ജിദ്ദ - ചേരിവികസന പദ്ധതിയുടെ ഭാഗമായി ജിദ്ദ അൽമുൻതസഹാത് ഡിസ്ട്രിക്ടിൽ കെട്ടിടം പൊളിക്കൽ ജോലികൾ ആരംഭിച്ചു. കെട്ടിടങ്ങൾ ഒഴിയാൻ ആവശ്യപ്പെട്ട് നേരത്തെ ഇവിടുത്തെ നിവാസികൾക്ക് നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് പ്രകാരമുള്ള സാവകാശം അവസാനിച്ചതിനെ തുടർന്നാണ് ഇന്നലെ മുതൽ കെട്ടിടം പൊളിക്കൽ ജോലികൾ ആരംഭിച്ചത്.
ചേരിവികസന പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കുന്ന സൗദി കുടുംബങ്ങൾക്ക് ചേരിവികസന കമ്മിറ്റി ആസ്ഥാനം വഴിയും ജിദ്ദ നഗരസഭ വെബ്‌സൈറ്റ് വഴിയും സേവനങ്ങൾ നൽകുന്നത് തുടരുന്നതായി ചേരിവികസന കമ്മിറ്റി പറഞ്ഞു. വീട്ടുപകരണങ്ങൾ സൗജന്യമായി നീക്കം ചെയ്യൽ, ഭക്ഷ്യകിറ്റ് വിതരണം, ശാശ്വത പാർപ്പിട സൗകര്യം, നഷ്ട പരിഹാര വിതരണം പൂർത്തിയാകുന്നതു വരെ താൽക്കാലിക താമസ സൗകര്യം, നഷ്ടപരിഹാരത്തിന് അപേക്ഷകൾ സമർപ്പിക്കാനുള്ള സഹായങ്ങൾ എന്നിവ അടക്കമുള്ള സേവനങ്ങളാണ് കുടിയൊഴിപ്പിക്കുന്നവർക്ക് നൽകുന്നത്.
അൽമുൻതസഹാത് ഡിസ്ട്രിക്ടിൽ കെട്ടിടം പൊളിക്കൽ ആരംഭിച്ചതോടെ ജിദ്ദയിൽ ചേരിവികസന പദ്ധതിയുടെ ഭാഗമായി കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുനീക്കുകയോ പൊളിക്കൽ ജോലികൾ പുരോഗമിക്കുകയോ ചെയ്യുന്ന ഡിസ്ട്രിക്ടുകളുടെ എണ്ണം 29 ആയി. ഇനി മൂന്നു ഡിസ്ട്രിക്ടുകളിൽ കൂടിയാണ് പൊളിക്കൽ ജോലികൾ ആരംഭിക്കാനുള്ളത്. നഷ്ടപരിഹാര വിതരണ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ചേരിപ്രദേശങ്ങളിൽ നിന്ന് കുടിയൊഴിപ്പിച്ചവരോട് ചേരിവികസന കമ്മിറ്റി ആവശ്യപ്പെട്ടു.






