ന്യൂദല്‍ഹി- മാതാവുമായുള്ള അവിഹിതബന്ധം നേരില്‍ കണ്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മുഖം വികൃതമാക്കിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
റിസ്വാന് എന്ന ബാദുഷയെയാണ് അറസ്റ്റ് ചെയ്തതെന്ന് ദല്‍ഹി ഡി.സി.പി ശ്വേതാ ചൗഹാന് പറഞ്ഞു. പ്രതിക്ക് പെണ്‍കുട്ടിയുടെ അമ്മയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധം പെണ്‍കുട്ടി നേരില്‍ കണ്ടതാണ് പ്രതിയെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത്.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തങ്ങളുടെ ബന്ധം പെണ്‍കുട്ടി പുറത്തുപറയുമെന്ന് ഭയന്നാണ് പെണ്‍കുട്ടിയെ ഇല്ലാതാക്കിയതെന്ന് ഇയാള്‍ പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മുഖം വികൃതമാക്കിയാണ് ഒളിപ്പിച്ചിരുന്നത്.
പെണ്‍കുട്ടിയുടെ മാതാവിനെ കാണാന്‍ കശാപ്പു ജോലിക്കാരനായ പ്രതി റിസ്വാന് ഇടക്കിടെ വീട്ടിലെത്തുമായിരുന്നു. ഓഗസ്റ്റ് നാലിന് രാത്രിയാണ് കൊലപാതകം നടന്നത്. മൃതദേഹം കഴിഞ്ഞ 18നാണ് കണ്ടെത്തിയത്. 50 പോലീസുകാര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയതെന്ന് ഡി.സി.പി പറഞ്ഞു. കുടുംബാംഗങ്ങള്ക്കുപുറമെ, പ്രദേശത്തെ മിക്ക ആളുകളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഒടുവില്‍ ഒരാളില്‍നിന്ന് റിസ് വാനെ കുറിച്ചുള്ള സൂചന ലഭിച്ചതാണ് അന്വേഷണത്തിനു തുമ്പായത്. ഇയാളെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഡി.സി.പി പറഞ്ഞു.






