റിപ്പയറിനു നല്‍കിയ കാറില്‍ തൊഴിലാളികള്‍ മദ്യം കടത്തി; സൗദിയില്‍ മലയാളി നിയമക്കുരുക്കില്‍

റിയാദ്- റിപ്പയര്‍ ചെയ്യാന്‍ ഏല്‍പിച്ച കാറില്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ മദ്യം കടത്തിയതിന്റെ പേരില്‍ കാറുടമ നിയമക്കുരുക്കില്‍. റിയാദ് എക്‌സിറ്റ് 18 ല്‍ മലയാളിയുടെ വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിനു നല്‍കിയ കാറില്‍ തൊഴിലാളികള്‍ മദ്യം കടത്തിയതാണ് കാറുടമ കൊല്ലം ഓയൂര്‍ സ്വദേശി ഷൈജുവിന് വിനയായത്.
തന്റെ റെനോ 2012 മോഡല്‍ കാറിന് തകരാറുകള്‍ കണ്ടെത്തിയപ്പോള്‍ സ്ഥിരമായി ശരിയാക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ചതായിരുന്നു ഷൈജു. ചില പാര്‍ട്‌സുകള്‍ ലഭിക്കാത്തതിനാല്‍ അവിടെ നിര്‍ത്തിയിട്ട് വര്‍ക്ക്‌ഷോപ്പ് ഉടമയെ ഏല്‍പിച്ചു പോയി. ഇതിനു പിന്നാലെ  കാര്‍ മദ്യക്കടത്ത് കേസില്‍ പിടിക്കപ്പെട്ടിരിക്കുന്നുവെന്നും ഉടന്‍ ഹാജരാകണമെന്നും അസീസിയ പോലീസ് സ്‌റ്റേഷനില്‍ നിന്ന് വിളി വന്നു. വര്‍ക്ക്‌ഷോപ്പില്‍ ചെന്നു നോക്കിയപ്പോള്‍ തൊഴിലാളികളെയും കാറും കണ്ടില്ല. പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് തന്റെ വാഹനം മദ്യക്കടത്തില്‍ പിടിക്കപ്പെട്ടിരിക്കുകയാണെന്നും വര്‍ക്ക്‌ഷോപ്പിലെ രണ്ടുപേര്‍ പ്രതികളാണെന്നും മനസ്സിലായത്. മദ്യവുമായി കാര്‍ പോലീസ് പിടികൂടുന്ന സമയത്ത് നാലു പേരാണ് കാറിലുണ്ടായിരുന്നത്. അവരില്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. രണ്ടുപേരെ മാത്രമാണ് പോലീസിന് പിടിക്കാനായത്. ഓടിപ്പോയവരില്‍ ഒരാള്‍ കാറിന്റെ ഉടമയായ ഷൈജുവായിരിക്കുമെന്ന ധാരണയാല്‍ ഷൈജുവിനെ അറസ്റ്റ് ചെയ്യാനിരക്കയായിരുന്നു.  ഷൈജുവിന്റെ ബന്ധുക്കള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സ്‌റ്റേഷനിലെത്തി  കേസ് ഓഫീസറെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.  വാഹനം വര്‍ഷാപ്പില്‍ റിപ്പയറിനായി നിര്‍ത്തിയ സമയത്താണ്  തൊഴിലാളികളും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കൊണ്ടുപോകാനായി ഉപയോഗിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് കേസെടുത്ത ശേഷം കാര്‍ ഉടമയായ ഷൈജുവിനെ വിട്ടയച്ചു.
വര്‍ക്ക്‌ഷോപ്പുകളിലും മറ്റും വാഹനങ്ങളുടെ താക്കാല്‍ സഹിതം  ഏല്‍പ്പിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മറ്റാരെങ്കിലും ഓടിച്ച് നിയമക്കുരുക്കുകളില്‍ അകപ്പെടാന്‍ സാധ്യതയുണ്ടെന്നും കൃത്യമായ രേഖകള്‍ കൈപറ്റിയിരിക്കണമെന്നും റാഫി പാങ്ങോട് ഉണര്‍ത്തി.

 

Latest News