റിയാദ് - ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ ആരാധകർക്കു മുന്നിൽ രാജ്യത്തിന്റെ കവാടങ്ങൾ മലർക്കെ തുറന്നിട്ട് സൗദി അറേബ്യ. നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ എത്തുന്നവർക്ക് ഖത്തർ നിർബന്ധമാക്കിയ ഹയ്യാ കാർഡ് നേടുന്ന മുഴുവൻ പേരെയും സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശ മന്ത്രാലയം അറിയിച്ചു. ഹയ്യാ കാർഡ് നേടുന്നവർക്ക് സൗദി അറേബ്യ എളുപ്പത്തിൽ വിസകൾ അനുവദിക്കും. ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിന് പത്തു ദിവസം മുമ്പു മുതൽ സൗദിയിൽ പ്രവേശിക്കാൻ ഹയ്യാ കാർഡ് ഉടമകളെ അനുവദിക്കും. ഇതിന് ഹയ്യാ കാർഡ് ഉടമകൾ സൗദി വിദേശ മന്ത്രാലയത്തിനു കീഴിലെ ഏകീകൃത ദേശീയ വിസ പ്ലാറ്റ്‌ഫോം വഴി ഇ-വിസ നേടണം. വിസാ അപേക്ഷയുമായും വിസ അനുവദിക്കുന്നതുമായും ബന്ധപ്പെട്ട വിശദാംശങ്ങൾ വിദേശ മന്ത്രാലയം പിന്നീട് പ്രഖ്യാപിക്കും.
ഏകീകൃത ദേശീയ വിസ പ്ലാറ്റ്‌ഫോം വഴി ഇ-വിസ നേടുന്ന ഹയ്യാ കാർഡ് ഉടമകൾക്ക് സൗദിയിൽ 60 ദിവസം താമസിക്കാൻ അവകാശമുണ്ടാകും. വിസാ കാലാവധിക്കുള്ളിൽ ഇവർക്ക് എത്ര തവണയും സൗദിയിൽ പ്രവേശിക്കാനും രാജ്യത്തു നിന്ന് പുറത്തുപോകാനും സാധിക്കും. ഇ-വിസ നേടുന്ന ഹയ്യ കാർഡ് ഉടമകൾ സൗദിയിൽ പ്രവേശിക്കുന്നതിനു മുമ്പായി ഖത്തറിൽ പ്രവേശിക്കണമെന്ന് വ്യവസ്ഥയില്ല. സൗദിയിലേക്ക് വരുന്നതിനു മുമ്പായി ഇവർ ഇൻഷുറൻസ് പോളിസി നേടണമെന്ന് വ്യവസ്ഥയുണ്ടാകുമെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.
ഹയ്യാ കാർഡ് ഉടമകളെ സൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖതീബ് രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ഒറ്റ വിസയിലൂടെ 2022 ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കാനും സൗദി നഗരങ്ങൾ സന്ദർശിച്ച് ഞങ്ങളുടെ ചരിത്രവും സംസ്‌കാരവും അടുത്തറിയാനും സൗദിയിലെ വ്യത്യസ്ത പരിപാടികൾ ആസ്വദിക്കാനം നിങ്ങൾക്ക് സാധിക്കുമെന്ന് ടൂറിസം മന്ത്രി ട്വീറ്റ് ചെയ്തു.