Sorry, you need to enable JavaScript to visit this website.

വെൽഫെയർ പാർട്ടി പാർലമെൻറ് മാർച്ച് നടത്തി

'എല്ലാവരുടേതുമാണ് ഇന്ത്യ' എന്ന മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി നടത്തിയ പാർലമെന്റ് മാർച്ചിനെ തുടർന്ന് നടന്ന സമ്മേളനം ദേശീയ പ്രസിഡന്റ് ഡോ. എസ്.ക്യൂ.ആർ. ഇല്യാസ് ഉദ്ഘാടനം ചെയ്യുന്നു.

ന്യൂദൽഹി - രാജ്യത്തെങ്ങും ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങൾ ആർ.എസ്.എസ് ഭീകര ഭരണത്തെ തകർക്കുമെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ്.ക്യു.ആർ. ഇല്യാസ്.വെൽഫെയർ പാർട്ടി ദേശീയ പ്രക്ഷോഭത്തോടനുബന്ധിച്ച് നടന്ന പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഡി സർക്കാർ രാജ്യത്തെ കോർപറേറ്റുകൾക്ക് അടിയറ വെക്കുകയാണ്. ഒരു വശത്ത് പശുവിന്റെ പേരിൽ ദളിതരെയും മുസ്‌ലിംകളെയും സംഘ്പരിവാർ കൊല നടത്തുന്നു.വംശീയ ഉന്മൂലനത്തിനും വർഗീയ വിരോധം തീർക്കാനും പിഞ്ചുകുഞ്ഞുങ്ങളെപ്പോലും ബലാത്സംഗം ചെയ്യുന്ന കരാളതയെ ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നു.
കർഷകർ കടക്കെണിയിൽ മുങ്ങുമ്പോൾ നീരവ് മോഡിയും വിജയ് മല്യയുമടക്കം നിരവധി കോർപറേറ്റ് രാജാക്കന്മാർ ലക്ഷക്കണക്കിന് കോടി രൂപ കടമെടുത്ത് രാജ്യം വിടുന്നു.ഇനിയും ഈ ഭരണം തുടർന്നാൽ അത് ഇന്ത്യയുടെ അന്ത്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംഘ്പരിവാർ ആൾക്കൂട്ടം തല്ലിക്കൊന്ന ജുനൈദിൻെറ കുടുംബാംഗങ്ങൾ അടക്കം ആർ.എസ്.എസ് ഭീകരതയുടെ ഇരകളായ നിരവധി പേരും പാർലമെൻറ് മാർച്ചിൽ അണിനിരന്നു. 'മകന് സർക്കാരിൽനിന്ന് എന്താണ് വാങ്ങിത്തരേണ്ടതെന്ന് ചോദിച്ച് പലരും തന്നെ സമീപിക്കാറുണ്ട്, എന്നാൽ, മകന് നീതി മാത്രം വാങ്ങിത്തന്നാൽ മതിയെന്നാണ് താൻ പറയാറെന്ന്' മാർച്ചിൽ സംസാരിച്ച ജുനൈദിന്റെ മാതാവ് സൈറ പറഞ്ഞു. 
ഏപ്രിൽ ഒന്നു മുതൽ ആരംഭിച്ച ദേശീയ പ്രക്ഷോഭത്തിൻെറ ഭാഗമായി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചത്.മണ്ഡി ഹൗസിൽനിന്നും ആരംഭിച്ച ആയിരങ്ങളുടെ മാർച്ച് പാർലമെന്റ് സ്ട്രീറ്റിൽ പൊലീസ് തടഞ്ഞു. 
തുടർന്ന് നടന്ന പൊതുസമ്മേളനത്തെ ദളിത് ബഹുജൻ അലയൻസ് പ്രസിഡന്റ് ഡോ. സുരേഷ് മാനേ, രാം പുനിയാനി, ഐ.എൻ.എൽ പ്രസിഡൻറ് പ്രൊഫ. മുഹമ്മദ് സുലൈമാൻ, ദളിത് ആക്ടിവിസ്റ്റ് ജി.കെ. ഗൗതം, സോഷ്യലിസ്റ്റ് പാർട്ടി ദേശീയ പ്രസിഡന്റ് ഡോ. പ്രേം സിങ്, വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി. ഹംസ, സെക്രട്ടറിമാരായ കെ. അംബുജാക്ഷൻ, സുബ്രഹ്മണി അറുമുഖം, ഷീമ മുഹ്‌സിൻ, പാർട്ടി നേതാക്കളായ ഹമീദ് വാണിയമ്പലം, സിറാജ് താലിബ്, റാഷിദ് ഹുസൈൻ തുടങ്ങിയവർ അഭിസംബോധന ചെയ്തു.

 

Latest News