മോഡി സ്ത്രീ സുരക്ഷയില്‍ ശ്രദ്ധിക്കണം; ഉപദേശവുമായി ഐഎംഎഫ് മേധാവി

വാഷിങ്ടണ്‍- കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ കതുവ പീഡനക്കൊലയും ഉന്നാവോ കൂട്ടബലാല്‍സംഗവും ഉള്‍പ്പെടെ ഇന്ത്യയില്‍ വലിയ പതിഷേധത്തിനിടയാക്കിയ പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തൊട്ടുള്ള അധികാരികള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) മേധാവി ക്രീസ്റ്റീന്‍ ലെഗാര്‍ദെ. 'ഇന്ത്യയില്‍ സംഭവിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. പ്രധാനമന്ത്രി മോദി അടക്കമുള്ള ഇന്ത്യയിലെ അധികാരികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്,' ലെഗാര്‍ദെ പറഞ്ഞു.

ഇക്കഴിഞ്ഞ ദാവോസ് ലോക സാമ്പത്തിക ഉച്ചകോടിയില്‍ മോദിയുടെ പ്രസംഗത്തില്‍ ഇന്ത്യയിലെ സ്ത്രീകളെ കുറിച്ച് കൂടുതല്‍ പരാമര്‍ശിക്കാത്തതു സംബന്ധിച്ചു ഞാന്‍ അദ്ദേഹത്തെ ഉണര്‍ത്തിയിരുന്നു. അവരെ കുറിച്ചു സംസാരിക്കുക എന്നതും നിസാരമല്ല-ലെഗാര്‍ദെ പറഞ്ഞു. അതേസമയം തന്റെ പരാമര്‍ശം ഐഎംഎഫിന്റെ ഔദ്യോഗിക നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാലു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ഇന്ത്യയിലെ സ്ത്രീ സുരക്ഷ സംബന്ധിച്ച്  ലെഗാര്‍ദെ  മോഡിയെ ഉപദേശിക്കുന്നത്.
 

Latest News