വി.എച്ച്.പിക്ക് വഴങ്ങി, നട്ടെല്ലില്ലാത്ത ദല്‍ഹി പോലീസെന്ന് മഹുവ മൊയ്ത്ര

ന്യദല്‍ഹി- ദല്‍ഹി പോലീസിന് നട്ടെല്ലില്ലാത്തതിനാലാണ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഹാസ്യ ഷോക്ക് അനുമതി നിഷേധിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാ എം.പി മഹുവ മൊയ്ത്ര.
നാളെ  നടത്താന്‍ നിശ്ചയിച്ചിരുന്ന  പരിപാടിക്ക് അനുമതി നിഷേധിച്ചുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അവര്‍.  വീടിന് എല്ലാ വശങ്ങളിലും മതിലുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഗാന്ധിജി പറഞ്ഞതെന്നും  75 വര്‍ഷം പിന്നിട്ട ഇന്ത്യയുടെ സാമുദായിക സൗഹാര്‍ദം കോമഡി ഷോയാല്‍ തകര്‍ക്കപ്പെടുന്ന തരത്തില്‍ ദുര്‍ബലമാണോയെന്നും അവര്‍ ചോദിച്ചു.
പരിപാടിക്കെതിരെ വി.എച്ച്.പി ദല്‍ഹി പോലീസിന് കത്തെഴുതിയതിനെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസിന്റെ ലൈസന്‍സിങ് വിഭാഗം അനുമതി നിഷേധിച്ചത്. മുനവര്‍ ഫാറൂഖിയുടെ ഷോ പ്രദേശത്തെ സാമുദായിക സൗഹാര്‍ദത്തെ ബാധിക്കുമെന്ന് കാണിച്ച് സെന്‍ട്രല്‍ ജില്ലാ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

അടുത്തിടെ ഹൈദരാബാദില്‍ നടത്തിയ ഷോ തെലങ്കാന ബിജെപി നേതാവ് ടി. രാജ സിംഗിനെ സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള രാഷ്ട്രീയ വിവാദങ്ങളിലേക്ക് നയിച്ചതോടെ മുനവര്‍ ഫാറൂഖി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കയാണ്. ആഗസ്റ്റ് 20 ന് മുനവര്‍ ഫാറൂഖിയുടെ ഹൈദരാബാദ് ഷോയ്ക്ക് മുന്നോടിയായി, മുനവറിന് ഹൈദരാബാദില്‍ ഷോ അനുവദിച്ചാല്‍ വേദി കത്തിക്കുമെന്ന് ബിജെപി നേതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.  കനത്ത സുരക്ഷയ്ക്കിടയില്‍ മുനവറിന്റെ 'ഡോംഗ്രി ടു നോവേര്‍' സമാധാനപരമായി നടന്നതിന്റെ അടുത്ത ദിവസം രാജ സിംഗ് പുറത്തുവിട്ട വീഡിയോയിലാണ് പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്.
ഇത് ഹൈദരാബാദില്‍ വലിയ പ്രതിഷേധത്തിനും സംഘര്‍ഷാവസ്ഥക്കും കാരണമായി.

 

Latest News