Sorry, you need to enable JavaScript to visit this website.

ഹിന്ദുത്വവും ഹിന്ദുയിസവും

വർഷങ്ങളായിപരിചയമുള്ള സുഹൃത്തും സഹപാഠിയുമായ വനിത, വിഷുദിനത്തിൽ ഫെയ്‌സ്ബുക്കിൽ ഇങ്ങനെ പോസ്റ്റ് ചെയ്തു: എനിക്ക് ഇക്കൊല്ലം വിഷുവില്ല. വിഷു ദിവസം ഞാൻ ഉപവസിക്കും. കതുവയിലെ ആസിഫയുടെ ദാരുണ മരണത്തിലെ വേദന കൊണ്ടാണിത്. അവർ വിശദീകരിച്ചു: 'ഞാൻ ഇത് എഴുതുന്നത് ആസിഫയുടെ മതമോ ജാതിയോ നോക്കിയല്ല. ഒരു അമ്മയുടെ വേദന അറിയുന്നതുകൊണ്ടാണ്.' കൃത്യമായി അമ്പലത്തിൽ പോകുന്ന, ഭഗവാന്റെ കാരുണ്യത്തിൽ വിശ്വസിക്കുന്ന ഒരു ഹിന്ദു വനിതയാണ് അവർ.
കശ്മീരിലെ കതുവയിലുണ്ടായ ദാരുണമായ സംഭവവും അതിനോട് ദേശം പ്രതികരിച്ച രീതിയും പല പാഠങ്ങൾ പകർന്നു തരുന്നതാണ്. അതിൽ പ്രധാനമായത്, ഈ രാജ്യത്തെ മതേതരത്വ ബോധത്തിന്റെ ശക്തിയെക്കുറിച്ചുള്ളതാണ്. രാജ്യത്തെ ഭൂരിപക്ഷ സമുദായത്തെ രാഷ്ട്രീയവത്കരിച്ച്, അതിന്റെ കരുത്തിൽ വോട്ടുകൾ നേടി അധികാരത്തിലെത്തിയവരാണ് ഭരണത്തിൽ. അതേ ഭൂരിപക്ഷ സമുദായം തന്നെയാണ് രാജ്യത്തിന്റെ മതനിരപേക്ഷതക്ക് അനന്യമായ സംഭാവന നൽകുന്നതെന്നത് ഇന്ത്യയുടെ സവിശേഷതയാണ്. അതു തിരിച്ചറിയാൻ കഴിയുകയെന്നതാണ് രാജ്യത്തെ ന്യൂനപക്ഷത്തിന് വലിയ ആശ്വാസം പകരുന്നത്.
രണ്ടു തരം ഹിന്ദുക്കളെക്കുറിച്ച ചർച്ചകൾ കതുവ സംഭവത്തിന് ശേഷം വലിയ തോതിലുണ്ടായിട്ടുണ്ട്. വളരെ നേരത്തെ ഉയരേണ്ടതായിരുന്നു ഈ ചർച്ച. ഹിന്ദുയിസവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം മുമ്പേ തന്നെ ഇവിടെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അത് രണ്ടും രണ്ടാണെന്നും രണ്ടിനേയും പ്രതിനിധീകരിക്കുന്നവരുടെ രാഷ്ട്രീയ മൂല്യങ്ങൾ വ്യത്യസ്തമാണെന്നും നമുക്കറിയാം. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയമാകട്ടെ, രണ്ടിനേയും ഒന്നായി കാണാനും പ്രചരിപ്പിക്കാനും ആഗ്രഹിക്കുന്നു. ആ പ്രചാരണ വലയിലാകട്ടെ, ന്യൂനപക്ഷങ്ങൾ പലപ്പോഴും കുടുങ്ങിപ്പോകുകയും ചെയ്യുന്നു. 

സഹിഷ്ണുതയുടെ പാരമ്പര്യമുള്ള ഹിന്ദുമതത്തെ രാഷ്ട്രീയവത്കരിച്ച് സ്വന്തം താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ, ഹിന്ദുത്വത്തേയും ഹിന്ദുയിസത്തേയും കൂട്ടിക്കെട്ടാൻ അതീവ തൽപരരാണ്. അതിനായി നവ വ്യാഖ്യാനങ്ങളും അവർ ചമക്കുന്നു. എന്നാൽ ഹിന്ദുത്വവും ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ശേഷിയുള്ളവരാണ് സാധാരണക്കാർ. അവരൊടൊപ്പം ചേർന്നു നിൽക്കുകയാണ് ന്യൂനപക്ഷങ്ങൾ ചെയ്യേണ്ടത്.

പ്രധാനമന്ത്രിയായിരുന്നപ്പോൾ എ.ബി. വാജ്‌പേയി നടത്തിയ ഗോവ പ്രസംഗം ഏവരുടേയും ഓർമയിലുണ്ടാകും. ഗുജറാത്ത് വർഗീയ കലാപത്തിൽ കത്തിയെരിഞ്ഞ കാലമായിരുന്നു അത്. ഹിന്ദുത്വമായിരുന്നു അദ്ദേഹത്തിന്റെ പ്രതിപാദ്യ വിഷയം. വാജ്‌പേയിയുടെ ഹിന്ദുത്വ വ്യാഖ്യാനം അതീവ മൃദുവായിരുന്നു. അത് ആർഷ സംസ്‌കാരത്തെക്കുറിച്ച് അഭിമാനിക്കുകയും രാജ്യത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് ഓർമിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യ എക്കാലവും ഉയർത്തിപ്പിടിച്ച സഹിഷ്ണുതയുടേയും മതേതര സംസ്‌കാരത്തിന്റെയും വിളനിലമായും ഉറവിടമായും ഹിന്ദുത്വത്തെ വാജ്‌പേയി ദർശിക്കുന്നു. അദ്ദേഹത്തിന്റെ ഭാവനാധിഷ്ഠിതമായ ഈ വ്യാഖ്യാനം രാജ്യത്തിന്റെ സമകാലീന യാഥാർഥ്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോൾ നമുക്ക് നടുക്കമുണ്ടാവുന്നു.
ഹിന്ദുത്വം മതേതര വിരുദ്ധമല്ല എന്നായിരുന്നു വാജ്‌പേയിയുടെ പ്രധാന വാദം. എന്നാലിത് ഹിന്ദുത്വയുടെ ആചാര്യന്മാരുടെ വാദങ്ങളിൽനിന്ന് തുലോം വ്യത്യസ്തമാണ്. അദ്ദേഹം പറഞ്ഞു: 'ഹിന്ദുത്വവും ഭാരതീയതയും വ്യത്യസ്തമല്ല. രണ്ടും ഒരേ ചിന്തയുടെ പ്രകടനങ്ങളാണ്. ഇന്ത്യ എല്ലാവരുടേതുമാണെന്നും എല്ലാവരും  ഇന്ത്യയുടേതുമാണെന്നും രണ്ടും വ്യക്തമാക്കുന്നു. ഇന്ത്യയിലെ വ്യത്യസ്ത മത-മതേതര സംസ്‌കാരങ്ങൾ ഒന്നു ചേർന്ന ദേശീയ ബോധത്തിന് അടിസ്ഥാനമാകുന്നതും ഇവയാണ്. ഹിന്ദുത്വം മതപരമോ രാഷ്ട്രീയമോ ആയ ചിന്താസരണിയല്ലെന്നും മനുഷ്യ ജീവിതത്തിന് മഹത്വം പ്രദാനം ചെയ്യുന്ന ദർശനമാണെന്നും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.' 
പരമോന്നത കോടതിയുടെ വക്കാലത്തോടെ വാജ്‌പേയി വിളമ്പുന്ന ഈ ദർശന സൗകുമാര്യം ഇന്ത്യൻ യാഥാർഥ്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നു? ഇന്ത്യ എല്ലാവരുടേതുമാണെങ്കിൽ ഗുജറാത്തിലെ നരോദ പാട്യയിൽ കുത്തബുദ്ദീൻ എന്ന തുന്നൽക്കാരന് കത്തിയാളുന്ന കെട്ടിടത്തിന്റെ ബാൽക്കണിയിൽ അഭയം തേടി സ്വന്തം നാട്ടുകാരോട് ജീവനു വേണ്ടി യാചിക്കേണ്ടി വന്നതെന്തുകൊണ്ട്? വാജ്‌പേയി മഹത്വവൽക്കരിക്കുന്ന ഹിന്ദുത്വത്തിന്റെ പ്രതിനിധികൾ തന്നെയാണല്ലോ കുന്തവും വാളുകളുമായി അയാളുടെ ജീവനെടുക്കാനെത്തിയത്. കുത്തബുദ്ദീനെപ്പോലെ ഒരു ബാൽക്കണിയുടെ സുരക്ഷിതത്വം ഇല്ലാത്ത അനേകം നിരപരാധികളെ ചോരയിൽ മുക്കിക്കൊന്നത്. ഗർഭിണികളെ വയറുകീറി കൊലപ്പെടുത്തി തീയിലെറിഞ്ഞ് ചുട്ടത്. യുവതികളെ കൂട്ട ബലാത്സംഗം ചെയ്തത്. യുവാക്കളെ നിഷ്‌കരുണം തലയരിഞ്ഞത്. ഏറ്റവുമൊടുവിൽ, കതുവയിലെ ക്ഷേത്രാങ്കണത്തിൽ, ഒരു പിഞ്ചു ബാലികയെ ഇഞ്ചിഞ്ചായി കൊന്നത്. ഇന്ത്യയുടെ വ്യത്യസ്ത മത-മതേതര സംസ്‌കാരം ഇങ്ങനെ ഒത്തുചേരണമെന്നാണോ ഹിന്ദുത്വം വിഭാവനം ചെയ്യുന്നത്. അല്ലെങ്കിൽ എന്തുകൊണ്ട് ഇത് ഹിന്ദുത്വമല്ലെന്നും കാട്ടാളത്തമാണെന്നും പറയാൻ അദ്ദേഹത്തിന്റെ അനുയായികൾ തയാറായില്ല. മനുഷ്യ ജീവിതത്തിൻ മഹത്വം പ്രദാനം ചെയ്യുന്ന ജീവിത സരണിയാണ് ഹിന്ദുത്വമെങ്കിൽ, അതിന്റെ പ്രയോക്താവാണ് താനെങ്കിൽ നരേന്ദ്ര മോഡിയും പ്രവീൺ സിംഗ് തൊഗാഡിയയും പ്രതിനിധാനം ചെയ്യുന്നത് ഹിന്ദുത്വമല്ലെന്നും കാട്ടാളത്തമാണെന്നും എന്തുകൊണ്ട് അവർ പറയുന്നില്ല. 
വാജ്‌പേയി തന്റെ സന്ദേശത്തിൽ ഇങ്ങനെ പറഞ്ഞു: 'മതേതരത്വത്തെ ചിലർ ഹിന്ദുത്വത്തിനെതിരെ അണിനിരത്തുന്നു. മതേതരത്വം എന്നത് എല്ലാ മതങ്ങളേയും ആദരിക്കുന്നതും വിവേചനമില്ലാതെ ഏതു വിശ്വാസവും പിന്തുടരാൻ അനുവദിക്കുന്നതുമായ സങ്കൽപമാണ്. ഇതനുസരിച്ച് ഇന്ത്യ എന്നും മതേതരമായിരുന്നു. വർഗീയ ചേരിതിരിഞ്ഞ് പാക്കിസ്ഥാൻ ദ്വിരാഷ്ട്ര വാദം ഉന്നയിച്ചപ്പോഴും നാം മതേതരത്വത്തിൽ ഉറച്ചുനിന്നു. ..... ഇന്ത്യയുടെ മതേതരത്വത്തിന്റെ പ്രത്യേകത ഇവിടത്തെ പ്രധാന മതമായ ഹിന്ദുമതം എല്ലാ വിശ്വാസങ്ങളേയും അംഗീകരിക്കുന്നു എന്നുള്ളതാണ്. മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളേയും ഉൾക്കൊള്ളുന്ന വിശാലമായ വീക്ഷണമാണ് ഹിന്ദു മതത്തിന്റേത്. ഈ ദർശനത്തെ ചിലർ കർക്കശവും തീവ്രവാദവുമായി വിശേഷിപ്പിക്കുന്നത് ശരിയല്ല. എല്ലാ സ്വാതന്ത്ര്യവും അനുവദിക്കുന്ന ദർശനമാണ് ഹിന്ദുത്വം. ഒരു സമുദായവുമായും ഹിന്ദുത്വത്തിന് വിദ്വേഷമോ വിരോധമോ ഇല്ല.'
ഇവിടെ മനപ്പൂർവം ചില തെറ്റിദ്ധാരണകൾ പരത്തുകയാണ് വാജ്‌പേയി. മതേതരത്വത്തെക്കുറിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തീർച്ചയായും ശരിയാണ്. എന്നാൽ ഹിന്ദു മതത്തിന്റെ വിശാലമായ സഹിഷ്ണുതാ പാരമ്പര്യത്തേയും വാജ്‌പേയിയും അദ്ദേഹത്തിന്റെ പാർട്ടിയും അനുബന്ധ സംഘടനകളും പ്രതിനിധാനം ചെയ്യുന്ന വർഗീയ ഹിന്ദുത്വത്തിന്റെ അക്രമ വാസനകളേയും അദ്ദേഹം ഒരേ നുകത്തിൽ കെട്ടുന്നു. ഹിന്ദു മതവും ഹിന്ദുത്വവും തികച്ചും വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ രണ്ട് ധാരകളാണെന്ന അടിസ്ഥാന യാഥാർഥ്യത്തിൽനിന്ന് വ്യതിചലിച്ച് ഹിന്ദുമതത്തിന്റെ സഹിഷ്ണുതാ ഭാവത്തെ ഹിന്ദുത്വത്തിന്റെ വർഗീയ ഉന്മൂലനത്തോട് താരതമ്യപ്പെടുത്താൻ വാജ്‌പേയി കാണിക്കുന്ന ഔത്സുക്യം അതേ നാണയത്തിൽ തന്നെ പകർത്തുകയാണ് ഇന്നും ഹിന്ദുത്വവാദികൾ. സഹിഷ്ണുതയുടെ പാരമ്പര്യമുള്ള ഹിന്ദുമതത്തേയും അതിനെ രാഷ്ട്രീയവത്കരിച്ച്, രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തകർക്കാൻ ആഗ്രഹിക്കുന്നവരേയും ഒരേ കണ്ണിൽ കാണാനാവില്ല. രണ്ടു തരം ഹിന്ദുക്കളേയും തിരിച്ചറിയുക എന്നത് മതേതര വിശ്വാസികളുടെ കർത്തവ്യമാണ്.
മതേതരത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന രാജ്യത്തെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഹിന്ദുത്വ വാദികളുടെ സഹിഷ്ണുതാ വാദത്തെ തള്ളിക്കളയുമെന്നുറപ്പാണ്. ഹിന്ദുത്വവും ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ശേഷിയുള്ളവരാണ് അവർ. സ്വന്തം നായകരായ മോഡിയേയും ഗിരിരാജ് കിഷോറിനേയും പോലും ഈ വ്യാഖ്യാനങ്ങൾ ബോധ്യപ്പെടുത്താൻ അവർക്ക് കഴിയില്ല. പച്ചയായ യാഥാർഥ്യങ്ങളെ തിരസ്‌കരിക്കുകയും രാജ്യത്തിന്റെ യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് മാറിനിൽക്കുകയും ചെയ്തുകൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നവർക്ക് യഥാർഥ ഹിന്ദുക്കൾ തന്നെ തിരിച്ചടി നൽകുന്നുണ്ട്. അത് കാണാനും അവരോടൊപ്പം നിൽക്കാനും അവരെ ചേർത്തു നിർത്താനുമാണ് ന്യൂനപക്ഷങ്ങൾ ശ്രമിക്കേണ്ടത്. രാജ്യം എത്തിപ്പെട്ടിരിക്കുന്ന ഭയാനകമായ അവസ്ഥയിൽനിന്നുള്ള മോചനത്തിന് അതു മാത്രമാണ് മാർഗം.

Latest News