള ജനകീയ സംരംഭങ്ങൾക്ക് തുടക്കമിട്ട അഴിമതിരഹിതനും ലാളിത്യത്തിന്റെ രാഷ്ട്രീയ മുഖവുമായിരുന്ന സി.പി.ഐ നേതാവ്. നിയമസഭയിലെ വകുപ്പു തിരിച്ചുള്ള ചർച്ചയിൽ മുടിനാരിഴ കീറി ചർച്ച ചെയ്ത ശേഷമാണ് നിയമം പാസാക്കിയത്. ആ വേളയിൽ നിയമസഭയുടെ പ്രസ് ഗാലറിയിൽ ഉണ്ടായിരുതിനാൽ ഈ ലേഖകന് ബില്ലിന്റെ പിറവി നേരിട്ട് കാണാനായി. പൊതുപ്രവർത്തകൻ അഴിമതി ചെയ്തു എന്ന് തെളിഞ്ഞാൽ ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് ലോകായുക്തക്ക് വിധിക്കാൻ അധികാരം നൽകുന്നതാണ് നിയമം. വിധി നിയമനാധികാരിയായ മുഖ്യമന്ത്രിക്കോ ഗവർണർക്കോ സർക്കാരിനോ കൈമാറും. അപ്പീൽ അവകാശം നൽകിയിട്ടില്ലെന്നതിനാൽ അഴിമതിക്കാർക്ക് മന്ത്രിസ്ഥാനത്ത് ഇരിക്കാൻ കഴിയില്ല. നിയമത്തിലെ ഈ വ്യവസ്ഥയാണ് നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി ബില്ല് പാസായി നിയമമായാൽ റദ്ദാകുന്നത്.
ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ബില്ലിനെ സി.പി.ഐ ആദ്യം എതിർത്തെങ്കിലും ഫലത്തിൽ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ബില്ലിൽ എന്തിനാണ് ഇപ്പോൾ ഭേദഗതിയെന്ന് ചോദിക്കാൻ സി.പി.ഐക്ക് കഴിയുന്നില്ല. തങ്ങളുടെ നേതാവ് ഇ. ചന്ദ്രശേഖരൻനായർ കൊണ്ടുവന്ന മികച്ച നിയമത്തെ എന്തിന് എൽ.ഡി.എഫ് സർക്കാർ തന്നെ ഭയക്കുന്നു എന്നതും അത്ഭുതകരമാണ്. അഴിമതിക്കെതിരെയുള്ള നിയമത്തിൽ വെള്ളം ചേർക്കുന്നത് ഫലത്തിൽ അഴിമതി ചെയ്യുന്നവർക്കുള്ള സംരക്ഷണമായി മാറുകയാണ്. സി.പി.ഐക്ക് ആത്മാർഥതയുണ്ടായിരുന്നെങ്കിൽ ഭേദഗതി നിയമം ഈ രൂപത്തിൽ അവതരിപ്പിക്കാൻ കഴിയുമായിരുന്നോ എന്ന സംശയത്തിന് കഴമ്പുണ്ട്. അവർ സി.പിഎമ്മുമായി ഒത്തുതീർപ്പ് ഫോർമുലയിൽ എത്തുകയായിരുന്നു. സി.പി.ഐ മുന്നോട്ടു വെച്ചിരിക്കുന്ന നിർദേശങ്ങളിലൊന്ന് മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധി വന്നാൽ അത് നിയമസഭക്ക് പരിശോധിച്ച് തള്ളുകയോ കൊള്ളുകയോ ചെയ്യാം എന്നതാണ്. ഇത് നടക്കില്ലെന്ന് ഏത് കുട്ടിക്കുമറിയാം. കാരണം മുഖ്യമന്ത്രിക്ക് എപ്പോഴും നിയമസഭയിൽ ഭൂരിപക്ഷമുള്ളതിനാൽ ലോകായുക്ത വിധി ചുരുട്ടി കൂടയിലിടാൻ പ്രയാസമില്ല. മന്ത്രിമാർക്കെതിരെയാണ് വിധിയെങ്കിൽ മുഖ്യമന്ത്രിക്ക് തീർപ്പ് കൽപിക്കാം എന്നതാണ് സി.പി.ഐയുടെ മറ്റൊരു നിർദേശം. ഇത് മുഖ്യമന്ത്രിക്ക് അനിഷ്ടമുള്ള മന്ത്രിയാണെങ്കിൽ മാത്രം സ്വീകരിക്കാം. അതുണ്ടാവാൻ സാധ്യത കുറവാണ്. ഘടക കക്ഷി മന്ത്രിമാർക്കെതിരെയാണെങ്കിൽ മുഖ്യമന്ത്രിക്ക് വിധി കാട്ടി വിരട്ടിക്കൊണ്ടേയിരിക്കാം. എം.എൽ.എമാർക്കെതിരെയാണ് വിധിയെങ്കിൽ സ്പീക്കറാണ് തീരുമാനം എടുക്കേണ്ടത്. സ്പീക്കർക്ക് രാഷ്ട്രീയമുണ്ടല്ലോ. വിധി പ്രതിപക്ഷ എം.എൽ.എമാർക്കെതിരെയാണെങ്കിൽ സ്വീകരിക്കും, ഭരണ പക്ഷമാണെങ്കിൽ തള്ളിക്കളയും. സ്പീക്കറിൽ ഭരണം നയിക്കുന്നവർക്ക് നിർണായക സ്വാധീനമുണ്ട്. ഇങ്ങനെ സി.പി.ഐ മുന്നോട്ടുവെച്ച നിർദേശങ്ങൾ എല്ലാം ദുർബലമാണ്. ലോകായുക്ത വിധി തള്ളിക്കളയാൻ സർക്കാരിന് പഴതുണ്ടാക്കുകയാണ് സി.പി.ഐ ചെയ്തത്. അവരുടെ നിർദേശങ്ങൾ സബ്ജക്ട് കമ്മിറ്റിയിൽ ഔദ്യോഗിക നിർദേശങ്ങളായി സ്വീകരിച്ച് ബില്ലിന് മുൻകാല പ്രാബല്യം നേടും. 
സി.പി.ഐയുടെ ഈ നിലപാടിൽ പാർട്ടിക്കുള്ളിൽ അമർഷമുണ്ട്. സർക്കാരിൽ തിരുത്തൽ ശക്തിയായി നിൽക്കേണ്ട സി.പി.ഐക്ക് ഇതെന്തു പറ്റിയെന്ന് ജനങ്ങളും സംശയിക്കുന്നു. സി.പി.ഐയെ അടിമ പാർട്ടിയാക്കുന്നതിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മാത്രമാണ് താൽപര്യമെന്നാണ് അതിനുള്ളിൽ നിന്നും പുറത്തേക്ക് വരുന്ന വാർത്തകൾ.
എല്ലാം ശരിയാക്കുമെന്ന വാക്ക് അക്ഷരാർഥത്തിൽ മുഖ്യമന്ത്രി നടപ്പാക്കിക്കൊണ്ടിരിക്കയാണ്. അഴിമതി നിരോധന നിയമത്തെ ശരിയാക്കിക്കഴിഞ്ഞു. തനിക്ക് പിന്നാലെ വരുന്നവർക്ക് എന്ത് അഴിമതിയും കാണിക്കാനുള്ള വഴി വെട്ടിവെച്ചാണ് പിണറായി വിജയൻ പുറത്തു പോകുക. അഴിമതിക്കാരായ രാഷ്ട്രീയക്കാരാ, നിങ്ങൾക്കായി പിറവിയെടുത്ത മിശിഹയാണ് പിണറായി വിജയൻ. അതിനാൽ വാഴ്ത്തുക...സങ്കീർത്തനത്താൽ മൂടുക.
അഴിമതി ചെയ്യാത്ത മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എന്തിനാണ് ലോകായുക്ത നിയമത്തെ ഇത്രമേൽ ഭയക്കുന്നത്? അഴിമതിക്കെതിരെ കൂടുതൽ ശക്തമായ നിയമങ്ങൾ കൊണ്ടുവരണമെന്ന് ജനങ്ങൾ കരുതുന്ന വേളയിലാണ് ഉണ്ടായിരുന്ന നിയമത്തെ ഞെക്കിക്കൊല്ലുന്നത്? എന്തിനുവേണ്ടി? ആർക്ക് വേണ്ടി? കാര്യം വ്യക്തമാണ്, പ്രളയ ഫണ്ട് വകമാറ്റി ചെലവഴിച്ചതു സംബന്ധിച്ച അഴിമതിക്കേസ് വിധിക്കായി ലോകായുക്തയിൽ എത്തിയപ്പോഴാണ് ഇതേവരെയില്ലാത്ത വിധത്തിൽ മുഖ്യമന്ത്രിക്ക് വേവലാതി തുടങ്ങിയത്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതു പോലെ തനിക്ക് നേരെ വിധി വരാതിരിക്കാൻ നിയമം തന്നെ പിഴുതുകളയാം. തനിക്ക് ഹിതമല്ലാത്തവർ വൈസ് ചാൻസലർ ആകാതിരിക്കാൻ സർവകലാശാല നിയമം തന്നെ മാറ്റിക്കളയാം. ഇതാണ് മുഖ്യമന്ത്രിയുടെ മനോനില. ചോദ്യം ചെയ്യാൻ ആരുമില്ല. നിയമസഭയിൽ ഭൂരിപക്ഷമുണ്ട്. പാർട്ടിയിൽ അമർഷമുണ്ടെങ്കിലും മിണ്ടിയാൽ അവന്റെ കാറ്റ് പോകുമെന്നതിനാൽ ഉരിയാടില്ല. മറ്റൊരു വി.എസ് പാർട്ടിയിൽ നിശ്ശബ്ദനായതിന്റെ പരിണതി. 
ഒരു മുഖ്യമന്ത്രിക്ക് വേണ്ടി നിയമങ്ങൾ നശിപ്പിക്കുകയാണ്. കേരള ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഏകാധിപത്യ പ്രവണതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഭൂരിപക്ഷമുള്ളതിനാൽ ഭരണഘടന റദ്ദ് ചെയ്യാമെന്ന് മോഹമുദിച്ചാലോ? അടിയന്തരാവസ്ഥയെക്കുറിച്ച് വാചാലരാകുന്നവരാണ് ലോകായുക്ത നിയമം സഹിക്കവയ്യാതെ അടിപടലേ പിഴുതെടുക്കുന്നത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെ പോലെയാണ് സംസ്ഥാനത്തിന്റെ നിയമ മന്ത്രി പി. രാജീവ്. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി എന്തു ചെയ്യുന്നോ, അതാണ് രാജീവ് മന്ത്രിയും ചെയ്യുക. സന്ദർശകർക്ക് നിയന്ത്രണം, ഉദ്യോഗസ്ഥർക്ക് നിയന്ത്രണം, ഇങ്ങനെയെന്തെല്ലാം. മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ 'വിഖ്യാത'പ്രയോഗം കേരളത്തിന്റെ മുക്കിലും മൂലയിലും കൂറ്റൻ ഫഌക്‌സ് ബോർഡുകളിൽ നിദ്ര കൊള്ളുന്നു. ശരിയാണ്, മടിയിൽ കനമില്ലാത്തവർക്ക് വഴിയിൽ ഭയക്കേണ്ടതില്ല. കാരണം, അതിനു മുമ്പ് വഴി തന്നെ വെട്ടിമൂടിയിരിക്കും. അങ്ങനെയാണ് നവകേരളം സൃഷ്ടിക്കുന്നത്!
 

Latest News