മോഷണ മുതലില്‍ കുറച്ചുനല്‍കി പാവങ്ങളെ പാട്ടിലാക്കിയ കവര്‍ച്ചാ തലവന്‍ പിടിയില്‍

ന്യൂദല്‍ഹി- തലസ്ഥാനത്ത് സമ്പന്നരുടെ വസതികളില്‍ കവര്‍ച്ച നടത്തി കുറച്ചുഭാഗം പാവങ്ങള്‍ക്ക് നല്‍കിയിരുന്ന സംഘത്തിന്റെ തലവനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ലംബു എന്നുവിളിക്കുന്ന വസീം അക്രമാണ് (27) പിടിയിലായത്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം സമ്പന്നര്‍ താമസിക്കുന്ന പ്രദേശങ്ങളിലാണ് കവര്‍ച്ച നടത്താറുള്ളതെന്ന് പോലീസ് പറഞ്ഞു.

വീടുകളില്‍നിന്ന് പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സംഘം ചെറിയ ഭാഗം പാവങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്ന് പറഞ്ഞു. പാവങ്ങളെ പരിഗണിക്കുന്ന കള്ളനായതിനാല്‍ ഇയാള്‍ക്ക് പ്രദേശത്ത് നിരവധി അനുയായികളെ ലഭിച്ചു. പ്രദേശത്തുള്ളവര്‍ യഥാസമയം വിവരം നല്‍കുന്നതുകാരണം ഇയാള്‍ക്ക് പോലീസിന്റെ പിടിയില്‍ പെടാതെ രക്ഷപ്പെടാനും സാധിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന അക്രമിനെ പിടകൂടാന്‍ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് നാല് മാസമായി ശ്രമിച്ചുവരികയായിരുന്നു. കവര്‍ച്ചയും വധശ്രമവും ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ 160 കേസുകളുണ്ട്.
പോലീസ് ഇന്‍സ്‌പെക്ടര്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ കെണിയൊരുക്കി ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനും സമീപം വെച്ചാണ് പിടികൂടിയത്. അറസ്റ്റിലായ സമയത്ത് തോക്കും വെടിയുണ്ടകളും ഇയാളില്‍നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

 

Latest News