ന്യൂദല്‍ഹി- ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈനെതിരായ 2018 ലെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും റദ്ദാക്കി സുപ്രീം കോടതി. തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുളള ദല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഷാനവാസ് ഹുസൈന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
വിഷയം പരിഗണിക്കേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാക്കിയാണ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടുന്നതെന്ന് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് പറഞ്ഞു. അടുത്ത മാസം കേസില്‍ വാദം കേള്‍ക്കും.
അതേസമയം, പ്രതിക്കുവേണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് ആരോപിക്കുന്ന പരാതിക്കാരിക്ക് പോലീസില്‍നിന്ന് സംരക്ഷണം തേടാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അന്വേഷണത്തിനുള്ള ഏക മാര്‍ഗം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്ന ധാരണയിലാണ് ഹൈക്കോടതി ഉത്തരവിട്ടതെന്ന് ഷാനവാസ് ഹുസൈനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകള്‍ റോഹ്തഗി വാദിച്ചു. ഉന്നത നേതാക്കള്‍ക്കെതിരെ ഇതുപോലെ ആരോപണം ഉന്നയിച്ച് ആര്‍ക്കും അവരുടെ പ്രതിഛായ തകര്‍ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






