ഗുവാഹത്തി- മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അസമിലേക്ക് വരുന്ന ഇമാമുകളും മറ്റും പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. മദ്രസകളിലേക്ക് വരുന്നവരുടെ രജിസ്‌ട്രേഷന്‍ ഉറപ്പാക്കാനായി സംസ്ഥാനത്ത് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു നടപ്പാക്കാന്‍ സംസ്ഥാനത്തെ മുസ്്‌ലിം സമുദായത്തില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ നിന്നുള്ളവര്‍ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗ്രാമത്തില്‍ പുതിയ ഏതെങ്കിലും ഇമാം വരികയാണെങ്കില്‍ ഉടന്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. പോലീസിന്റെ സ്ഥിരീകരണം ലഭിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് താമസിക്കാന്‍ പാടുള്ളൂ എന്ന് നടപടി ക്രമങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പുറത്തുനിന്ന് സംസ്ഥാനത്തെ മദ്രസയിലേക്കും പള്ളയിലേക്കും വരുന്ന ഇമാമിനും മറ്റുള്ളവര്‍ക്കുമായാണ് പോര്‍ട്ടല്‍ സ്ഥാപിച്ചിരിക്കുന്നത്. അസമില്‍ നിന്നുള്ളവര്‍ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
പുറത്തുനിന്നുള്ളവര്‍ നിര്‍ബന്ധമായും പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് മുഖ്യമന്ത്രി ശര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു,
സാങ്കേതിക വിദഗ്ധരായ വിദേശ ഭീകരര്‍ സംസ്ഥാനത്തെ ഒരു ഇസ്ലാമിക കേന്ദ്രമാക്കി മാറ്റുമെന്ന് അഞ്ച് ബംഗ്ലാദേശി ഭീകരരെ അറസ്റ്റ് ചെയ്തിനു പിന്നാലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ രജിസ്‌ട്രേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിദേശ ഭീകരര്‍ താവളമുറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം ഘടകങ്ങളെ പിടികൂടാന്‍ മുസ്ലിംകളില്‍നിന്ന് സഹായം തേടുകയാണെന്നും പറഞ്ഞു.
മാസങ്ങള്‍ക്കുമുമ്പ് സംസ്ഥാന സര്‍ക്കാര്‍ 800ലധികം മദ്രസകള്‍ അടച്ചുപൂട്ടി റഗുലര്‍ സ്‌കൂളുകളാക്കി മാറ്റിയിരുന്നു. അസമില്‍ 1500ലധികം മദ്രസകളുണ്ടെന്നും അവ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധ്യാപകരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.