Sorry, you need to enable JavaScript to visit this website.

ബംഗളരൂവും ഹൈദരാബാദും കൂടുതൽ അടുക്കട്ടെ 

കെ റെയിൽ കോർപറേഷൻ സ്ഥാപിച്ച കേരള സർക്കാരിന് നിരാശപ്പെടേണ്ട കാര്യമില്ല. കേരളത്തിനകത്തെ റെയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇതിനെ ഉപയോഗപ്പെടുത്താം.  നിലമ്പൂർ-നഞ്ചൻഗുഡ്, അങ്കമാലി-ശബരി, ഗുരുവായൂർ-കുറ്റിപ്പുറം അല്ലെങ്കിൽ താനൂർ എന്നിങ്ങനെ പദ്ധതികൾ പലതും നടപ്പാക്കാനുണ്ടല്ലോ. തലശ്ശേരി-മൈസൂരു പാത എന്നത് എളുപ്പം ബംഗളൂരു, ഹൈദരാബാദ് ഐ.ടി ഹബുകളിലെത്താനുള്ള ഉപാധി കൂടിയാണല്ലോ. 


തെന്നിന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളാണ് കർണാടക തലസ്ഥാനമായ ബംഗളൂരുവും തെലങ്കാന തലസ്ഥാനമായ ഹൈദരാബാദും. ഇന്ത്യയിലെ ആദ്യ പത്ത് വൻനഗരങ്ങളിൽ ദക്ഷിണേന്ത്യയിലെ ഈ മഹാനഗരങ്ങളുൾപ്പെടും. ലക്ഷക്കണക്കിന് മലയാളികളാണ് ഇരു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നത്. നമ്മുടെ ഐ.ടി തലമുറയുടെ  പ്രധാന ലക്ഷ്യം ഇരുപട്ടണങ്ങളുമാണ്. അതിനിയും അങ്ങനെ തന്നെ ആയിരിക്കും. പെട്ടെന്നൊരു നാൾ ആരെങ്കിലും കനിഞ്ഞ് നൽകിയതല്ല ഇന്ത്യയുടെ ഐ.ടി ഹബുകളെന്ന വിശേഷണം. ബുദ്ധിവൈഭവവും ദീർഘവീക്ഷണവുമുള്ള രണ്ട് ഭരണാധികാരികൾ ഇരു സംസ്ഥാനങ്ങളിലുമുണ്ടായിരുന്നു ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ. കർണാടകയിൽ എസ്.എം. കൃഷ്ണയും ആന്ധ്ര പ്രദേശിൽ ചന്ദ്രബാബു നായിഡുവും. ഇരുവരും മത്സരിക്കുകയായിരുന്നു നാടിന്റെ വികസനം ഉറപ്പു വരുത്താൻ. ഐ.ടി പാർക്കുകളും ഇ-ഗവേണൻസും പരിചയപ്പെടുത്തി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക സൃഷ്ടിച്ചവർ. സരിതയും സ്വപ്‌നയും സോളാറും സ്വാശ്രയ കോളേജും പറഞ്ഞ് അവർ നേരം പാഴാക്കിയില്ല. 1998 കാലത്ത് നമുക്കറിയാവുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ വി.എസ്.എൻ.എൽ പിൽക്കാലത്ത് ബി.എസ്.എൻ.എല്ലായി. വിവര സാങ്കേതിക രംഗത്ത് സർക്കാർ സ്ഥാപനത്തിന്റെ കുത്തക ഗുണം ചെയ്യില്ലെന്ന് തിരിച്ചറിഞ്ഞ നേതാക്കൾ വിദേശ ഐ.ടി ഭീമന്മാരെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് ക്ഷണിച്ചു. സിലിക്കൺവാലിയെ ദക്ഷിണേന്ത്യയിൽ പുനരാവിഷ്‌കരിക്കുന്നതാണ് പിന്നീട് കണ്ടത്. നല്ല പ്രതിഫലം ലഭിക്കുന്ന തൊഴിൽ രംഗമാണ് ഐ.ടി മേഖല. 24 മണിക്കൂറും ജോലി തുടരുന്ന സംരംഭങ്ങൾ. ക്ഷാമബത്ത, ബോണസ്, അവകാശ പ്രഖ്യാപന സമരങ്ങൾക്കൊന്നും ആർക്കും നേരമില്ല. കൈ നിറയെ കാശ് കിട്ടും. ജീവിതം ആഘോഷമാക്കാം. ഒന്നിനും സമയമില്ല. ഹൈദരാബാദും ബംഗളൂരുവും കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ ഐ.ടി വ്യവസായം. പതിനായിരങ്ങളാണ് ഇരു നഗരങ്ങൾക്കുമിടയിൽ നിത്യേന യാത്ര ചെയ്യുന്നത്. അവരുടെ പത്ത് മണിക്കൂർ സമയമെന്നത് വളരെ വിലപ്പെട്ടതാണ്. 620 കിലോ മീറ്ററാണ് ഇരു നഗരങ്ങൾക്കുമിടയിലെ ഇപ്പോഴത്തെ റെയിൽ ദൂരം. ഇത് താണ്ടാൻ പത്ത് മണിക്കൂർ സമയം വേണം. അത് ചുരുക്കി നൂറ്റി അമ്പത് മിനിറ്റാക്കാനുള്ള അതിവേഗ റെയിൽ പാതക്കാണ് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. 30,000 കോടി രൂപ മാത്രമേ ചെലവ് വരൂ. ചെലവിന്റെ കാര്യം ആലോചിച്ച് കർണാടക, തെലങ്കാന സർക്കാരുകൾ ആശങ്കപ്പെടേണ്ടതില്ല. അത് കേന്ദ്രം നോക്കിക്കൊള്ളും. ഇന്ത്യയുടെ ഐ.ടി ഹബുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ പാത തുടങ്ങുന്നത് തന്നെ ലാഭത്തിലായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിനും ആഹ്ലാദിക്കാവുന്ന വിഷയമാണിത്. സംസ്ഥാനത്തെ പുതിയ തലമുറക്കും ജോലിക്ക് സാധ്യത അതിശീഘ്രം വളരുന്ന ഈ മഹാനഗരങ്ങളിലായിരിക്കില്ലെന്നാര് കണ്ടു? 
ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ് ഇന്ത്യ. രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ  വരുന്നു. വേഗം കൂടിയ ട്രെയിനുകളും എക്‌സ്പ്രസ് വേകളുമെല്ലാം ജീവിതത്തിന്റെ ഭാഗമായി. ബംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് വെറും 150 മിനിറ്റിനുള്ളിൽ  യാത്ര ചെയ്യാൻ കഴിയുമെന്നതാണ് ഹൈ സ്പീഡ് റെയിൽ കൊറിഡോറിന്റെ പ്രത്യേകത.  രണ്ട് മെട്രോപോളിറ്റൻ  നഗരങ്ങളും  സെമിഹൈസ്പീഡ് ട്രെയിൻ വഴി കൂടുതൽ അടുക്കുകയായി. 
 മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാൻ അനുയോജ്യമായ റെയിൽവേ ട്രാക്ക് വരുന്നതോടെ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്ര സമയം രണ്ടര മണിക്കൂറായി കുറക്കാൻ കഴിയും. പ്രധാനമന്ത്രിയുടെ ഗതി ശക്തി പദ്ധതിയുടെ ഭാഗമായി ആയിരിക്കും നിർമാണം നടക്കുക. ഹൈദരാബാദിന്റെ ഇരട്ട നഗരമായ സെക്കന്തരാബാദിന് സമീപമുള്ള ഉംദനഗർ മുതൽ ബംഗളൂരുവിലെ യെലഹങ്ക വരെ 503 കിലോമീറ്റർ ദൂരത്തിലായാണ് ട്രാക്ക് നിർമിക്കുന്നത്. ഏകദേശം 30,000 കോടി രൂപ ചെലവ് ആണ് പ്രതീക്ഷിക്കുന്നത്.  ഇരുവശങ്ങളിലെയും താഴ്ന്ന പാർശ്വ ഭിത്തികൾ ഉൾപ്പെടെ കിലോമീറ്ററിന് ഏകദേശം 60 കോടി രൂപ ചെലവ് കണക്കാക്കുന്നു സെമി ഹൈ സ്പീഡ് ട്രെയിനുകൾക്ക് പാതയുടെ ഇരുവശങ്ങളിലും ഫെൻസിങ് അല്ലെങ്കിൽ പാർശ്വ ഭിത്തികൾ നിർബന്ധമാണ്. പുതിയ പാതയിൽ 1.5 മീറ്റർ ഉയരത്തിൽ പാർശ്വഭിത്തികൾ നിർമിക്കും. നിർദിഷ്ട വേഗത്തിൽ തടസ്സങ്ങളില്ലാതെ തീവണ്ടി ഓടാൻ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. 622 കിലോമീറ്റർ നിലവിലെ അടിസ്ഥാന സൗകര്യങ്ങളോടെ ട്രെയിനിൽ ഹൈദരാബാദിനും ബംഗളൂരുവിനുമിടയിൽ യാത്ര ചെയ്യാൻ സാധാരണയായി 10 മുതൽ 11 മണിക്കൂർ വരെ എടുക്കും. നിലവിലുള്ള ട്രാക്കിന് സമീപം പ്രത്യേക ട്രെയിൻ നിയന്ത്രണ സംവിധാനവും സിഗ്‌നലുമായാണ്  പുതിയ ലൈൻ നിർമിക്കുക. 
ഇതും കേരളത്തിന്റെ സിൽവർ റെയിൽ പദ്ധതിയുമായി ഒരു താരതമ്യത്തിന് പോലും പ്രസക്തിയില്ല. കാസർകോട് മുതൽ തിരുവനന്തപുരം വരെ നാല് മണിക്കൂറെടുത്ത് യാത്ര ചെയ്തിട്ടെന്ത് കാര്യമെന്ന ചോദ്യം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. കാസർകോട്ടെ അർബുദ രോഗിയെ പെട്ടെന്ന് അനനന്തപുരിയിലെത്തിച്ച് ആർ.സി.സിയിൽ ചികിത്സ ലഭ്യമാക്കേണ്ട കാര്യമില്ല. അതു പോലൊരെണ്ണം അവിടെയും പണിതാൽ മതി. വിമാനക്കൂലിക്ക് തുല്യമായ പണം മുടക്കി തിരുവനന്തപുരത്തെത്തി ചെയ്യാവുന്ന ആകർഷകമായ തൊഴിലസരങ്ങളുമില്ല. സിൽവർ ലൈൻ പദ്ധതി ചീറ്റിപ്പോയ അവസ്ഥയിലുമാണല്ലോ. 
തിരുവനന്തപുരം മുതൽ കാസർകോട് വരെ അതിവേഗ റെയിൽ പാത പണിയാൻ  കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ രൂപീകരിച്ചിരുന്നു.   പദ്ധതി യാഥാർഥ്യമായിരുന്നെങ്കിൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ നിക്ഷേപമായേനേ.  3500 ഏക്കർ  ഭൂമി ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കേണ്ടത്. 80,000 മുതൽ ഒരു ലക്ഷം വരെ ആളുകൾ ഭവനരഹിതരാവും. 132 കിലോ മീറ്റർ പ്രദേശത്തെ നെൽവയലുകൾ അപ്രത്യക്ഷമാവും. പത്ത് റെയിൽവേ സ്റ്റേഷനുകൾ പണിയാൻ 2500 ഏക്കർ വേറെയും വേണം. 2011 മുതൽ തന്നെ ഇങ്ങനെ ഒരു ആശയമുണ്ടായിരുന്നു. ഇതിനായി രൂപീകരിച്ച കമ്പനി 2018 ൽ ഉപേക്ഷിക്കുകയും ചെയ്തു. ഖജനാവിന് നഷ്ടം 100 കോടി. കെ  റെയിൽ പബ്ലിസിറ്റിക്കായി ഖജനാവിൽ നിന്നെടുത്ത് തുലച്ച കോടികൾ വേറെയും. കേന്ദ്രം ഈ പദ്ധതിയെ കൈയൊഴിഞ്ഞുവെന്ന കാര്യം പരസ്യമാക്കാതിരുന്നതായിരുന്നു. കേരള ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകൻ നിലപാട് അറിയിച്ചതോടെ എല്ലാം വ്യക്തമായി. ഇപ്പോഴിതാ കേരള സർക്കാരും സർവേ ഉൾപ്പെടെ എല്ലാം നിർത്തിവെച്ചതായി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നു. പത്രങ്ങളിൽ സിംഗിൾ കോളം വാർത്തയായി ആരും ശ്രദ്ധിക്കാത്ത വിധത്തിലാണ് ഇതു വന്നത്. കോഴിക്കോട്ടും വടകരയിലുമുൾപ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച കൂറ്റൻ ഹോഡിംഗുകളിൽ പറയുന്ന കേരളത്തിന്റെ സ്വപ്‌ന പദ്ധതി അകാല ചരമം പ്രാപിച്ചത് ഇങ്ങനെ ആരുമറിയാതെ ആവുന്നത് നീതിയല്ലല്ലോ. ഏതായാലും കെ റെയിൽ കോർപറേഷൻ സ്ഥാപിച്ച കേരള സർക്കാരിന് നിരാശപ്പെടേണ്ട കാര്യമില്ല. കേരളത്തിനകത്തെ റെയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇതിനെ ഉപയോഗപ്പെടുത്താം. എല്ലാ ഈഗോയും മാറ്റിവെച്ച് രംഗത്തിറങ്ങിയാൽ മതി. നിലമ്പൂർ-നഞ്ചൻഗുഡ്, അങ്കമാലി-ശബരി, ഗുരുവായൂർ-കുറ്റിപ്പുറം അല്ലെങ്കിൽ താനൂർ എന്നിങ്ങനെ പദ്ധതികൾ പലതും നടപ്പാക്കാനുണ്ടല്ലോ. 1947 ൽ ഇന്ത്യ സ്വതന്ത്രയായ ശേഷം ഒരു റെയിൽ പദ്ധതിയും വരാത്ത പ്രദേശമാണ് മലബാർ മേഖലയെന്ന ന്യൂനതക്കും പരിഹാരമാവും. ബ്രിട്ടീഷ് ഭരണകാലത്ത് ഇപ്പോഴത്തെ കേരളത്തിലെ ആദ്യ റെയിൽ പാത വന്നത് ഈ പ്രദേശത്താണ്. ബ്രിട്ടീഷുകാർ തലശ്ശേരി-മൈസൂർ റെയിൽ പാത നിർമിക്കാൻ ഉദ്ദേശിച്ചിരുന്നു. ഏറ്റവുമൊടുവിലത്തെ കണക്കുകൾ പ്രകാരം 5000 കോടിയിൽ താഴെ മാത്രമേ ഇതിന് ചെലവാകുകകയുള്ളൂ. മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളവും കുടകും ബന്ധിപ്പിച്ച് മൈസൂരിലേക്ക് പാത വരുമ്പോൾ കേരളവും ബംഗളൂരുവും കൂടുതൽ അടുക്കുന്നു. പെട്ടെന്ന് നിർമാണം  പൂർത്തിയാക്കാനുമാവും. കണ്ണൂർ, കോഴിക്കോട് സൈബർ പാർക്കുകളുടെ ഭാവി വികസനത്തിനും ബംഗളൂരുവുമായൊരു കണക്ടിവിറ്റി അത്യാവശ്യമാണ്. പുതിയ തലമുറ  ഭരണാധികാരികളെ നന്ദിയോടെ സ്മരിക്കുന്നതാവും ഈ പദ്ധതി. തലശ്ശേരി - മൈസൂരു പാത എന്നത് എളുപ്പം ബംഗളൂരു, ഹൈദരാബാദ് ഐ.ടി ഹബുകളിലെത്താനുള്ള ഉപാധി കൂടിയാണല്ലോ. 


 

Latest News