ആ നീക്കം സുഖകരമാവില്ല; ട്രംപിനോട് ഇറാന്‍ 

ന്യയോര്‍ക്ക്- ബഹുരാഷ്ട്ര ആണവ കരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയാല്‍ സുഖകരമല്ലാത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്ക ആണവ കരാര്‍ ഉപേക്ഷിച്ചാല്‍ ഇറാനു മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് പറഞ്ഞു. കരാറില്‍നിന്നുള്ള പിന്മാറ്റം അമേരിക്കക്ക് സുഖകരമാവില്ലെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 

അമേരിക്കക്കു പുറമെ, ഫ്രാന്‍സ്, ജര്‍മനി, ബ്രട്ടന്‍, റഷ്യ, ചൈന എന്നീരാജ്യങ്ങളുമായാണ് ഇറാന്‍ ആണവ കരാറില്‍ ഒപ്പുവെച്ചിരുന്നത്. ആണവ ബോംബുണ്ടാക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയാനും ആണവ പദ്ധതി ഉപേക്ഷിക്കാനും സമ്മതിച്ചതിനെ തുടര്‍ന്ന് ഇറാനെതിരെയ ഉപരോധം പിന്‍വലിക്കുന്നതായിരുന്നു കരാര്‍. ഇതിന്റെ ഭാഗമായി ഉപരോധങ്ങളില്‍ മിക്കതും 2016 ജനുവരിയില്‍ പിന്‍വലിച്ചിരുന്നു. 

എന്നാല്‍ 2015 ലെ ആണവ കരാറിലെ വീഴ്ചകള്‍ പരിഹരിച്ചില്ലെങ്കില്‍ ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്. ഇതിനായി മേയ് 12 ആണ് ട്രംപ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സമയപരിധി. 

മറ്റുരാജ്യങ്ങള്‍ മാനിക്കുകയാണെങ്കില്‍ കരാറില്‍ ഉറച്ചുനില്‍ക്കുമെന്നാണ് ഇറാന്റെ നിലപാട്. അമേരിക്ക പിന്മാറിയാല്‍ കരാര്‍ ഉപേക്ഷിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Latest News