കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടൽ

കോഴിക്കോട്- കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടിയതായി സംശയം. കണ്ണൂർ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും മലപ്പുറം കേരളാംകുണ്ടിലും ഉരുൾപൊട്ടിയതായി സംശയം. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിലും ഉരുൾപൊട്ടിയെന്നാണ് സംശയിക്കുന്നത്. സെമിനാരി കവലയിലും വിലങ്ങാട് പുഴയിലും വലിയ മലവെള്ളപ്പാച്ചിലാണ്.

മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ വിലങ്ങാട് പാലം പൂർണമായും വെള്ളത്തിനടിയിലായി. ഈ ഭാഗത്തെ നിരവധി കടകളിൽ വെള്ളം കയറി. കോഴിക്കോട് മലയോര മേഖലയിൽ ഇന്ന് രാവിലെ മുതൽ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.

മലവെള്ളപ്പാച്ചിലിനെ തുടർന്ന് വിലങ്ങാട് ഭാഗത്ത് ജാഗ്രതാ നിർദേശം നൽകി. ഈ മേഖലയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മലപ്പുറം കരുവാരകുണ്ടിലും ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ട്. മലപ്പുറം ജില്ലയിലെ കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചിൽ. സർക്കാർ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.
 

Latest News