റിയാദ് - തങ്ങളുടെ സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളികൾക്ക് ഓൺലൈൻ സേവനമായ അബ്ശിർ വഴി രണ്ടു വർഷ കാലാവധിയുള്ള ഹവിയ്യതുമുഖീം ഇഷ്യൂ ചെയ്യാൻ തൊഴിലുടമകൾക്ക് സാധിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. മൂന്നു വർഷം മുമ്പാണ് ഹവിയ്യതുമുഖീം എന്ന പേരിൽ ജവാസാത്ത് പുതിയ ഇഖാമ നൽകിത്തുടങ്ങിയത്.
ഹവിയ്യതുമുഖീമിന്റെ കാലാവധി അഞ്ചു വർഷമാണ്. ഇവ ഒരു വർഷത്തേക്കോ രണ്ടു വർഷത്തേക്കോ ഓൺലൈൻ വഴി പുതുക്കാൻ സാധിക്കും. ജവാസാത്തിന്റെ ഓൺലൈൻ സേവനങ്ങൾ വഴി ഹവിയ്യയിൽ അവശേഷിക്കുന്ന കാലാവധി എളുപ്പത്തിൽ അന്വേഷിച്ച് അറിയാനും കഴിയും.
ഓരോ തവണയും പുതുക്കുമ്പോൾ പുതിയ ഹവിയ്യയുടെ പ്രിന്റൗട്ട് നൽകില്ല. പകരം അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രമാണ് പുതിയ ഹവിയ്യ നൽകുക. എന്നാൽ ഫീസുകൾ അടച്ച് ഓൺലൈൻ വഴി നിശ്ചിത സമയത്ത് ഹവിയ്യ പുതുക്കൽ നിർബന്ധമാണ്.