കണ്ണൂർ- മട്ടന്നൂർ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുൻ മന്ത്രിയും എം.എൽ.എയുമായ കെ.കെ ശൈലജ ടീച്ചറുടെ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോറ്റുവെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ, വൻ ഭൂരിപക്ഷത്തിനാണ് ഈ വാർഡിൽ സി.പി.എം സ്ഥാനാർത്ഥി ജയിച്ചത്. ശൈലജ ടീച്ചറുടെ വീട് ഉൾക്കൊള്ളുന്ന ഇടവേലിക്കൽ എന്ന പതിനഞ്ചാം വാർഡിൽ ജയിച്ചത് സി.പി.എമ്മിലെ കെ. രജത. ആകെ പോൾ ചെയ്ത 780 വോട്ടിൽ 661 വോട്ടും രജത സ്വന്തമാക്കി. കോൺഗ്രസിലെ ടി.വി രത്‌നാവതി 81 ഉം എൻ. ഇന്ദിര 38ഉം വോട്ടുകളാണ് നേടിയത്. 580 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. യു.ഡി.എഫ് മിന്നുന്ന പ്രകടനമാണ് ഇവിടെ പുറത്തെടുത്തത്. 35 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 21 സീറ്റുകൾ എൽ.ഡി.എഫിന് ലഭിച്ചു. 14 സീറ്റ് യു.ഡി.എഫിനും. കഴിഞ്ഞ തവണ ഏഴു സീറ്റുകളിലായിരുന്നു യുഡിഎഫിന് നേടാനായിരുന്നത്. അതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിലും യു.ഡി.എഫ് 14 സീറ്റുകൾ സ്വന്തമാക്കിയിരുന്നു.
മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഒന്നര വർഷം പിന്നിടുമ്പോഴാണ് മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തിയതുമായി ബന്ധപ്പെട്ട തർക്കവും കേസുകളുമാണ് തദ്ദേശ പൊതുതിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാതിരിക്കാൻ കാരണം.