Sorry, you need to enable JavaScript to visit this website.

ബില്‍കിസ് ബാനു കേസിലെ കാപാലികര്‍ക്ക് നല്‍കിയ ശിക്ഷാ ഇളവ്; സുപ്രീം കോടതി പരിശോധിക്കും

ന്യൂദല്‍ഹി- ബില്‍കിസ് ബാനു ബലാത്സംഗ, കൊലപാതക കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരെ ശിക്ഷാ ഇളവു നല്‍കി വിട്ടയച്ചതിനെതിരെ നല്‍കിയ പരാതി പരിശോധിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു.
ചീഫ് ജസ്റ്റിസ് എന്‍.വി. രമണ മുമ്പാകെ അഭിഭാഷകരായ അപര്‍ണ ഭട്ടും കപില്‍ സിബലും പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഗര്‍ഭിണിയായ സ്ത്രീയ ബലാത്സംഗം ചെയ്യുകയും ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയത് കേസില്‍ നല്‍കിയ ശിക്ഷാ ഇളവിനെതിരെയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികാളെ സ്വാതന്ത്ര്യദിനത്തിലാണ് ഗോധ്ര സബ് ജയിലില്‍നിന്ന് മോചിപ്പിച്ചത്. ശിക്ഷാ ഇളവ് നയത്തിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇവരുടെ മോചനത്തിന് ഉത്തരവിടുകയായിരുന്നു.
2008 ജനുവരിയിലാണ് ബില്‍കിസ് ബാനു നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പ്രത്യേക സി.ബി.ഐ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചത്. ഗര്‍ഭിണിയായ ബില്‍കിസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികള്‍ കുടംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ബോംബെ ഹൈക്കോടതി പിന്നീട് ശിക്ഷാവിധി ശരിവെക്കുകയും ചെയ്തിരുന്നു.
ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതികള്‍ ബ്രാഹ്മരാണെന്നും നല്ല സ്വഭാവത്തിനു ഉടമകളാണെന്നുമാണ് ശിക്ഷാ ഇളവ് നല്‍കിയ സമിതിയില്‍ അംഗമായിരുന്ന ബി.ജെ.പി എം.എല്‍.എ ന്യായീകരിച്ചിരുന്നത്. ശിക്ഷാ ഇളവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ അവകാശ പ്രവര്‍ത്തകരുള്‍പ്പെടെ ആറായിരം പേര്‍ ഒപ്പിട്ട തുറന്ന ഹരജി നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ചിരുന്നു.

 

 

Latest News