മോളിയുടെ വേര്‍പാടില്‍ ആബിദ് അടിവാരത്തിന്റെ കുറിപ്പ്

വാഹനാപകടത്തില്‍ വിടപറഞ്ഞ പ്രിയതമ മോളിയെകുറിച്ചും സമൂഹത്തില്‍നിന്ന് ലഭിച്ച പിന്തുണയെ കുറിച്ചു പ്രാര്‍ഥനകളെ കുറിച്ചു ആക്ടീവിസ്റ്റ് ആബിദ് അടിവാരം ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പ്.

 
ഇന്ന് ആദ്യത്തെ വെള്ളിയാഴ്ചയാണ്...
ഞങ്ങളുടെയെല്ലാം മോളി, എന്റെ കുട്ടികളുടെ ഉമ്മി വിടപറഞ്ഞ ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ചയാണിന്ന്. ഭൂമി നെടുകെ പിളർന്ന് അന്ധകാരത്തിലേക്ക് വീണു പോയ ഞങ്ങളെ കൈ പിടിച്ചുയർത്തി നെഞ്ചോട് ചേർത്ത് നിർത്തി ജീവൻ തിരിച്ചു നൽകിയത് പ്രിയപ്പെട്ടവരേ നിങ്ങളാണ്.
അപകട വിവരമറിഞ്ഞ് ഞാൻ വീട്ടിലെത്തുന്നതിന് മുമ്പേ സയ്യിദ് സാദിഖലി തങ്ങൾ വീട്ടിലെത്തിയിരുന്നു, സയ്യിദ് അഹമ്മദ് മുഹ്‌യുദ്ധീൻ നൂരിഷാ സാനിയുടെ ഫോൺ കോൾ ആദ്യ നിമിഷങ്ങളിൽ തന്നെ എന്നെത്തേടി വന്നിരുന്നു. ഈ നിമിഷം വരെ അത് തുടരുകയാണ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മയ്യിത്ത് നിസ്കാരത്തിനെത്തിയ ആയിരങ്ങൾ എനിക്ക് മുഖപരിചയം പോലുമില്ലാത്തവരാണ്. സാദാത്തുകളും പണ്ഡിതരും മന്ത്രിമാരും എംഎൽഎമാരും വിവിധ പാർട്ടികളുടേയും സംഘടനകളുടേയും നേതാക്കളും സാഹിത്യ സാംസ്കാരീക രംഗത്തുള്ളവരും മാധ്യമ പ്രവർത്തകരും നാട്ടുകാരും സുഹൃത്തുക്കളും ഈ വാളിലെ സൗഹൃദങ്ങളും... ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങളെ ചേർത്ത് പിടിക്കാൻ വീട്ടിലെത്തിയവർ ആയിരങ്ങളാണ്.
എത്തിച്ചേരാൻ പ്രയാസമുള്ള അബ്ദുൽ നാസർ മഅദനിയുൾപ്പടെ നൂറു കണക്കിന് പേരാണ് ഫോണിൽ വിളിച്ച് കൂടെയുണ്ടെന്ന് പറഞ്ഞ് ചേർത്ത് നിർത്തിയത്. ആയിരങ്ങളാണ് മെസഞ്ചറിലും വാട്സപ്പിലും പ്രാർത്ഥനകളും സ്വാന്തനവുമായി എത്തിയത്. മക്കയിൽ നിന്ന് മദീനയിൽ നിന്ന് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് മലേഷ്യയിൽ നിന്ന് സിംഗപ്പൂരിൽ നിന്ന് ആസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിന്റെ മുക്കുമൂലകളിൽ നിന്ന് പ്രാർത്ഥനാ സദസ്സുകൾ സംഘടിപ്പിച്ചതിന്റെ ഫോട്ടോ അയച്ചു കൊണ്ടിരിക്കുകയാണ് പലരും. ലക്ഷക്കണക്കിന് തഹ്ലീലുകളും ഖുർആൻ സൂക്തങ്ങളും പ്രാർത്ഥനകളുമാണ് വാനിലേക്കുയർന്നത്. ഇന്നലെ വീട്ടിൽ വന്ന സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു "ഭൗതീക ലോകത്തെ നിങ്ങളുടെ നഷ്ടത്തെ ഞാൻ കാണാതിരിക്കുന്നില്ല, പക്ഷെ ഒരു വിശ്വാസി എന്ന നിലയിൽ അവർ വല്ലാത്ത ഭാഗ്യവതിയാണ്. വെള്ളിയാഴ്ച മരണപ്പെടുന്നവർ സ്വർഗ്ഗാവകാശികളാണെന്ന് ഹദീസുണ്ട്, അപകടങ്ങളിൽ മരിക്കുന്നവർക്ക് ശഹീദിന്റെ പരിഗണനയാണെന്നും നബി തങ്ങൾ പറഞ്ഞിട്ടുണ്ട്, എല്ലാത്തിനുമുപരി ഇത് പോലെ മനുഷ്യർ മനസ്സുരുകി പ്രാർത്ഥിച്ച ഒരു സംഭവം അടുത്തെങ്ങുമുണ്ടായിട്ടില്ല, കുറേ കാലം ജീവിക്കുന്നതിലല്ല കാര്യം, എല്ലാ മനുഷ്യരുടെയും പ്രാർത്ഥനകൾ ഏറ്റ് വാങ്ങി ഇത് പോലെ അല്ലാഹുവിലേക്ക് യാത്രയാവാൻ കഴിയണം...."
അവൾ പൂക്കളെ പരിലാളിക്കുന്ന പോലെയാണ് മനുഷ്യർ ഞങ്ങളെ പരിലാളിച്ചത്, ഹൃദയത്തോട് ചേർത്ത് പിടിച്ചത്. കൂടെയുണ്ടെന്ന് വാക്ക് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ എന്റെയും കുട്ടികളുടെയും മുഖത്ത് കണ്ട ക്ഷമയും ശാന്തതയും കണ്ട് പലരും ചോദിച്ചു "ഇതെങ്ങനെ സാധിക്കുന്നു..?" അത് നിങ്ങളുടെ പ്രാർത്ഥനയുടെ ഫലമാണ് പ്രിയപ്പെട്ടവരേ..
കുട്ടികൾ സ്കൂളിൽ പോയി തുടങ്ങി, മോളിയുടെ സ്വപ്നങ്ങൾക്ക് വേണ്ടി എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ടു പോകാൻ ഞങ്ങൾ ഒരുങ്ങികഴിഞ്ഞു. നിങ്ങളിങ്ങനെ ഹൃദയത്തോട് ചേർത്ത് നിർത്തുമ്പോൾ കരുണ പെയ്തിറങ്ങുമ്പോൾ ഞങ്ങൾക്കെങ്ങനെ തോൽക്കാൻ കഴിയും...?
ഇന്ന് നിങ്ങളുടെ പള്ളിയിൽ ജുമുഅ നിസ്കാരത്തിന് ശേഷമുള്ള മയ്യിത്ത് നിസ്കാരത്തിലും പ്രാർത്ഥനയിലും ഫാത്തിമ സാജിതയെക്കൂടി ഉൾപ്പെടുത്തണേയെന്ന്, നിങ്ങളുടെ പള്ളിയിലെ ഇമാമിനെ ഓർമപ്പെടുത്തണേയെന്ന് , നിങ്ങളുടെ പ്രാർത്ഥനകളിൽ അവളെ ഓർക്കണേയെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
എല്ലാവരോടും നന്ദി, കണ്ണീരിൽ കുതിർന്ന സ്നേഹം ❤️
 

Latest News