പാലക്കാട്- യുവാവിനെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചിറ്റൂര്‍ പട്ടഞ്ചേരി ആറാംപാടം കിഴക്കേക്കളം പരേതനായ സുരേഷിന്റെ മകന്‍ സുബീഷിന്റെ(20) മരണവുമായി ബന്ധപ്പെട്ട് പാലക്കാട് പിരായിരി പള്ളിക്കുളം ഷമീര്‍ അലി, കാടാംകോട് സുരാജ്(22) എന്നിവരെയാണ് ചിറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മറ്റ് നാലു പേര്‍ക്കു കൂടി പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. അവര്‍ക്കു വേണ്ടി തെരച്ചില്‍ നടക്കുകയാണ്.
സുബീഷിന്റെ മൃതേദഹം പാലക്കാട് യാക്കര പുഴയില്‍ നിന്ന് കണ്ടെടുത്തു. ഏകദേശം നാലടി നീളമുള്ള കല്ലില്‍ കയര്‍ ഉപയോഗിച്ച് വലിച്ചു കെട്ടിയ ശരീരം തിരിച്ചറിയാന്‍ കഴിയാത്ത വിധം ജീര്‍ണ്ണിച്ചിരുന്നു. മൃതേദഹം ഡി.എന്‍.എ പരിശോധനക്ക് അയച്ചു. കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തുക്കളാണ് പ്രതികളെല്ലാവരും.
ഇക്കഴിഞ്ഞ ജൂലൈ 19നാണ് സുബീഷിനെ കാണാതായത്. 26ന് പരാതിയുമായി അമ്മ വിജയം ചിറ്റൂര്‍ പോലീസ് സ്റ്റേഷനിലെത്തി. പോലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ വിജയം ഇടക്കിടെ മകന്റെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. കുറെ ദിവസത്തിനു ശേഷം തമിഴ്‌നാട് പെരുന്തുറൈ സ്വദേശിയായ ഒരു ലോറി ഡ്രൈവര്‍ ഫോണെടുത്തു. ഫോണ്‍ ലോറിയില്‍ നിന്ന് കിട്ടിയതാണെന്നും സ്ഥലത്തെത്തിയാല്‍ തിരിച്ചു തരാം എന്നും അയാള്‍ അറിയിച്ചു. വിജയം ഇക്കാര്യം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തു. പെരുന്തുറൈയിലെത്തിയ അന്വേഷണസംഘം മൊബൈല്‍ വാങ്ങി കാള്‍ ലിസ്റ്റ് പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. അപകടത്തില്‍പ്പെട്ട ഒരു വാഹനത്തിന്റെ ടയര്‍ നന്നാക്കിയതിന്റെ പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.






