ന്യൂദല്‍ഹി- കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന (പി.എം.എല്‍.എ) നിയമപ്രകാരം അറസ്റ്റ് ചെയ്യാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ (ഇ.ഡി) അധികാരം ശരിവെച്ച ജൂലൈ 27ലെ വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഉത്തരവിലെ രണ്ടു കാര്യങ്ങളില്‍ പുനഃപരിശോധന വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്‍കിയ പുനപ്പരിശോധനാ ഹരജിയിലാണ് തീരുമാനം.
വിധിയിലെ രണ്ടു കാര്യങ്ങല്‍ പുനഃപരിശോധന വേണമെന്നു കരുതുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രതിക്ക് കേസ് വിവര റിപ്പോര്‍ട്ട് (ഇസിഐആര്‍) നല്‍കേണ്ടതില്ലെന്ന നിര്‍ദേശമാണ് ഒന്ന്. കേസ് തെളിയും വരെ കുറ്റക്കാരനല്ലെന്നു കണക്കാക്കുന്ന, നീതിസങ്കല്‍പ്പത്തിനു വിരുദ്ധമായ ഭാഗമാണ് രണ്ടാമത്തേത്.
കള്ളപ്പണം തടയേണ്ടതാണെന്ന കാര്യത്തില്‍ കോടതിക്കു സംശയമേയില്ലെന്ന് ഹരജി പരിഗണിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. രാജ്യത്തിന് ഇത്തരം കുറ്റകൃത്യങ്ങളെ താങ്ങാനാവില്ല. അതുകൊണ്ടുതന്നെ നിയമത്തിന്റെ ഉദ്ദേശ്യം സാധൂകരിക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സിടി രവികുമാറും അടങ്ങിയ ബെഞ്ച് പറഞ്ഞു.
പുനഃപരിശോധനാ ഹരജിയെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. വിധിയില്‍ ഗുരുതരമായ വസ്തുതാ പിഴവ് ഉണ്ടെങ്കില്‍ മാത്രമേ പുനപ്പരിശോധന നടത്താവൂ എന്ന് അദ്ദേഹം വാദിച്ചു.
കര്‍ശനമായ നിയമപ്രകാരം അറസ്റ്റ് ചെയ്യാനുള്ള ഇ.ഡി അധികാരം ശരിവെച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതി പുനഃപരിശോധനാ ഹരജി പരിഗണിച്ചത്.
പിഎംഎല്‍എ നിയമത്തിന്റെ കീഴില്‍ കള്ളപ്പണം വെളുപ്പിക്കല്‍, തിരച്ചില്‍, പിടിച്ചെടുക്കല്‍, അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടല്‍ എന്നിവയുമായി ബന്ധപ്പെട്ട ഇ.ഡി അധികാരങ്ങള്‍ ജൂലൈ 27 നാണ് സുപ്രീം കോടതി ശരിവെച്ചത്.
സുപ്രീം കോടതിയുടെ കഴിഞ്ഞ മാസത്തെ വിധി പുനഃപരിശോധിക്കണമെന്ന തന്റെ ഹരജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരത്തിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
ചിദംബരത്തിന്റെ പുനഃപരിശോധനാ അപേക്ഷ ചേംബറില്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ ബെഞ്ച്, വാക്കാലുള്ള വാദം കേള്‍ക്കാമെന്നും 25ന് കോടതിയില്‍ വിഷയം ലിസ്റ്റ് ചെയ്യാമെന്നും അറിയിച്ചു.






