ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ...

 

വേലി തന്നെ വിള തിന്നുന്ന അവസ്ഥ. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ നാട് ആകാതിരിക്കാൻ സമൂഹവും രക്ഷാകർത്താക്കളും അതീവ ജാഗ്രത പുലർത്തേണ്ട, ഏറ്റവും അരക്ഷിതമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. 

 

കള്ളക്കടത്ത് സ്വർണം പുറത്ത് കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ,  കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, മന്ത്രവാദി പിടിയിൽ, പ്രകൃതിവിരുദ്ധ പീഡനം: പള്ളി വികാരി അറസ്റ്റിൽ, വിദ്യാർത്ഥിയെ പീഡിപ്പിച്ച മുൻ ഇമാം അറസ്റ്റിൽ, പ്ലസ് ടു വിദ്യാർത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു, ഒരാൾ അറസ്റ്റിൽ, കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ച പിതാവ് അറസ്റ്റിൽ, 
മകളെ കൊലപ്പെടുത്തിയ മകൾ അച്ഛനെയും കൊല്ലാൻ ശ്രമിച്ചു. (കേരളത്തിൽ നിന്നുള്ള മാധ്യമങ്ങളിലെ ഏതാനും പുതിയ തലക്കെട്ടുകൾ)

കേരളത്തിൽ ദിവസേന പുറത്തിറങ്ങുന്ന വാർത്ത മാധ്യമങ്ങൾ കാണുമ്പോൾ സാധാരണ പൗരന് സ്വാഭാവികമായും തോന്നുന്ന സംശയമാണ് ഇതിന്റെ തലക്കെട്ട്. 'ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാലോ..?'
മുസ്‌ലിം പള്ളിയിലെ ഇമാം, ക്രിസ്ത്യൻ പള്ളിയിലെ വികാരി, അമ്പലത്തിലെ പൂജാരി തുടങ്ങിയവരാണ് ചില പീഡനക്കേസുകളിലെ പ്രതികൾ. സമൂഹത്തിന് നന്മയുടെ മാർഗം കാണിച്ചുകൊടുക്കേണ്ടവരാണിവർ. കോവിഡ് കാരണം നിശ്ചലമായ നാട് രണ്ടു വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും സജീവമായപ്പോൾ ഇത്തരം പീഡന പരാതികൾ വർധിച്ചിട്ടുണ്ട്. സ്വന്തം പിതാവാണ് മകളെ സുഹൃത്തുക്കൾക്ക് കാഴ്ച വെക്കുന്നത്. 
എൻ.എസ്.എസ് ക്യാമ്പിൽ പോലും അധ്യാപകന്റെ ഒളിഞ്ഞുനോട്ടം കാരണം വിദ്യാർത്ഥിനിക്ക് വസ്ത്രം മാറാൻ സാധിക്കുന്നില്ല. നാട്ടിൽ ആക്രമ പ്രവർത്തനങ്ങൾ വർധിക്കുന്നു. കേരളത്തിൽ ഒരാളെങ്കിലും കൊല ചെയ്യപ്പെടാത്ത ഒരു ദിവസം പോലുമില്ല. മയക്കുമരുന്നുകൾ സുലഭമായി ഒഴുകുന്നു. സമയോചിത ഇടപെടൽ നടത്താത്തതിന് ആഭ്യന്തര വകുപ്പിനെ നമുക്ക് കുറ്റപ്പെടുത്താം. കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ഒരുങ്ങിനിൽക്കുന്ന കസ്റ്റംസ് സൂപ്രണ്ട് ഉള്ള കേരളത്തിൽ ഇത്രയെങ്കിലും സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. വേലി തന്നെ വിള തിന്നുന്ന അവസ്ഥ. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ നാട് ആകാതിരിക്കാൻ സമൂഹവും, രക്ഷകർത്താക്കളും അതീവ ജാഗ്രത പുലർത്തേണ്ട, ഏറ്റവും അരക്ഷിതമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. സാമൂഹികമായ പല കാരണങ്ങളും ഇത്തരം ക്രിമിനൽ വാഴ്ചക്ക് കാരണമായിരിക്കും. പക്ഷേ അടിസ്ഥാനപരമായി ധാർമിക മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചുപോയ, സത്യത്തിലും നീതിയിലും വിശ്വാസമില്ലാത്ത ഒരു ജനക്കൂട്ടം, പ്രത്യേകിച്ചും യുവതലമുറ, സമൂഹത്തിൽ അധീശത്വം സ്ഥാപിച്ചതിനെത്തുടർന്നാണ് ഇത്ര വലിയ ജീർണത വന്നുപെട്ടത് എന്ന കാര്യത്തിൽ തർക്കമില്ല. ഭരണകൂടവും പോലീസും നീതിന്യായ സ്ഥാപനങ്ങളും മതപൗരോഹിത്യവുമെല്ലാം അനീതിക്ക് കൂട്ടുനിൽക്കുന്ന അപകടകരമായ അവസ്ഥയിലൂടെയാണ് നാട് നിർഭാഗ്യവശാൽ കടന്നുപോകുന്നത്. സത്യത്തിനു വിലയില്ലാതായിരിക്കുന്നു. അതിക്രൂരമായ ബലാൽസംഗത്തിനു വിധേയയായിയെന്നതിന്റെ തെളിവുകൾ, സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നതിന്റെ തെളിവുകൾ പകൽ പോലെ ലഭ്യമായിട്ടും കൊടുംക്രിമിനലുകളായ കുറ്റവാളികളെ വിട്ടയക്കുകയെന്ന മഹാപാതകമാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ജനാധിപത്യ സർക്കാർ ചെയ്തത്. നീതിക്ക് കേഴുന്ന ജനകോടികൾക്ക് അപ്പോൾ അതെവിടെ നിന്നു കിട്ടും? ബിൽക്കീസിനെ പോലുള്ള സഹോദരിമാരുടെ ദീനരോദനത്തിനു മീതെയാണ് ഇന്ത്യ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തിന്റെ പതാകകൾ പാറിച്ചത് എന്നത് എന്തൊരു വിരോധാഭാസമാണ്? 

Latest News