- ട്വിറ്റർ മുൻ സുരക്ഷ മേധാവിയുടെ വെളിപ്പെടുത്തൽ
ട്വിറ്റർ ജീവനക്കാരിൽ ഒരു സർക്കാർ ഏജന്റിനെ ഉൾപ്പെടുത്താൻ ഇന്ത്യൻ സർക്കാർ സമ്മർദം ചെലുത്തിയിരുന്നതായി വെളിപ്പെടുത്തൽ. സോഷ്യൽ മീഡിയ സ്ഥാപനത്തിൽ നേരത്തെ ജോലി ചെയ്തിരുന്ന സുരക്ഷ മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ട്വിറ്ററിലെ മറ്റു സുരക്ഷ വീഴ്ചകൾ വെളിപ്പെടുത്തിയ കൂട്ടത്തിലാണ് ട്വിറ്റർ മുൻ സുരക്ഷ മേധാവി പീറ്റർ മഡ്ജ് സാറ്റ്കോ ഇക്കാര്യം യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ മുമ്പാകെ അറിയിച്ചത്.
ട്വിറ്ററിന്റെ ദുർബലമായ സുരക്ഷ സംവിധാനങ്ങൾ കാരണം നിയോഗിക്കപ്പെടുന്ന ഗവൺമെന്റ് ഏജന്റുമാർക്ക് ഉപയോക്താക്കളുടെ ഡാറ്റ കൈകാര്യം ചെയ്യുക എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാധ്യത കണക്കിലെടുത്ത് രണ്ട് വിദേശ രാജ്യങ്ങൾ തങ്ങളുടെ ഏജന്റുമാരെ ട്വിറ്ററിന്റെ ശമ്പളക്കാരാക്കാൻ പരമാവധി ശ്രമം നടത്തി.
ഇന്ത്യ ഗവൺമെന്റിനെക്കുറിച്ചുള്ള ആരോപണങ്ങൾ കൂടുതൽ വിശദീകരിക്കപ്പെട്ടിരുന്നില്ലെങ്കിലും ട്വിറ്ററിൽ മുമ്പ് തന്നെ ഉയർന്നിരുന്നു. ട്വിറ്റർ വൃത്തങ്ങൾ ഇക്കാര്യം വാർത്ത ഏജൻസികളോട് സ്ഥിരീകരിച്ചു. ഇന്ത്യയുടെ ഐ.ടി മന്ത്രാലയ പ്രതിനിധികൾ പുതിയ വിവാദത്തോട് പ്രതികരിച്ചിട്ടില്ല.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് ഉള്ളടക്കം നീക്കം ചെയ്യാനുള്ള ഇന്ത്യൻ സർക്കാരിന്റെ ചില ഉത്തരവുകൾ അംഗീകരിക്കാൻ തയാറായിരുന്നില്ല. ഇത്തരം ഉത്തരവുകൾ അസാധുവാക്കാനും ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗം ചൂണ്ടിക്കാണിക്കാനും ട്വിറ്റർ കോടതിയെ സമീപിക്കുകയും ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ട്വിറ്റർ നിരാകരിച്ചതിനു ശേഷം ട്വിറ്ററും ഇന്ത്യൻ സർക്കാരും തമ്മിൽ നിയമ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കയാണ്. കേസിൽ അടുത്ത വാദം വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
കമ്പനിയുടെ ജീവനക്കാരിൽ ഏജന്റുമാരെ ഉൾപ്പെടുത്തുന്നതിൽ ഇന്ത്യൻ സർക്കാർ വിജയിച്ചതായി എക്സിക്യൂട്ടീവ് ടീം വിശ്വസിച്ചിരുന്നുവെന്നും എന്നാൽ കമ്പനി ഇക്കാര്യം ഉപയോക്താക്കളോട് വെളിപ്പെടുത്തിയിട്ടില്ലെന്നും മുൻ സുരക്ഷ മേധാവി സാറ്റ്കോ നൽകിയ പരാതിയിൽ പറയുന്നു.
സാറ്റ്കോയുടെ അവകാശ വാദങ്ങളെ പിന്തുണക്കുന്ന വിവരങ്ങൾ യു.എസ് നീതിന്യായ വകുപ്പിന്റെ ദേശീയ സുരക്ഷ വിഭാഗത്തിലേക്കും ഇന്റലിജൻസ് സംബന്ധിച്ച യു.എസ് സെനറ്റ് സെലക്ട് കമ്മിറ്റിയിലേക്കും പോയതായി റിപ്പോർട്ടുകളിൽ പറയുന്നു.
അമേരിക്കയുടെ ഉന്നത സൈബർ സുരക്ഷ വിദഗ്ധരിൽ ഒരാളായ സാറ്റ്കോ പേരെടുത്ത ഹാക്കർ കൂടിയാണ്. 2020 ൽ ട്വിറ്ററിൽ വലിയ തോതിൽ സൈബർ ആക്രമണം നടന്നപ്പോഴാണ് ട്വിറ്റർ മേധാവി ജാക് ഡോർസി ഇദ്ദേഹത്തെ ട്വിറ്ററിലേക്ക് എടുത്തത്. ട്വിറ്ററിൽ ചേരുന്നതിനു മുമ്പ് ഇലക്ട്രോണിക് പെയ്മെന്റ് കമ്പനിയായ സ്റ്റ്രൈപിന്റെ സുരക്ഷ മേധാവിയായിരുന്നു.
ട്വിറ്ററിനെതിരായ വെളിപ്പെടുത്തൽ വിരോധം കാരണമെന്ന്
ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള മുൻ സുരക്ഷ മേധാവിയുടെ ആരോപണം തള്ളി സി.ഇ പരാഗ് അഗർവാൾ. സ്പാം അക്കൗണ്ടുകളുടെ എണ്ണത്തെ കുറിച്ച് ട്വിറ്റർ പറയുന്നത് കള്ളമാണെന്നാണ് മുൻ സുരക്ഷ മേധാവി പീറ്റർ മുഡ്ഗെ സാറ്റ്കോയുടെ ആരോപണം. മോശം ജോലിയും ഫലപ്രദമല്ലാത്ത നേതൃത്വവും കാരണമാണ് സാറ്റ്കോയെ പുറത്താക്കിയതെന്നും അതിന്റെ വിരോധം തീർക്കുകയാണെന്നും പരാഗ് അഗർവാൾ പറഞ്ഞു. തീർത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് സാറ്റ്കോ ഉന്നയിക്കുന്നതെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വിറ്ററിൽ വലിയ സുരക്ഷ വീഴ്ചകളുണ്ടെന്നും കമ്പനി സൈബർ സുരക്ഷ അവഗണിക്കുകയാണെന്നും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഭീഷണിയിലാണെന്നും സാറ്റ്കോ പറഞ്ഞിരുന്നു. 2022 ജനുവരിയിലാണ് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നത്. വിദേശ സർക്കാർ ഏജന്റുമാരായ രണ്ടുപേരെ ട്വിറ്റർ ജോലിക്കെടുത്തുവെന്നും ഇവർക്ക് ട്വിറ്ററിന്റെ ആഭ്യന്തര ഡാറ്റകളിൽ പ്രവേശിക്കാൻ സാധിക്കുന്നുണ്ടെന്നും സാറ്റ്കോ കഴിഞ്ഞ മാസം യു.എസ് കോൺഗ്രസിനെയും ഫെഡറൽ അന്വേഷണ ഏജൻസികളെയും അറിയിച്ചിരുന്നു.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾക്കും ഡാറ്റ സുരക്ഷക്കും അതീവ പ്രാധാന്യമാണ് നൽകുന്നതെന്ന് വിശദീകരിച്ചാണ് കമ്പനി ആരോപണങ്ങളെ പ്രതിരോധിക്കുന്നത്.






