ഇലയിട്ടൊരു ഊണും ഓണാഘോഷവും; ഗള്‍ഫിലേക്ക് ടണ്‍ കണക്കിന് വാഴയില

നെടുമ്പാശ്ശേരി- ഗള്‍ഫില്‍ മലയാളികള്‍ക്കിടയില്‍  ഓണാഘോഷം തുടങ്ങിയതോടെ സംസ്ഥാനത്ത് നിന്നുള്ള വാഴയിലകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുകയാണ്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി വിദേശ മലയാളികള്‍ക്കിടയില്‍ കാര്യമായ രീതിയില്‍ ഓണാഘോഷം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ കേരളത്തില്‍ നിന്നുള്ള കയറ്റുമതിയില്‍ മികച്ച നേട്ടമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ടണ്‍ വാഴയിലകളാണ് ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഒരു സ്വകാര്യ ഏജന്‍സി ദുബായിലേക്ക് കയറ്റി അയച്ചത്. അടുത്തയാഴ്ചയോടെ എട്ട് മുതല്‍ പത്ത് ടണ്‍ വാഴയില കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച കോഴിക്കോട് ആസ്ഥാനമായുള്ള കെ.ബി എക്‌സ്‌പോര്‍ട്ട് ആന്‍ഡ് ഇംപോര്‍ട്ട്‌സ് എന്ന സ്ഥാപനം 14 ടണ്‍ വാഴയിലയാണ് ദുബായിലേക്ക് കയറ്റി അയച്ചത്. കേരളത്തില്‍ നിന്നും പ്രധാനമായും ദുബായിലേക്കാണ് വാഴയിലയും പച്ചക്കറികളും കയറ്റിയയക്കുന്നത്.  അവിടെ നിന്നും റോഡ് മാര്‍ഗമാണ് ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നത്. വാഴയില ഉള്‍പ്പെടെ കേടാകുന്ന എല്ലാ സാധനങ്ങളും ഏഴ് ഡിഗ്രി സെല്‍ഷ്യസിലാണ് ഫ്രീസറില്‍ സൂക്ഷിക്കുന്നത്. ഇത് കൂടാതെ വെണ്ടക്ക, വഴുതനങ്ങ, മുരിങ്ങക്കായ്, പാവയ്ക്ക, അച്ചിങ്ങ തുടങ്ങിയ പച്ചക്കറികളും ഏത്തക്കായ, പൂവന്‍ തുടങ്ങിയ പഴ വര്‍ഗ്ഗങ്ങളും ഇത്തവണ ഓണാഘോഷങ്ങള്‍ക്കായി കൂടുതലായി കയറ്റി അയയ്ക്കുന്നുണ്ട്. പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും വിമാന മാര്‍ഗ്ഗം കയറ്റിയയക്കുമ്പോള്‍ കപ്പല്‍ മാര്‍ഗ്ഗം അയക്കുന്നതിനെ അപേക്ഷിച്ച് വന്‍ ചിലവാണ് ഉണ്ടാകുന്നത്. ഒരു കിലോഗ്രാം ഏത്തപ്പഴം കപ്പല്‍ മാര്‍ഗ്ഗം അയയ്ക്കാന്‍ 15 രൂപ ചിലവ് വരുമ്പോള്‍ വിമാന മാര്‍ഗ്ഗം 50 മുതല്‍ 80 രൂപ വരെയാണ് ഈടാക്കുന്നത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന നിരക്കാണ് ഇതെന്നാണ് കയറ്റുമതി രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ഗള്‍ഫ് മലയാളികളുടെ ഓണാഘോഷവും ചിലവേറിയതായിരിക്കും.

 

Latest News