പ്രവാചകനെതിരെ മോശം പരാമര്‍ശം; ബി.ജെ.പി എം.എല്‍.എക്കെതിരെ വീണ്ടും കേസ്, അറസ്റ്റ് ചെയ്‌തേക്കും

ഹൈദരാബാദ്- പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ബി.ജെ.പി എം.എല്‍.എക്കെതിരെ രണ്ട് പോലീസ് സ്‌റ്റേഷനുകളില്‍ കൂടി കേസ്. നമ്പള്ളി, മലകാപേട്ട് സ്‌റ്റേഷനുകളിലാണ് പുതിയ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാജാ സിംഗ് എം.എല്‍.എയെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
നേരത്തെ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ അറസ്റ്റിലായെങ്കിലും ജാമ്യം ലഭിച്ച രാജാ സിംഗിനെതിരെ ചൊവ്വാഴ്ച രാത്രി മുതല്‍ വീണ്ടും പ്രതിഷേധം ആരംഭിച്ചിരുന്നു. 31 പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചുവെന്നാരോപിച്ച് എം.എല്‍.എയെ ബി.ജെ.പി സസ്പന്‍ഡ് ചെയ്തിട്ടുണ്ട്.
ഓള്‍ഡ് സിറ്റിയിലെ എല്ലാ പെട്രോള്‍ പമ്പുകളും പോലീസ് ഇന്ന് രാവിലെ അടപ്പിച്ചു. പ്രതിഷേധം അക്രമാസക്തമാകാതിരിക്കാനുള്ള മുന്‍കരുതലുകളാണ് പോലീസ് സ്വീകരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് ജാമ്യം ലഭിച്ച രാജാ സിംഗിന് അഭിഭാഷകരും ബി.ജെ.പി പ്രവര്‍ത്തകരും നല്‍കിയ സ്വീകരണം ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമാകാന്‍ കാരണമായിട്ടുണ്ട്.

 

Latest News