Sorry, you need to enable JavaScript to visit this website.

ഓഹരി ഇൻഡക്‌സുകൾ തുടർച്ചയായ അഞ്ചാം വാരവും തിളങ്ങി

ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ തുടർച്ചയായ അഞ്ചാം വാരവും തിളങ്ങിയതോടെ 21 മാസങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ ബുൾ റാലിയിലേക്ക് വിപണി പ്രവേശിച്ചു. വിദേശ ഫണ്ടുകൾ ഓഹരികൾ വാരിക്കൂട്ടാൻ ഉത്സാഹിച്ചതാണ് വിപണിയുടെ അടിയൊഴുക്കിൽ മാറ്റം സൃഷ്ടിച്ചത്. ചുരുങ്ങിയ ആഴ്ചയിൽ പത്ത് ശതമാനം തിളക്കം ഇന്ത്യൻ ഇൻഡക്‌സുകൾ കാഴ്ചവെച്ചത് പ്രാദേശിക ഇടപാടുകാരെയും ആകർഷിച്ചു. സെൻസെക്‌സ് 184 പോയന്റും നിഫ്റ്റി സൂചിക 60 പോയന്റും പ്രതിവാര നേട്ടത്തിലാണ്. 
ബുള്ളിഷ് ട്രെന്റ് തുടരുമെങ്കിലും സാങ്കേതികമായി ഡെയ്‌ലി, വീക്കിലി ചാർട്ടുകളിൽ നിഫ്റ്റി ഓവർ ബ്രോട്ടായതിനാൽ തിരുത്തൽ സംഭവിക്കുമെന്നത് ശരിവെച്ച് വെള്ളിയാഴ്ച ശക്തമായ വിൽപന സമ്മർദമുണ്ടായി. വാരാന്ത്യ ദിനത്തിൽ നിഫ്റ്റി 200 പോയന്റും സെൻസെക്‌സ് 650 പോയന്റും ഇടിഞ്ഞു. ഇന്ത്യൻ മാർക്കറ്റ് തിങ്കളാഴ്ച അവധിയായിരുന്നു. ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങിയതിനാൽ വ്യാഴാഴ്ചയാണ് വിദേശ ഫണ്ടുകൾ ലാഭമെടുപ്പിന് തെരഞ്ഞടുത്തത്. ഓഗസ്റ്റിൽ ആദ്യമായാണ് അവർ പ്രോഫിറ്റ് ബുക്കിങ് നടത്തിയത്.  
നിഫ്റ്റി 17,698 ൽ നിന്നും മികവോടെയാണ്  ഇടപാടുകൾ തുടങ്ങിയത്. മുൻവാരം സൂചിപ്പിച്ച പോലെ വിദേശ ഓപറേറ്റർമാരുടെ കരുത്തിൽ നിഫ്റ്റി 17,827 ലെയും 17,956 ലെയും പ്രതിരോധങ്ങൾ തകർത്ത് 17,992 പോയന്റ് വരെ കയറിയെങ്കിലും മാർക്കറ്റ് ക്ലോസിങിൽ സൂചിക 17,758 പോയന്റിലാണ്. സൂചിക ഈ വാരം 17,930 ലെ ആദ്യ പ്രതിരോധം മറികടന്നാൽ 18,102 വരെ മുന്നേറാം. വിപണിയുടെ ആദ്യ താങ്ങ് 17,648 പോയന്റിലാണ്. ഇത് നഷ്ടപ്പെട്ടാൽ തിരുത്തൽ 17,538 വരെ തുടരാം. സാങ്കേതികമായി വീക്ഷിച്ചാൽ ഒരു പുൾ ബാക്ക് റാലിക്കുള്ള ഒരുക്കത്തിലാണ് എംഎസിഡി. അതേ സമയം സൂപ്പർ ട്രെന്റ്, പാരാബോളിക് എസ്എആർ തുടങ്ങിയവ ബുള്ളിഷാണ്.
സിംഗപ്പൂർ നിഫ്റ്റി ഫ്യൂചർ ദുർബലമായി. ഇന്ത്യൻ വിപണിയെ അപേക്ഷിച്ച് കൃത്യം 100 പോയന്റ് താഴ്ന്ന് 17,658 ൽ സിംഗപ്പൂർ നിഫ്റ്റി ക്ലോസിങ് നടന്നതിനാൽ ഇന്ന് ഇടിവോടെ ബോംബെ മാർക്കറ്റ് ഓപൺ ചെയ്യാനാണ് സാധ്യത.  വ്യാഴാഴ്ച ഓഗസ്റ്റ് സീരീസ് സെറ്റിൽമെന്റായതിനാൽ വൻ ചാഞ്ചാട്ടത്തിന് ഇടയുണ്ട്.   
സെൻസെക്‌സ് മുൻ വാരത്തിലെ 59,462 ൽ നിന്നും 60,411 പോയന്റ് വരെ കയറി. കഴിഞ്ഞ വാരം സൂചിപ്പിച്ച 59,904-60,347 മേഖലയിലെ പ്രതിരോധങ്ങൾ തകർത്തങ്കിലും വ്യാപാരാന്ത്യം ഇവക്ക് മുകളിൽ പിടിച്ചുനിൽക്കാനായില്ല. ഇത് ദുർബലാവസ്ഥക്ക് ഇടയാക്കാം. ക്ലോസിങ് നടക്കുമ്പോൾ സെൻസെക്‌സ് 59,646 പോയന്റിലാണ്. ഈ വാരം 60,213-60,780 റേഞ്ചിൽ പ്രതിരോധവും 59,276-58,906 ൽ താങ്ങുമുണ്ട്.  
മുൻനിര ഓഹരികളായ എൽ ആന്റ് റ്റി, ടെക് മഹീന്ദ്ര, എയർടെൽ, എച്ച് യു എൽ, ഐ റ്റി സി, മാരുതി, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ഇൻഫോസീസ് തുടങ്ങിയവയിൽ നിക്ഷേപകർ താൽപര്യം കാണിച്ചു. അതേ സമയം ലാഭമെടുപ്പും വിൽപന സമ്മർദവും മൂലം ടാറ്റ സ്റ്റീൽ, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, എം ആന്റ് എം, ഇൻഡസ് ബാങ്ക്, സൺ ഫാർമ, വിപ്രോ, ആർ ഐ എൽ തുടങ്ങിയവക്ക് തളർച്ച.
ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 79.63 ൽ നിന്നും 79.43 ലേയ്ക്ക് കരുത്ത് നേടി. വിദേശ ഫണ്ടുകൾ മൊത്തം 1700 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേ സമയം കഴിഞ്ഞ വാരം അവർ 4835 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിൽ വില ആറ് മാസത്തെ താഴ്ന്ന വിലയായ ബാരലിന് 91 ഡോളറിലാണ്. ഇന്ത്യൻ കമ്പനികൾ വീണ്ടും സൗദി അറേബ്യയിലേക്ക് തിരിഞ്ഞത് വിപണി ചൂടുപിടിക്കാൻ ഇടയാക്കാം. ജൂലൈയിൽ സൗദിയിൽ നിന്നുള്ള ക്രൂഡ് വരവ് ഇറക്കുമതി  ഇരുപത്തഞ്ച് ശതമാനം ഉയർന്നു. റഷ്യൻ എണ്ണയിൽ നിന്നുള്ള ഇന്ത്യയുടെ ചുവടുമാറ്റം സൗദിയുടെ സമ്പദ്ഘടനക്ക് ഊർജം പകരാം.  
  

Latest News