നരോദപാട്യ കൂട്ടക്കൊല: മായ കോട്‌നാനിയെ വെറുതെവിട്ടു

ന്യൂദൽഹി- ഗുജറാത്ത് കലാപത്തിനിടെ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായ നരോദപാട്യ കൂട്ടക്കൊലക്കേസിൽ മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ മായ കോട്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടു. 2012-ൽ മായ കോട്‌നാനിയെ പ്രത്യേക കോടതി 28 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. അഹമ്മദാബാദിലെ പ്രാന്തപ്രദേശമായ നരോദപാട്യയിൽ നൂറോളം വരുന്ന മുസ്‌ലിംകളെ കൊലപ്പെടുത്തിയ കേസിലാണ് മായ കോട്‌നാനിയെ നേരത്തെ കോടതി തടവിന് ശിക്ഷിച്ചിരുന്നത്. ഗൈനക്കോളജിസ്റ്റ് കൂടിയായിരുന്ന മായ കോട്‌നാനിക്ക് നരോദപാട്യ കൂട്ടക്കൊലകേസിൽ വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഇന്ന് ഹൈക്കോടതി റദ്ദാക്കിയത്. കലാപകാരികൾക്ക് നേതൃത്വം നൽകിയത് മായ കോട്‌നാനിയായിരുന്നുവെന്ന് നിരവധി ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു. കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത് മായ കോട്‌നാനിയാണെന്ന് പ്രത്യേക കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. 2013-ൽ ശിക്ഷ വിധിച്ചെങ്കിലും തൊട്ടടുത്ത വർഷം തന്നെ ഇവർക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. നരോദപാട്യക്ക് പുറമെ, നരോദഗ്രാമിൽ പതിനൊന്ന് മുസ്‌ലിംകളെ കൊലപ്പെടുത്തിയ കേസിലും ഇവർ പ്രതിയാണ്. കലാപത്തിന് ശേഷം നരേന്ദ്രമോഡി മന്ത്രിസഭയിൽ വനിതാശിശുക്ഷേമ മന്ത്രിയായാണ് മായ കോട്‌നാനി പ്രവർത്തിച്ചിരുന്നത്.
 

Latest News