തൃശൂര്‍- കൊടകര കോടാലിയില്‍ മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.
കിഴക്കേ കോടാലി ഉപ്പുഴി വീട്ടില്‍ ശോഭന(54)യാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. മകന്‍ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിന് ശേഷം ഇയാള്‍ വെള്ളിക്കുളങ്ങര സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
സ്‌റ്റേഷനിലെത്തിയ വിഷ്ണു ഏറെനേരം ഒന്നും പറഞ്ഞില്ല. പിന്നീടാണ് അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ വിവരം പോലീസിനോട് പറഞ്ഞത്. പോലീസ് ഉടന്‍ വിഷ്ണുവിന്റെ അയല്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് വീട്ടില്‍ ചെന്ന് നോക്കാന്‍ നിര്‍ദ്ദേശിച്ചു. അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴേക്കും പോലീസും പിന്നാലെയെത്തി.
തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് വീട്ടിനകത്ത് ശോഭന രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്.
തലയ്ക്ക് അരികിലായി ഗ്യാസ് സിലിണ്ടറും വീണു കിടപ്പുണ്ടായിരുന്നു.
ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് തന്നെയാണ് വിഷ്ണു അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് കരുതുന്നത്. എന്താണ് കൊലയ്ക്ക് കാരണമെന്ന് വിഷ്ണു പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. ഒരു മാസം മുന്‍പാണ് ഇവര്‍ ഈ വീട്ടിലേക്ക് താമസം മാറിയത്. ശോഭനയുടെ ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്.






