Sorry, you need to enable JavaScript to visit this website.

നാടുവിട്ട വ്യവസായി ദമ്പതികളെ  കോയമ്പത്തൂരില്‍ കണ്ടെത്തി, തലശ്ശേരിയിലെത്തിക്കും 

പാലക്കാട്- നഗരസഭ അപമാനിക്കുന്നതില്‍ സങ്കടപ്പെട്ട് തലശ്ശേരിയില്‍ നിന്ന് നാടുവിട്ട വ്യവസായ പുരസ്‌കാര ജേതാക്കളായ ദമ്പതികളെ കണ്ടെത്തി. പാനൂര്‍ താഴെവീട്ടില്‍ രാജ്കബീര്‍ (58) ഭാര്യ ശ്രീദിവ്യ (48) എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണ് കണ്ടെത്തിയത്. ട്രെയിന്‍ മാര്‍ഗം ഇരുവരെയും തലശ്ശേരിയിലെത്തിക്കും. ഫര്‍ണിച്ചര്‍ ഫാക്ടറിക്ക് നഗരസഭ പൂട്ടിട്ടതോടെയാണ് ദമ്പതികള്‍ നാടുവിട്ടത്. സ്ഥലം കൈയേറിയെന്നാരോപിച്ചാണ് പത്ത് ജീവനക്കാരുള്ള ഫാക്ടറി നഗരസഭ പൂട്ടിച്ചത്. നാലുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ദമ്പതികളുടെ പരാതിയില്‍ തുക ഗഡുക്കളാക്കി അടയ്ക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവുമായെത്തിയ ദമ്പതികളെ ഉദ്യോഗസ്ഥരും നഗരസഭാ ഭരണാധികാരികളും അപമാനിച്ചുവെന്നും പരാതിയുയര്‍ന്നിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. ക്രൂരമായ നടപടി താങ്ങാനാവില്ലെന്നും തങ്ങള്‍ പോവുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ശേഷമാണ് ദമ്പതികള്‍ നാടുവിട്ടത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും കോയമ്പത്തൂരിലുണ്ടെന്ന സൂചന ഇന്നലെ വൈകിട്ടോടെ പോലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മന്ത്രി പി. രാജീവില്‍ നിന്ന് മികച്ച വ്യവസായികള്‍ക്കുള്ള പുരസ്‌കാരം ദമ്പതികള്‍ക്കാണ് ലഭിച്ചത്.

Latest News